കര്‍ഷകര്‍ മോദിയുടെ മനസില്‍ നിന്നും പുറത്ത്; മന്‍ കിബാത്തില്‍ കര്‍ഷക സമരത്തെ കുറിച്ച് പരാമര്‍ശമില്ല; പാത്രം കൊട്ടി പ്രതിഷേധിച്ച് കര്‍ഷകര്‍; ഓരോ പ്രതിസന്ധിയും ഓരോ പാഠം പഠിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി

ഈ വര്‍ഷത്തെ അവസാന മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ഷകരെയും കര്‍ഷക സമരത്തെയും ഒഴിവാക്കി. കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രവും കര്‍ഷകരും തമ്മില്‍ ചര്‍ച്ച നടക്കാനിരിക്കെ കര്‍ഷക സമരത്തെക്കുറിച്ചും കാര്‍ഷിക നിയമത്തെക്കുറിച്ചും പരാമര്‍ശിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ഓരോപ്രതിസന്ധിയും ഓരോ പാഠം പഠിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനതാ കര്‍ഫ്യൂവിനെ എല്ലാവരും അഭിനനന്ദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്.
പുതുവര്‍ഷത്തില്‍ രോഗ സൗഖ്യത്തിനാവും പ്രാമുഖ്യം നല്‍കുക എന്നും അദ്ദേഹം പറഞ്ഞു. 'രാജ്യത്തിന്റെ കൂട്ടായ ശക്തിയും ഐക്യവും ആളുകള്‍ വിലമതിച്ചിട്ടുണ്ട്. ജനതാകര്‍ഫ്യൂവിനെ ലോകം പ്രശംസിച്ചതാണ്. 2020ല്‍ ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ ആത്മാവ് ഞങ്ങള്‍ കണ്ടു. പുതിയ വര്‍ഷം നല്ലൊരു മാതൃകയുമായി തുടങ്ങണം. പുതുവര്‍ഷത്തില്‍ സ്വദേശി ഉത്പന്നങ്ങള്‍ മാത്രമേ വാങ്ങൂ എന്നത് മുദ്രവാക്യമായി ഉയര്‍ത്തണം. സ്വാശ്രയത്വമാകണം പുതുവത്സര പ്രതിജ്ഞ.
ഉത്പന്നങ്ങള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നതാണെന്ന് നിര്‍മ്മാതാക്കളും ഉറപ്പുവരുത്തണം. പുതുവര്‍ഷത്തെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്ന് സിംഗിള്‍ യൂസ് പ്‌ളാസ്റ്റിക്കിന്റെ വിപത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുക എന്നതാണ്. രാജ്യത്തെ കാടുകളില്‍ പുളളിപ്പുലികളുടെയും കടുവകളുടെയും സിംഹങ്ങളുടെയും എണ്ണം കൂടിയിട്ടുണ്ട്. ഇത് സര്‍ക്കാര്‍ ശ്രമങ്ങള്‍ കൊണ്ടല്ല. മറിച്ച് ഇവയെ സംരക്ഷിക്കാന്‍ നിരവധി ആളുകള്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമാണത്. ആ ശ്രമങ്ങളെല്ലാം അഭിനന്ദനാര്‍ഹമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, മന്‍ കി ബാത് പ്രസംഗം കര്‍ഷകര്‍ ബഹിഷ്‌ക്കരിച്ചു. പ്രധാനമന്ത്രി സംസാരിക്കുമ്പോള്‍ കര്‍ഷകര്‍ പാത്രങ്ങള്‍ അടിച്ച് ശബ്ദമുണ്ടാക്കുകയായിരുന്നു. കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. കര്‍ഷക സമരം ഇന്ന് മുപ്പത്തിരണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.
നേരത്തേ സര്‍ക്കാരുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒന്നും തീരുമാനമായില്ല. കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ റദ്ദാക്കുന്നതിനുളള നടപടികള്‍, താങ്ങുവില രേഖാമൂലം ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥ, വായുമലിനീകരണ ഓര്‍ഡിനന്‍സിന്റെ ഭേദഗതികള്‍, വൈദ്യുതി ഭേദഗതി ബില്ലിന്റെ കരടില്‍ ആവശ്യമായ മാറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ നാളത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്നാണ് കര്‍ഷകരുടെ നിലപാട്.
https://www.facebook.com/Malayalivartha

























