ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍; ഇന്ത്യ ഒരുങ്ങി; എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി; 19 കേന്ദ്രമന്ത്രിമാര്‍ക്കാണ് വിതരണത്തിന്റെ ചുമതല; ജനുവരി 2 മുതല്‍ എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍

ഇന്ത്യയില്‍ നടക്കാന്‍ പോകുന്നത് ലോകത്തെ ഏറ്റവും വലിയ കോവിഡ് പ്രതിരോധ കുത്തിവെപ്പ് പദ്ധതി. അതാനായി രാജ്യം തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഗുജറാത്തിലെ രാജ്കോട്ടില്‍ എയിംസിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷം ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്ക് രാജ്യം തയ്യാറെടുക്കുകയാണ്. വിതരണത്തിനുളള തയ്യാറെടുപ്പ് അന്തിമഘട്ടത്തിലാണെന്നും അടുത്തവര്‍ഷം അവസാനത്തോടെ എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കുമെന്നും മോദി പറഞ്ഞു.
19 കേന്ദ്രമന്ത്രിമാര്‍ക്കാണ് വിതരണത്തിന്റെ ചുമതല. വാക്സിന്‍ ഉപയോഗത്തിനുളള അപേക്ഷകള്‍ പരിശോധിക്കാന്‍ സെന്റര്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്റൈ വിദഗ്ധ സമിതി നാളെ യോഗം ചേരും. കോവിഷീല്‍ഡ് കോവാക്സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത്ബയോടെക്കും സമര്‍പ്പിച്ച ക്ലിനിക്കല്‍ ട്രയല്‍ റിപ്പോര്‍ട്ടും സമിതി പരിശോധിക്കും. സ്വാസ്ഥ്യമാണ് സമ്പത്ത്. 2020 നമ്മെ ഇക്കാര്യം വളരെ നന്നായി പഠിപ്പിച്ചതാണ്. ആഗോള ആരോഗ്യരംഗത്ത് ഇന്ത്യ ഒരു കേന്ദ്രമായി മാറിയിരിക്കുകയാണ്. 2021-ല്‍ ആരോഗ്യസംരക്ഷണ മേഖലയില്‍ ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തേണ്ടതുണ്ട്. മരുന്നും മുന്‍കരുതലുമായിരിക്കണം 2021-ലെ നമ്മുടെ മന്ത്രമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വാക്സിനേഷന്‍ പദ്ധതിയുമായി ബദ്ധപ്പെട്ട് ഉയരുന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. 'നമ്മുടെ രാജ്യത്ത് അഭ്യൂഹങ്ങള്‍ വളരെ വേഗത്തിലാണ് പടരുന്നത്. വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി പലയാളുകളും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണ്. വാക്സിനേഷന്‍ ആരംഭിക്കുന്നത് വരെ ഇത്തരം അഭ്യൂഹങ്ങള്‍ ഉയര്‍ന്നേക്കാം. ചിലത് ഇതിനകം പ്രചരിച്ച് തുടങ്ങിക്കഴിഞ്ഞു. കോവിഡിനെതിരായ പോരാട്ടം അജ്ഞാനായ ഒരു ശത്രുവിനോടുളള പോരാട്ടമാണ്. ഉത്തരവാദിത്തബോധമുളള പൗരന്മാര്‍ എന്ന നിലയ്ക്ക് ഇത്തരം അഭ്യൂഹങ്ങളില്‍ ശ്രദ്ധ പതിപ്പിക്കണം.' പരിശോധിക്കാതെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ജനങ്ങളെ ഓര്‍മപ്പെടുത്തി.
അതിനിടെ ജനുവരി 2 മുതല്‍ എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍ നടക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വക്താക്കള്‍ വ്യക്തമാക്കി. വ്യാഴാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നേരത്തെ നാല് സംസ്ഥാനങ്ങളില്‍ രണ്ട് ദിവസത്തെ ഡ്രൈ റണ്‍ വിജയകരമായി സംഘടിപ്പിച്ചിരുന്നു. ആന്ധ്ര പ്രദേശിലെ കൃഷ്ണ, ഗുജറാത്തിലെ രാജ്കോട്ട്, ഗാന്ധി നഗര്‍, ലുധിയാന, പഞ്ചാബിലെ ഷഹീദ് ഭഗത് സിംഗ് നഗര്‍ (നവന്‍ഷഹര്‍), അസമിലെ സോണിത്പുര്‍, നല്‍ബാരി എന്നീ ജില്ലകളിലാണ് രണ്ട് ദിവസത്തെ ഡ്രൈ റണ്‍ നടത്തിയത്.
തുടര്‍ന്ന് സംസ്ഥാന-ജില്ല പ്രോഗ്രാം ഓഫീസര്‍മാരുമായി ചേര്‍ന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി അവലോകന യോഗം നടത്തിയിരുന്നു. ഡ്രൈറണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി വ്യക്തമായതിനെ തുടര്‍ന്നാണ് എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈറണ്‍ സംഘടിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
സാങ്കേതികതയുടെ സഹായത്തോടെ കോവിഡ് വാക്സിന്‍ വിതരണ സംവിധാനം സജ്ജമാക്കല്‍, വിവരങ്ങള്‍ അപ്ലോഡ് ചെയ്യല്‍, ജില്ലകളില്‍ വാക്സിനുകള്‍ സ്വീകരിക്കുന്നതും വാക്സിനേഷന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, വാക്സിനേഷന്‍ ടീമിനെ വിന്യസിക്കല്‍, സെഷന്‍ സൈറ്റില്‍ സാധനങ്ങള്‍ എത്തിക്കല്‍, വാക്സിനേഷന്‍ നടത്തുന്നതിന്റെ മോക്ക് ഡ്രില്‍, ബ്ലോക്ക്-ജില്ല-സംസ്ഥാന തല യോഗങ്ങളിലെ റിപ്പോര്‍ട്ടിങ്, അവലോകനം എന്നിവയെല്ലാം ഡ്രൈ റണ്ണില്‍ ഉള്‍പ്പെടുന്നു.
https://www.facebook.com/Malayalivartha

























