രാജസ്ഥാനില്‍ വീണ്ടും പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചു; പ്രദേശത്ത് അന്‍പതോളം കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തി; പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം

രാജസ്ഥാനില്‍ വീണ്ടും പക്ഷിപ്പനി ബാധ. ജല്‍വാര്‍ ടൗണിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. പക്ഷിപ്പനി ബാധയെ തുടര്‍ന്ന് പ്രദേശത്ത് അന്‍പതോളം കാക്കകള്‍ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ജോദ്പൂരിലും സമാനമായി പക്ഷികളെ ചത്ത നിലയില്‍ കണ്ടെത്തി. തുടര്‍ന്നാണ് പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.
ദുരിതബാധിത പ്രദേശം ശുചീകരിക്കണമെന്ന് ജല്‍വാര്‍ ജില്ലാ കളക്ടര്‍ നഖ്യാ ഗൊഹൈന്‍ അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ ശേഷം കോഴി കടകള്‍ അടയ്ക്കണമെന്നും ജില്ലാ കളക്ടര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൊതുജനാരോഗ്യം കണക്കിലെടുത്താണ് പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.
ഡിസംബര്‍ 25 ന് ജല്‍വാര്‍ പട്ടണത്തിലെ റാഡി കെ ബാലാജി ക്ഷേത്രത്തില്‍ 50 ഓളം കാക്കകള്‍ ചത്തിരുന്നു. തുടര്‍ന്ന് വന്യജീവി വകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി പ്രദേശം പരിശോധിച്ച് ആനന്ദ് നഗറിലെ ദേശീയ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയിലേക്ക് സാമ്ബിളുകള്‍ അയച്ചിരുന്നു. പരിശോധനയില്‍ ഏവിയന്‍ ഇന്‍ഫ്‌ലുവെന്‍സയാണ് കാക്കകളുടെ മരണത്തിന് കാരണമായതെന്ന് കണ്ടെത്തിയതായും കളക്ടര്‍ അറിയിച്ചു.
പക്ഷിപ്പനി തടയാന്‍ ഒരു ഫാസ്റ്റ് ആക്ഷന്‍ ടീമും രൂപീകരിച്ചു. ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, ഡെപ്യൂട്ടി എസ്പി, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, ചീഫ് മെഡിക്കല്‍, ഹെല്‍ത്ത് ഓഫീസര്‍, ജല്‍വാര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ കമ്മീഷണര്‍ എന്നിവരടങ്ങുന്നതാണ് സംഘം.
ഇന്‍ഫ്‌ലുവന്‍സ ആക്ഷന്‍ പ്ലാന്‍ 2015 പാലിക്കുമെന്ന് ആക്ഷന്‍ ടീം ഉറപ്പുവരുത്തും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജോധ്പൂര്‍ നഗരത്തിലും കാക്കകളുടെ കൂട്ട മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha

























