16 കാരിയെ വിവാഹം കഴിച്ച് 56 കാരന്‍; അതും മലയാളി; 2.50 ലക്ഷം രൂപ ബന്ധുകള്‍ക്ക് നല്‍കി; സംഭവം ഹൈദരാബാദില്‍; പെണ്‍കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി; പോക്‌സോ നിയമപ്രകാരവും പീഡനത്തിനും കേസെടുത്തു; പ്രതി മുങ്ങി

അന്‍പത്തിയാറുക്കാരന്‍ വിവാഹം ചെയ്ത് പതിനാറുകാരിയെ. സംഭവം ഹൈദരാബാദിലാണെങ്കിലും പ്രതി മലയാളിയാണ്. കേരളത്തില്‍നിന്നുള്ള അബ്ദുള്‍ ലത്തീഫ് പറമ്പന്‍ എന്നയാളാണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചതെന്നാണ് പോലീസ് പറയുന്നത്. ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി 56-കാരനെ വിവാഹം കഴിക്കേണ്ടിവന്ന 16-കാരിയെ പിന്നീട് ഹൈദരാബാദ് പോലീസ് എത്തിയാണ് മോചിപ്പിച്ചത്.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുവായ യുവതി ഉള്‍പ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ ബന്ധുവായ ഹൂറുന്നിസയാണ് വിവാഹം നടത്താന്‍ മുന്‍കൈയെടുത്തത്. 2.5 ലക്ഷം രൂപയാണ് ഇവര്‍ അബ്ദുള്‍ ലത്തീഫില്‍നിന്ന് കൈക്കലാക്കിയത്. ഇതില്‍ 1.5 ലക്ഷം രൂപ ഹൂറുന്നിസ സ്വന്തമാക്കി. ബാക്കി തുക ഇടനിലക്കാരായ അബ്ദുള്‍ റഹ്മാനും വസീം ഖാനും വിവാഹത്തിന് കാര്‍മികത്വം വഹിച്ച മതപുരോഹിതനായ മുഹമ്മദ് ബദിയുദ്ദീന്‍ ഖാദിരിക്കും വീതിച്ചുനല്‍കി. ഇവര്‍ നാല് പേരടക്കം ആറ് പേരെയാണ് നിലവില്‍ പിടികൂടിയിട്ടുള്ളതെന്നാണ് പോലീസ് നല്‍കുന്നവിവരം.
അതേസമയം, പെണ്‍കുട്ടിയെ വിവാഹം കഴിച്ച അബ്ദുള്‍ ലത്തീഫ് പറമ്പനെ ഇതുവരെ പോലീസിന് പിടികൂടാനായിട്ടില്ല. ശൈശവ വിവാഹ നിരോധന നിയമത്തിന് പുറമേ പോക്‌സോ നിയമപ്രകാരവും പീഡനത്തിനും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ബന്ധുവായ ഹൂറുന്നിസ പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയുടെ രേഖകള്‍ ഉപയോഗിച്ചാണ് വിവാഹം നടത്തിയതെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. അതിനാല്‍ വ്യാജരേഖ ചമച്ചതിനും ഹൂറുന്നിസക്കെതിരേ പോലീസ് കേസെടുത്തു.
16-കാരിയുടെ മാതാവ് നേരത്തെ മരിച്ചിരുന്നു. പിതാവ് കിടപ്പിലുമാണ്. വിവാഹം കഴിഞ്ഞതറിഞ്ഞ പെണ്‍കുട്ടിയുടെ മറ്റൊരു ബന്ധു തന്നെയാണ് സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha

























