മനുഷ്യക്കടത്ത്; തമിഴ്‌നാട്ടിൽ രണ്ട് ശ്രീലങ്കൻ സ്വദേശികൾ പിടിയിൽ, കൊച്ചി മുനമ്പത്ത് കർശന നിയന്ത്രണം

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിൽ. ശ്രീലങ്കൻ സ്വദേശികളായ രണ്ട് പേരാണ് തമിഴ്‌നാട് പൊലീസിന്റെ പിടിയിലായത്.
രാമേശ്വരം മണ്ഡപത്ത് നിന്നാണ് ഇരുവരേയും തൂത്തുക്കുടി കോസ്റ്റൽ പൊലീസ് പിടികൂടിയത്. രണ്ട് പേരെയും കേന്ദ്ര അന്വേഷണ ഏജൻസികളായ ഐബിയും റോയും ചോദ്യം ചെയ്തുവരികയാണ്.
അതേസമയം, കേരള തീരത്തു നിന്ന് ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, കാനഡ എന്നിവിടങ്ങളിലേക്ക് മനുഷ്യക്കടത്തിനു സാധ്യതയെന്ന് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. ഇതിനെത്തുടര്‍ന്ന് പോലീസ് അതി ജാഗ്രതയിലാണ്.
45 അംഗ ശ്രീലങ്കന്‍ സംഘം കേരള തീരത്തു നിന്ന് ഓസ്ട്രേലിയയിലേക്ക് കടക്കാനായി എത്തിയിട്ടുള്ളതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
ഏപ്രില്‍ ആറിന് പുറപ്പെടുമെന്നായിരുന്നു വിവരമെങ്കിലും ഇതുവരെയും ഇങ്ങനെയൊരു യാനം തീരം വിട്ടുപോയിട്ടില്ലന്നാണ് പോലീസിന്റെ നിലവിലെ നിഗമനം.
മുന്‍ എല്‍.ടി.ടി.ഇ.ക്കാരനായ ശ്രീലങ്കയിലെ മുല്ലൈത്തീവ് സ്വദേശി റോഡ്നിയുടെ നേതൃത്വത്തില്‍ സംഘം കേരള തീരത്ത് എത്തിയിട്ടുണ്ടെന്നായിരുന്നു സൂചന.
ചെറായി, മുനമ്പം, പള്ളിപ്പുറം, എടവനക്കാട് മേഖലകളിലെ റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും പരിശോധന നടത്തിയ പോലീസ് ശ്രീലങ്കക്കാരോ ശ്രീലങ്കന്‍ തമിഴ് വംശജരോ എത്തുകയാണെങ്കില്‍ അറിയിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ഇതിനെത്തുടർന്ന് കൊച്ചി മുനമ്പത്ത് പരിശോധന കർശനമാക്കി. തമിഴ്‌നാട്ടിൽ പിടിയിലായവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുനമ്പത്ത് പരിശോധന കർശമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























