വിശ്വാസികളുടെയും ഭാരതത്തിന്റെയും നെഞ്ചത്ത് കയറണ്ട...യൂട്യൂബര്‍ ബ്ല്യൂ സട്ടൈ മാരന്റെ ആദ്യ സംവിധാന സംരംഭമായ 'ആന്റി ഇന്ത്യന്‍' എന്ന ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തി സെന്‍സര്‍ ബോര്‍ഡ്

വിശ്വാസികളുടെയും ഭാരതത്തിന്റെയും നെഞ്ചത്ത് കയറാമെന്ന് കരുതി കച്ചക്കെട്ടി ഇറങ്ങിയ വിവാദ യൂട്യൂബര്‍ ബ്ല്യൂ സട്ടൈ മാരന്റെ ആദ്യ സംവിധാന സംരംഭമായ 'ആന്റി ഇന്ത്യന്‍' എന്ന ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തി സെന്‍സര്‍ ബോര്‍ഡ്.
ദേശീയതയിലും വിശ്വാസത്തിലും തൊട്ടുകളിക്കാനാകില്ല എന്ന് ഉറക്കെ വ്യക്തമാക്കിയിരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്. സിനിമ പൂര്‍ണമായും വിശ്വാസങ്ങളേയും രാഷ്ട്രീയത്തേയും അവഹേളിക്കുന്നതിനാല്‍ പ്രദര്‍ശിപ്പിക്കാനാവില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു.
എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ പുനഃപരിശോധനാ കമ്മിറ്റിയെ സമീപിക്കുമെന്ന് ബ്ലൂ സട്ടൈ മാരന്‍ അറിയിച്ചു. നരേനും രാധാരവിയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. മതവും രാഷ്ട്രീയവും ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം. സെന്‍സര്‍ബോര്‍ഡ് നിരോധിച്ചതിനെ തുടര്‍ന്ന് ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാനുള്ള സാദ്ധ്യതകള്‍ തേടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് താന്‍ സിനിമ സംവിധാനം ചെയ്യുന്നുവെന്ന് ബ്ലൂ സട്ടൈ മാരന്‍ അറിയിച്ചത്. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു. സാധാരണ ഗതിയില്‍ ഏതെങ്കിലും രംഗങ്ങള്‍ നീക്കം ചെയ്യുകയോ അല്ലെങ്കില്‍ മാറ്റം വരുത്തുകയോ ചെയ്യണമെന്നാണ് സെന്‍സര്‍ബോര്‍ഡ് പൊതുവെ നിര്‍ദ്ദേശിക്കാറുള്ളത്. ഈ സിനിമ വിശ്വാസങ്ങളേയും രാഷ്ട്രീയത്തേയും പൂര്‍ണമായും അധിക്ഷേപിക്കുന്നതിനാലാണ് സെന്‍സര്‍ബോര്‍ഡ് ഇത്തരമൊരു തീരുമാനം എടുത്തത്.
സിനിമ പുനഃപരിശോധനാ കമ്മറ്റിയ്ക്ക് മുന്നില്‍ സമര്‍പ്പിക്കുമെന്ന് മാരന്‍ വ്യക്തമാക്കി. സെന്‍സര്‍ബോര്‍ഡിന്റെ നീക്കം നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു. സെന്‍സര്‍ ബോര്‍ഡിന് വേണമെങ്കില്‍ സിനിമയിലെ ഏതെങ്കിലും രംഗം ഒഴിവാക്കാം. അല്ലെങ്കില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാം. എ സര്‍ട്ടിഫിക്കറ്റോ, യു സര്‍ട്ടിഫിക്കറ്റോ നല്‍കാം. സിനിമ നിരോധിക്കാനാവില്ലെന്ന് മാരന്‍ പറഞ്ഞു. ഏതായാലും സെന്‍സര്‍ ബോര്‍ഡ് 'ആന്റി ഇന്ത്യന്‍' ചവറ്റുകൊട്ടയില്‍ ഇട്ടതോടെ വിവാദ യൂട്യൂബര്‍ ബ്ല്യൂ സട്ടൈ മാരന്റെ അടുത്ത നീക്കത്തെ ഉറ്റുനോക്കുകയാണ് പ്രേക്ഷകര്‍.
https://www.facebook.com/Malayalivartha



























