കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണനയില്‍...

കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണനയില്‍.
ഇറ്റലി നല്‍കുന്ന പത്ത് കോടി രൂപ നഷ്ടപരിഹാര തുകയും സ്വീകരിക്കുമെന്ന് കൊല്ലപ്പെട്ട മത്സ്യ തൊഴിലാളികളുടെ കുടുംബാംഗങ്ങളും ബോട്ട് ഉടമയും അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടികാട്ടി കേരളം കേന്ദ്രത്തിന് കത്ത് നല്‍കുകയും ചെയ്തിരുന്നു. ഇക്കാര്യവും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.
ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നാല് കോടി രൂപ വീതമാണ് നഷ്ടപരിഹാരം ലഭിക്കുക.
സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ട് കോടി രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക. സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ്, കേന്ദ്ര വിദേശകാര്യ സെക്രട്ടറിക്ക് അയച്ച കത്തിലാണ് നഷ്ടപരിഹാരം സംബന്ധിച്ച സമ്മതം അറിയിച്ചിരിക്കുന്നത്.
കന്യാകുമാരി, കൊല്ലം ജില്ലകളിലെ കളക്ടര്‍മാര്‍ ആണ് മല്‍സ്യതൊഴിലാളികളുടെ കുടുംബങ്ങളും, ബോട്ട് ഉടമകളുമായി ചര്‍ച്ച നടത്തിയത്.
നേരത്തെ നല്‍കിയ 2.17 കോടിക്ക് പുറമെയാണ് ഇപ്പോള്‍ നല്‍കുന്ന പത്ത് കോടി നഷ്ടപരിഹാരമെന്നാണ് ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസ്സി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിച്ചെന്നും ഇന്ത്യ, ഇറ്റലി സര്‍ക്കാരുകള്‍ തമ്മിലുള്ള പ്രശ്‌നമായി മാറിയതിനാല്‍ ഉടന്‍ ഇടപെടണമെന്നും സോളിസിറ്റര്‍ജനറല്‍ തുഷാര്‍ മെഹ്ത അഭ്യര്‍ഥിച്ചു.
ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള സുപ്രധാന വിഷയമാണ് കടല്‍ക്കൊല കേസിലെ നടപടികള്‍ എന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ട്രൈബ്യുണലിന്റെ തീര്‍പ്പിന്റെ പശ്ചാത്തലത്തില്‍, സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കടല്‍ക്കൊല കേസിന്റെ നടപടികള്‍ അവസാനിപ്പിക്കണം എന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.
ഇറ്റാലിയന്‍ സൈനികരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഇന്ത്യക്ക് അധികാരമില്ലെന്ന് ഹേഗിലെ അന്താരാഷ്ട്ര തര്‍ക്കപരിഹാര കോടതി കഴിഞ്ഞവര്‍ഷം ഉത്തരവിട്ടിരുന്നു. കേന്ദ്രസര്‍ക്കാര്‍ അയഞ്ഞ നിലപാട് സ്വീകരിച്ചതാണ് ഹേഗില്‍ ഇന്ത്യക്ക് തിരിച്ചടിയായത്.
ഈ വിധിക്ക് എതിരെ അപ്പീല്‍ പോകാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കടല്‍ക്കൊല കേസിലെ നടപടികള്‍ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
"
https://www.facebook.com/Malayalivartha



























