തമിഴ് താരം വിവേക് അന്തരിച്ചു... 59 വയസായിരുന്നു, ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം, പുലര്‍ച്ചെയായിരുന്നു മരണം

തമിഴ് താരം വിവേക് അന്തരിച്ചു... 59 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. പുലര്‍ച്ചെയായിരുന്നു മരണം.
ഇന്നലെ രാവിലെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിവേകിന്റെ ആരോഗ്യ നില അതീവ ഗുരുതരമാണെന്ന് ഇന്നലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
അക്യൂട്ട് കൊറോണറി സിന്‍ഡ്രോമിനൊപ്പമുള്ള ഹൃദയാഘാതമാണ് വിവേകിന് സംഭവിച്ചത്. കഴിഞ്ഞ ദിവസം വിവേക് കൊറോണ വാക്സിന്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ വാക്സിന്‍ സ്വീകരിച്ചതിനാലല്ല ഇത് സംഭവിച്ചതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.
തമിഴ് കോമഡി താരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് വിവേക്. സ്വാമി, ശിവാജി, അന്യന്‍ തുടങ്ങി 200 ഓളം ചിത്രങ്ങളില്‍ വിവേക് അഭിനയിച്ചിട്ടുണ്ട്. 2009ല്‍ പത്മശ്രീ നല്‍കിയും രാജ്യം ആദരിച്ചിട്ടുണ്ട്.
അതേസമയം 59 കാരനായ വിവേക് കഴിഞ്ഞ ദിവസം കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. അര്‍ഹരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് വിവേക് പറഞ്ഞിരുന്നു.
'പൊതുവിടങ്ങളില്‍ നമ്മള്‍ സുരക്ഷിതരായിരിക്കാന്‍ മാസ്‌ക് ധരിക്കുകയും, കൈകള്‍ കഴുകുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക അത്യന്താപേക്ഷിതമാണ്. അതേസമയം ആരോഗ്യപരമായി സുരക്ഷിതരാവാന്‍ വേണ്ടിയാണ് വാക്‌സിന്‍. നിങ്ങള്‍ സിദ്ധ, ആയുര്‍വേദ മരുന്നുകള്‍, വൈറ്റമിന്‍ സി, സിങ്ക് ടാബ്ലെറ്റുകളും മറ്റും കഴിക്കുന്നുണ്ടാവും. അതെല്ലാം നല്ലതു തന്നെ.
എന്നാല്‍ നമ്മുടെയെല്ലാം ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നത് വാക്‌സിന്‍ കൊണ്ട് മാത്രമാണ്.
വാക്‌സിന്‍ എടുത്തവര്‍ക്കു കോവിഡ് വരില്ലേ എന്ന് നിങ്ങള്‍ എന്നോട് ചോദിച്ചാല്‍, അതങ്ങനെയല്ല. കോവിഡ് വന്നാലും നിങ്ങളുടെ ജീവന്‍ ഹനിക്കപ്പെടില്ല,' വിവേക് പറഞ്ഞതിങ്ങനെയായിരുന്നു. വാക്‌സിന്‍ സ്വീകരിച്ച ശേഷം അദ്ദേഹം ഡോക്ടര്‍മാര്‍ക്കും നേഴ്‌സ്മാര്‍ക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തിരുന്നു.
"
https://www.facebook.com/Malayalivartha


























