രാജ്യത്ത് കോവിഡ് രോഗികളിലും രോഗമുക്തരിലും ബ്ലാക്ക് ഫംഗസ് ബാധിക്കുന്നത് വര്‍ധിക്കുന്നു; സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ

രാജ്യത്ത് കോവിഡ് രോഗികളിലും രോഗമുക്തി നേടിയവരിലും ബ്ലാക്ക് ഫംഗസ്(മ്യൂക്കോമൈകോസിസ്) ബാധിക്കുന്നത് വര്‍ധിച്ചു വരുന്നെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. 'ബ്ലാക്ക് ഫംഗസ് പുതിയ രോഗബാധയല്ല. മ്യൂക്കോര്‍ എന്ന ഫംഗസ് മൂലം ആണ് രോഗം ഉണ്ടാകുന്നത്. വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസ് ഉണ്ടാകും. ഇത് തുടക്കത്തിലെ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. മാസ്‌ക് ധരിക്കേണ്ടത് അനവാര്യമാണ്' അദ്ദേഹം പറഞ്ഞു.
രണ്ടു തരത്തിലുള്ള ഫംഗസ് ബാധയാണ് പൊതുവേ കാണപ്പെടുന്നത്. മുഖം, തലച്ചോറ്, മൂക്ക് എന്നിവിടങ്ങളില്‍ ബാധിക്കുന്നതാണ് ഒന്ന്. ശ്വാസകോശത്തെ ബാധിക്കുന്നതാണ് മറ്റൊന്ന്. ഇതിന്റെ വ്യാപനം തടയുകയെന്നതാണ് പ്രധാനപ്പെട്ട കാര്യമെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ പല സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഡല്‍ഹി എയിംസില്‍ 23 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ 20 പേരും കോവിഡ് രോഗികളായിരുന്നെന്ന് ഗുലേറിയ വ്യക്തമാക്കി. ചില സംസ്ഥാനങ്ങളില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച 400-500 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രണ്ടാംഘട്ട ഫംഗസ് ബാധ ചിലപ്പോള്‍ മാരകമായി മാറിയേക്കാം. അതിനാല്‍ ആശുപത്രികള്‍ ഇതിനെതിരെ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കോവിഡ് രോഗികള്‍, പ്രമേഹ രോഗികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവരിലാണ് ബ്ലാക്ക് ഫംഗസ് കൂടുതലായി ബാധിക്കുന്നത്. എന്നാല്‍ ഈ മാസം ആദ്യം ബ്ലാക്ക് ഫംഗസ് വ്യാപനം നീതി ആയോഗ് അംഗം വി കെ പോള്‍ നിരസിക്കുകയും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നുമാണ് അറിയിച്ചത്.
https://www.facebook.com/Malayalivartha