ആംആദ്മി വമ്പൻ തിരിച്ചടി... മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പാര്‍ട്ടി വിട്ടു! നാണക്കേട്... ഉത്തരാഖണ്ഡില്‍ കെജ്രിവാളിന് തിരിച്ചടി

ഉത്തരാഖണ്ഡില്‍ ഈ ഫെബ്രവരിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന അജയ് കോതിയാല്‍ രാജിവെച്ചു. ഉത്താരഖണ്ഡില്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നവരും വിരമിച്ചവരുമായി നല്ലൊരു വിഭാഗം ഉള്ളതിനാലാണ് അജയ് കോതിയാലിനെ ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയത്.
അധികാരത്തില്‍ വന്നാല്‍ 300 യൂണിറ്റ് വരെ വൈദ്യുതി ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്നതായിരുന്നു മറ്റൊരു വാഗ്ദാനം. എന്നാല്‍ 70 സീറ്റുകളില്‍ ഒന്നില്‍ പോലും വിജയിക്കാനായില്ല. ഇതോടെ അജയ് കോതിയാലിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. സാഗര്‍ ഭണ്ഡാരി ഉള്‍പ്പെടെയുള്ള ആം ആദ്മി നേതാക്കള്‍ തോല്‍വിയുടെ ഉത്തരാവാദിത്വം അജയ് കോതിയാല്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ പുറത്തിറങ്ങിയ എല്ലാ പോസ്റ്ററുകളിലും അജയ് കോതിയാലിന്‍റെ ചിത്രം ഉപയോഗിച്ചിരുന്നു. അജയ് കോതിയാലകട്ടെ ഉത്തരകാശി സീറ്റില്‍ ബിജെപിയുടെ സുരേഷ് ചൗഹാനോട് തോറ്റു. കനത്ത പരാജയവും പാര്‍ട്ടിക്കുള്ളില്‍ നിന്നുയരുന്ന വിമര്‍ശനവും കണക്കിലെടുത്താണ് കോതിയാല്‍ രാജിവെച്ചത്.
വിരമിച്ച സൈനികള്‍, വിരമിച്ച പാര്‍ലമെന്‍റംഗങ്ങള്‍, മുതിര്‍ന്ന പൗരന്മാര്‍, പ്രബുദ്ധ വ്യക്തികള്‍, വനിതകള്‍, യുവാക്കള്‍ എന്നിവരുടെ വികാരം കണക്കിലെടുത്താണ് താന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെയ്ക്കുന്നതെന്ന് അജയ് കോഠിയാല്‍ പറഞ്ഞു. ഉത്തരാഖണ്ഡില്‍ അധികാരം പിടിക്കുമെന്ന് പറഞ്ഞ കെജ്രിവാളിന് തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ആം ആദ്മി സംസ്ഥാനഘടകവും 13 ജില്ലാ ഘടകങ്ങളും പിരിച്ചു വിടേണ്ടിവന്നു.
2021 ഏപ്രിലിലാണ് കോതിയാല്‍ എഎപിയില്‍ അംഗമായത്. സൈനിക സേവനത്തില്‍ നിന്നും വിരമിച്ച ശേഷം സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് പരിശീലനം നല്‍കാന്‍ ഒരു സ്ഥാപനം നടത്തിയിരുന്നു. വിശിഷ്ട സേവനത്തിന് കീര്‍ത്തിചക്ര, ശൗര്യ ചക്ര, വിശിഷ്ഠ സേവാ മെഡല്‍ എന്നിവ കോതിയാലിന് കിട്ടിയിട്ടുണ്ട്. രണ്ട് തവണ എവറസ്റ്റ് കീഴടക്കിയ അദ്ദേഹം ഉത്തരാഖണ്ഡിലെ നെഹ്രു മൗണ്ടനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രിന്‍സിപ്പലായിരുന്നു.
https://www.facebook.com/Malayalivartha
























