തമിഴ്നാട്ടില്‍ നിന്ന് രണ്ട് പൊതികളിലായി കാറിൽ സ്വർണക്കടത്ത്, രേഖകളില്ലാത്ത മൂന്ന് കിലോ സ്വര്‍ണാഭരണങ്ങളുമായി മലപ്പുറം സ്വദേശികളായ മൂന്നുപേര്‍ പിടിയിൽ

തമിഴ്നാട്ടില്‍ നിന്ന് രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന മൂന്ന് കിലോ സ്വര്‍ണാഭരണങ്ങളുമായി മൂന്നുപേര്‍ പിടിയിൽ. മലപ്പുറം സ്വദേശികളായ സക്കീര്‍, ദാസ്, കാര്‍ ഡ്രൈവര്‍ ഷാഫി എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 8.45 ഓടെയായിരുന്നു സംഭവം. രേഖകളില്ലാതെ തമിഴ്‌നാട്ടില്‍ നിന്ന് മാരുതി കാറിലാണ് ഇവർ സ്വർണം കടത്തിക്കൊണ്ട് വന്നത്.
രണ്ട് പൊതികളിലാക്കിയ സ്വര്‍ണമാണ് കാറില്‍ നിന്ന് പിടികൂടിയത്. ആര്യങ്കാവ് എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വെച്ചാണ് ഇവർ പിടിയിലായത്. മലപ്പുറത്ത് പുതുതായി ആരംഭിക്കുന്ന ജൂവലറിയിലേക്ക് തെങ്കാശിയില്‍ നിന്ന് കൊണ്ടുവന്ന സ്വര്‍ണാഭാരണങ്ങളാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞു. മാലയടക്കമുള്ള ഉരുപ്പടികള്‍ തെങ്കാശിയില്‍ നിന്ന് ലേലത്തില്‍ പിടിച്ചതാണെന്നും ഇവര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.
അതുപോലെ രേഖകളില്ലാതെ തമിഴ്നാട്ടില്‍ നിന്നും മലബാറിലേക്ക് കടത്താന്‍ ശ്രമിച്ച 10 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി നാല് ദിവസങ്ങൾക്ക് മുന്നേ പിടികൂടിയിരുന്നു. കോഴിക്കോട് സ്വദേശികളായ ഷറഫുദീന്‍ (37) , നാസര്‍ (42)എന്നിവര്‍ക്കൊപ്പം ചെന്നൈ സ്വദേശി നിസാര്‍ മുഹമ്മദ് (33), മധുര സ്വദേശി എം. വസീം അക്രം(19) എന്നിവരെയാണ് തമിഴ്നാട്ടിലെ വെല്ലൂരില്‍ നിന്ന് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഇവരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.പതിവു പരിശോധനയ്ക്കിടെ ലോറിയില്‍ നിന്ന് കാറിലേക്ക് സാധനങ്ങള്‍ കയറ്റുന്നത് കണ്ട് പൊലീസ് പരിശോധിക്കുകയായിരുന്നു. എന്താണ് കയറ്റുന്നതെന്ന് പൊലീസ് ചോദിച്ചപ്പോള്‍ അവര്‍ക്ക് വിശദീകരണം നല്‍കാനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 10 കോടി രൂപ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha