താജ്മഹല്‍ ഉണ്ടാക്കിയ നാട്ടില്‍ ഒരു നല്ല റോഡ് ഉണ്ടാക്കാനാകുന്നില്ല, കല്ല് പാകിയ റോഡിന് അനുമതി തേടി, റോഡ് പണി പൂര്‍ത്തിയായാല്‍ വാട്ടര്‍ അതോറിറ്റിയും വൈദ്യുതി വകുപ്പും റോഡ് കുഴിക്കാന്‍ തുടങ്ങില്ലേ-സുപ്രീംകോടതി

വെറും ചുറ്റികയും ഉളിയും കൊണ്ട് മുഗള്‍ കാലഘട്ടത്തില്‍ താജ്മഹല്‍ എന്ന ലോകാത്ഭുതം നിര്‍മിച്ച രാജ്യത്ത് ഇപ്പോള്‍ താജ്മഹലിന് ചുറ്റും ഒരു റോഡ് പോലും നിര്‍മ്മിക്കാനാകുന്നില്ലെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. താജ് മഹലിന് ചുറ്റും ടാര്‍ റോഡിന് പകരം കല്ല് പാകിയ റോഡുണ്ടാക്കാന്‍ അനുവദിക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോഴാണ് സുപ്രിംകോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.
\'പതിനേഴാം നൂറ്റാണ്ടില്‍ വെറും കയ്യും ചുറ്റികയും ഉളിയും കൊണ്ടാണ് താജ്മഹല്‍ നിര്‍മിച്ചത്. എന്നാല്‍ ഇത്രയേറെ ആധുനിക ഉപകരണങ്ങളുണ്ടായിട്ടും നിങ്ങളുടെ എഞ്ചിനീയര്‍മാര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും മര്യാദയ്ക്ക് ഒരു റോഡു പോലുമുണ്ടാക്കാനാകുന്നില്ല. വെറുതെ പൊതു പണം ദുര്‍വ്യയം ചെയ്യുകയാണ്\' കോടതി ചൂണ്ടിക്കാട്ടി.
താജ്മഹലിന്റെ സമീപമുള്ള ശ്മശാനം നീക്കുന്ന കാര്യം ഉടന്‍ പരിഗണിക്കണമെന്നും ജസ്റ്റിസ് ടി.എസ് താക്കൂര്‍, ജസ്റ്റിസ് സി.നാഗപ്പന്‍ എന്നിവരടങ്ങുന്ന ബഞ്ച് ആവശ്യപ്പെട്ടു. ടാര്‍ റോഡ് മലിനീകരണമുണ്ടാക്കുമെന്ന ഖരക്പുര്‍ ഐ.ഐ.ടിയുടെ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കല്ല് പാകിയ റോഡിന് അനുമതി തേടിയത്.
ആശയം നല്ലതാണെന്ന് പറഞ്ഞ കോടതി, റോഡ് പണി പൂര്‍ത്തിയായാല്‍ വാട്ടര്‍ അതോറിറ്റിയും വൈദ്യുതി വകുപ്പും റോഡ് കുഴിക്കാന്‍ തുടങ്ങില്ലേ എന്നും ആശങ്കിച്ചു. ഹര്‍ജി ഡിസംബര്‍ 14 ലേക്ക് മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























