പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

പശ്ചിമ ബംഗാളിലെ പശ്ചിമ ബര്‍ദ്വാന്‍ ജില്ലയില്‍ കാങ്കസ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ബ്ലോക്കിലെ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കാട്ടില്‍ ഉപേക്ഷിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കാട്ടില്‍ നിന്ന് രക്ഷപ്പെടുത്തിയത്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രകടനം ആരംഭിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടി ഇപ്പോള്‍ ദുര്‍ഗാപൂര്‍ സബ് ഡിവിഷണല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടുകയാണെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരമാണ് ആദിവാസി പെണ്‍കുട്ടി തന്റെ സുഹൃത്തിനൊപ്പം വിറകു ശേഖരിക്കാന്‍ കാട്ടിലേക്ക് പോയതെന്നാണ് വിവരം. തിരികെ വരുന്നതിനിടെ നാട്ടുകാരായ നാല് യുവാക്കള്‍ ഇവരെ തടയുകയായിരുന്നു. സുഹൃത്ത് ഓടി രക്ഷപ്പെട്ടെങ്കിലും ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു.
രക്ഷപ്പെട്ട സുഹൃത്ത് സംഭവം മാതാപിതാക്കളോട് പറയുകയും അവര്‍ ഇരയുടെ മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. പ്രതികളെ വെസ്റ്റ് ബര്‍ദ്വാന്‍ ജില്ലാ കോടതിയില്‍ വെള്ളിയാഴ്ച ഹാജരാക്കും.
https://www.facebook.com/Malayalivartha


























