പലസ്തീന്‍ ജനതയ്ക്ക് കനിവുമായി ഇന്ത്യ; എത്തിച്ചത് മരുന്നടക്കം 38.5 ടൺ സാധനം; വ്യോമസേനാ വിമാനത്തിൽ എത്തിച്ച സാധനങ്ങൾ ഈജിപ്റ്റിലെ ഇന്ത്യൻ അംബാസിഡർ അജിത് ഗുപ്തെ ഏറ്റുവാങ്ങി ഈജിപ്റ്റിലെ റെഡ് ക്രെസന്റിന് കൈമാറി

ഇസ്രയേലിന്റെ രൂക്ഷമായ ആക്രമണത്തിൽ ദുരിതത്തിലായ പാലസ്തീന് ജീവകാരുണ്യസഹായവുമായി ഇന്ത്യ. ആറര ടൺ മെഡിക്കൽ കിറ്റുകളും 32 ടൺ ദുരന്തനിവാരണ സാമഗ്രികളുമായി വ്യോമസേനയുടെ സി-17 വിമാനം ഈജിപ്റ്റിലെ എൽ അറിഷ് വിമാനത്താവളത്തിൽ എത്തി. റാഫാ അതിർത്തി വഴിയാണ് പാലസ്തീനിലെത്തിക്കുന്നത്. രാവിലെ പത്തരയോടെയാണ് പുറപ്പെട്ടത്. വൈകിട്ട് ആറേമുക്കാലോടെയാണ് വിമാനം ഈജിപ്റ്റിലെത്തിയത്. ഈജിപ്റ്റിലെ ഇന്ത്യൻ അംബാസിഡർ അജിത് ഗുപ്തെ സാധനങ്ങള്‍ ഏറ്റുവാങ്ങി. ശേഷം ഈജിപ്റ്റിലെ റെഡ് ക്രെസന്റിന് കൈമാറി. റെഡ് ക്രെസന്റിന്റെ സഹായത്തോടെയാണ് ഇത് പലസ്തീനിലെത്തിക്കുക. ഗാസിയാബാദിലെ ഹിൻഡൻ എയർബേസ് സ്റ്റേഷനിൽ നിന്നാണ് വിമാനം പുറപ്പെട്ടത്.
ജീവന്‍ രക്ഷാ മരുന്നുകള്‍, ശസ്ത്രക്രിയാ വസ്തുക്കള്‍, ടെന്റുകള്‍, സ്ലീപ്പിങ് ബാഗുകള്‍, ടാര്‍പോളിനുകള്‍, ശുചീകരണ വസ്തുക്കള്‍, ജല ശുദ്ധീകരണ ടാബ്ലറ്റുകള്‍ തുടങ്ങിയ വസ്തുക്കളടങ്ങുന്നതാണ് ഇന്ത്യ അയച്ച സഹായമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ‘പലസ്തീനിലെ ജനങ്ങള്‍ക്ക് ഇന്ത്യന്‍ ജനതയുടെ സമ്മാനം’ എന്ന് സഹായ പായ്ക്കുകളില്‍ ഒട്ടിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച പാലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി ഫോണിൽ സംസാരിച്ചിരുന്നു. പാലസ്തീൻ ജനതയ്ക്ക് മാനുഷിക സഹായം തുടരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. `അടിയന്തരമായി കൈത്താങ്ങ് ആവശ്യമുള്ള ഈ സമയത്ത് ആവശ്യപ്പെടാതെ തന്നെ പാലസ്തീന് ഇന്ത്യ സഹായം നൽകുന്നതിൽ അതിയായ നന്ദിയുണ്ട് .' എന്ന് ഇന്ത്യയിലെ പാലസ്തീൻ അംബാസഡർ അദ്നാൻ അബു അൽഹൈജാ പറഞ്ഞു
റാഫ അതിർത്തി വഴി കഴിഞ്ഞ ദിവസം കടത്തിവിട്ട 20 ട്രക്കുകളിലുണ്ടായിരുന്ന ഭക്ഷണ സാമഗ്രികൾകൊണ്ട് രണ്ടു ലക്ഷം പേർക്ക് അത്താഴം നൽകാൻ കഴിഞ്ഞതായി യു.എൻ. വേൾഡ് ഫുഡ് പ്രോഗ്രാം അധികൃതർ. 12 ലക്ഷത്തോളം പേരാണ് ദുരിതം അനുഭവിക്കുന്നത്.17 ട്രക്കുകളാണ് ജീവകാരുണ്യ സാമഗ്രികളുമായി ഇന്നലെ റാഫ അതിർത്തി കടന്നത്. ഇന്ന് 40 ട്രക്കുകൾ കടത്തിവിടുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha



























