വിഴിഞ്ഞം തുറമുഖത്തെ കണ്ടെയ്‌നർ കൈകാര്യം ചെയ്യാൻ ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനി...അദാനി ഗ്രൂപ്പുമായി സഹകരിക്കുന്നു...നിലവിൽ മുന്ദ്ര തുറമുഖത്ത് ഇവർ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്... ഏകദേശം 700-ഓളം ചരക്കുകപ്പലുകൾ സ്വന്തമായുണ്ട്...

വിഴിഞ്ഞം തുറമുഖത്തെ കണ്ടെയ്‌നർ കൈകാര്യംചെയ്യാൻ ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയുമായി അദാനി ഗ്രൂപ്പ് സഹകരിക്കുന്നു. ജനീവ ആസ്ഥാനമായുള്ള മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെയും (എം.എസ്.സി.) അദാനി ഗ്രൂപ്പിന്റെയും സംയുക്തസംരംഭം വിഴിഞ്ഞത്ത് പ്രവർത്തനം തുടങ്ങും. നിലവിൽ മുന്ദ്ര തുറമുഖത്ത് ഇവർ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്.155 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന എം.എസ്.സി. ഗ്രൂപ്പിന് ലോകത്തെ ഏറ്റവും വലിയ മദർഷിപ്പുകളുൾപ്പെടെ ഏകദേശം 700-ഓളം ചരക്കുകപ്പലുകൾ സ്വന്തമായുണ്ട്. എം.എസ്.സി.യുടെ മദർഷിപ്പുകളിലെത്തുന്ന കണ്ടെയ്‌നറുകളുടെ നീക്കത്തിനുള്ള റീജണൽ ട്രാൻസ്ഷിപ്‌മെന്റ് കേന്ദ്രമായാണ് വിഴിഞ്ഞത്തെ പരിഗണിക്കുന്നത്.
അന്താരാഷ്ട്രരംഗത്തെ പ്രമുഖ ഷിപ്പിങ് കമ്പനികളായ എവർഗ്രീൻ ലൈൻ, സി.എം.എ.സി.ജി.എം., ഒ.ഒ.സി.എൽ. തുടങ്ങിയ കമ്പനികളും വിഴിഞ്ഞം തുറമുഖവുമായിച്ചേർന്ന് പ്രവർത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ചെന്ന് അദാനി ഗ്രൂപ്പ് സൂചിപ്പിക്കുന്നു.വിദൂരത്തിരുന്നും കണ്ടെയ്‌നർ നീക്കം നിയന്ത്രിക്കാവുന്ന രാജ്യത്തെ ആദ്യത്തെ സെമി ഓട്ടോമാറ്റഡ് കണ്ടെയ്‌നർ ടെർമിനലായിരിക്കും വിഴിഞ്ഞത്തേത്. 2030 ആകുമ്പേഴേക്കും വിഴിഞ്ഞത്ത് 20,000 കോടിരൂപ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് സി.ഇ.ഒ. കരൺ അദാനി വ്യക്തമാക്കിയിരുന്നു. ചൈനീസ് ചരക്ക് കപ്പലായ സെൻഹുവ 15 ൽ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച ക്രെയിനുകളിൽ ഒന്ന് കൂടി ഇന്നലെ കരയ്ക്കിറക്കി. റെയിൻ മൗണ്ടഡ് ഗാൻട്രി ക്രെയിനുകളിൽ രണ്ടാമത്തെതാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം കരയ്ക്കിറക്കിയത്.
ഇന്നലെ പുലർച്ചെ 4 മണിയോടെ ക്രെയിൻ പുറത്തിറക്കാൻ ആദ്യം ശ്രമം നടത്തിയെങ്കിലും ശക്തമായ കടൽ ക്ഷോഭം കാരണം ഇറക്കാനായില്ല. ഇതോടെ ആദ്യ ശ്രമം 8 മണിയോടെ ഉപേക്ഷിച്ചു.തുടർന്ന് ഉച്ചയ്ക്ക് 2.30 ന് കടൽ അല്പം ശാന്തമായതിനെ തുടർന്നാണ് ക്രെയിൻ പുറത്തിറക്കാനുള്ള നടപടികൾ വീണ്ടും തുടങ്ങിയത്. ഉച്ചയ്ക്ക് 2.30 ന് തുടങ്ങിയ ദൗത്യം ഒന്നര മണിക്കൂർ കൊണ്ട് പൂർത്തിയാക്കി 4 മണിയോടെ ക്രെയിൻ ബർത്തിലിറക്കി. രണ്ട് റെയിൻ മൗണ്ടഡ് ഗാൻട്രി ക്രെയിനുകളിൽ ആദ്യത്തേത് രണ്ട് ദിവസം മുമ്പ് കരയ്ക്കിറക്കിയിരുന്നു. 1100 ടണ്ണിലേറെ ഭാരമുള്ള ഒരു സൂപ്പർ പോസ്റ്റ് പാനാ മാക്സ് ക്രെയിനാണ് ഇനി ഇറക്കാനുള്ളത്. ഇന്ന് സാഹചര്യം അനുകൂലമായാൽ ഈ ക്രെയിനും കരയ്ക്കിറക്കി നാളെ രാവിലെയോടെ കപ്പലിന് മടങ്ങാനാവുമെന്ന കണക്കുകൂട്ടലിലാണ് ബന്ധപ്പെട്ടവർ. കടൽക്ഷോഭവും ചൈനീസ് തൊഴിലാളികൾക്ക് കരയ്ക്കിറങ്ങാനുള്ള വിസ ലഭിക്കാനുള്ള നിയമ തടസവും കാരണം ക്രെയിനുകൾ തുറമുഖത്ത് ഇറക്കാനുള്ള നടപടികൾ നീണ്ടുപോകുകയായിരുന്നു. തടസങ്ങൾ നീങ്ങി വിദഗ്ധ തൊഴിലാളികൾക്ക് വിസ ലഭ്യമാവുകയും കടൽ ക്ഷോഭത്തിന് നേരിയ ശമനമുണ്ടാവുകയും ചെയ്തതോടെയാണ് രണ്ട് ദിവസങ്ങളിലായി രണ്ട് ക്രെയിനുകൾ ഇറക്കാനായത്.
വാര്‍ഫിൽ ഇറങ്ങാൻ അനുമതി ലഭിച്ച മൂന്ന് ചൈനീസ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവരും അദാനി ഗ്രൂപ്പിലെ വിദഗ്ധ തൊഴിലാളികളും വാട്ടർലൈൻ, വില്യംസ് ഷിപ്പിംഗ് ഏജൻസികളിൽ നിന്നുളളവരുമടങ്ങുന്ന സംഘമാണ് ക്രെയിനുകൾ പുറത്തിറക്കി ഉറപ്പിക്കുന്നതിന് മേൽനോട്ടം വഹിക്കുന്നത്.30-ഓളം ചൈനീസുകാരാണ് കപ്പലിലുള്ളത്. ക്രെയിനുകൾ നിർമിച്ച ഷാങ്ഹായ് ഷെൻഹുവാ ഹെവി ഇൻഡസ്ട്രീസിന്റെ സാങ്കേതികവിദഗ്‌ധരും അദാനി ഗ്രൂപ്പിന്റെ ജീവനക്കാരും ചേർന്നാണ് ക്രെയിനുകൾ തുറമുഖത്തേക്കിറക്കിയത്. വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയാണ് ക്രെയിൻ ഇറക്കുന്നതിനുള്ള പ്രവർത്തികൾ ആരംഭിച്ചത്. ഒമ്പതരയോടെ ക്രെയിൻ ബർത്തിലെത്തിച്ചു. ഈ മാസം 12-നാണ് കപ്പൽ തുറമുഖത്തെത്തിയത്. കാലാവസ്ഥ പ്രതികൂലമായതും സാങ്കേതികാനുമതികൾ ലഭിക്കാത്തതുമാണ് ക്രെയിൻ ഇറക്കൽ വൈകിച്ചത്. 100 മീറ്റർ ഉയരമുള്ള വലിയ ക്രെയിൻ ഇറക്കുന്നതിനു കൂടുതൽ സാങ്കേതിക സുരക്ഷ ആവശ്യമാണ്. കാലാവസ്ഥ അനുകൂലമായാലെ ഇതു സുരക്ഷിതമായി ബർത്തിലെത്തിക്കാനാവു.
https://www.facebook.com/Malayalivartha



























