പ്രശസ്ത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി അന്തരിച്ചു...ഡല്‍ഹി അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം
പ്രശസ്ത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി (84) അന്തരിച്ചു. ഡല്‍ഹി അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജ രോഗങ്ങളെ തുടര്‍ന്ന് കഴിഞ്ഞ എഴു മാസമായി അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ച വിഖ്യാത ഭരതനാട്യം നര്‍ത്തകിയാണ് യാമിനി കൃഷ്ണമൂര്‍ത്തി.
അതേസമയം ഭരതനാട്യത്തിലൂടേയും കുച്ചിപ്പുഡിയിലൂടേയും പ്രശസ്തയായ യാമിനിയെ രാജ്യം 1968-ല്‍ പത്മശ്രീയും 2001-ല്‍ പത്മഭൂഷണും 2016-ല്‍ പത്മവിഭൂഷണും നല്‍കിയാണ് ആദരിച്ചത്. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ആസ്ഥാന നര്‍ത്തകി എന്ന ബഹുമതിയും ലഭ്യമായിട്ടുണ്ട്.
ആന്ധ്ര പ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ മടനപ്പള്ളിയില്‍ 1940 ഡിസംബര്‍ 20-നാണ് യാമിനി ജനിച്ചത്. തമിഴ്നാട്ടിലെ ചിദംബരത്തിലാണ് ദീര്‍ഘകാലം ജീവിച്ചത്. സംസ്‌കൃത പണ്ഡിതനും കവിയുമായ എം.കൃഷണമൂര്‍ത്തിയാണ് പിതാവ്. അഞ്ച് വയസുള്ളപ്പോള്‍ ചെന്നൈയിലെ പ്രശസ്ത നര്‍ത്തകി രുക്മിണീ ദേവി അരുണ്ഡേലിന്റെ കലാക്ഷേത്ര നൃത്തവിദ്യാലയത്തില്‍ ഭരതനാട്യം പഠിക്കാനായി ചേര്‍ന്നു. 1957-ല്‍ ചെന്നൈയിലായിരുന്നു അരങ്ങേറ്റം നടത്തിയത്.
ശാസ്ത്രീയ നൃത്തം കൂടാതെ കര്‍ണാടക സംഗീതവും വീണയും യാമിനി കൃഷ്ണമൂര്‍ത്തിക്ക് വഴങ്ങുമായിരുന്നു.ന്യൂഡല്‍ഹിയില്‍ യാമിനി സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്ന പേരില്‍ നൃത്തവിദ്യാലയവും നടത്തിയിരുന്നു. 'എ പാഷന്‍ ഫോര്‍ ഡാന്‍സ്' എന്ന പേരില്‍ ആത്മകഥയെഴുതിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha