കാടിറങ്ങി മാവോയിസ്റ്റുകള്‍: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയിലെത്തി കീഴടങ്ങി മാവോയിസ്റ്റുകള്‍

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയിലെത്തി കീഴടങ്ങി മാവോയിസ്റ്റുകള്‍. കാടിറങ്ങിയ മാവോയിസ്റ്റുകള്‍ പൊലീസ് അകമ്പടിയോടെയാണ് ബെംഗളൂരുവിലെത്തിയത്. ചിക്കമംഗളൂരു ജില്ലാ കലക്ടര്‍ മീന നാഗരാജ് അനുഗമിച്ചു. കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ വനമേഖലയില്‍ താവളമാക്കിയ ആറ് മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്.
മലയാളിയും വയനാട്ടുകാരിയുമായ ജിഷ ഉള്‍പ്പെടെയുള്ളവരാണ് കീഴടങ്ങിയത്. കബനി ദളത്തിലെ അംഗങ്ങളായ ലത, സുന്ദരി വനജാക്ഷി, ടി.എന്‍.വസന്ത്, മാരപ്പ എന്നിവരാണ് ജിഷയോടൊപ്പം കീഴടങ്ങിയത്. ഇവരുടെ നേതാവ് വിക്രം ഗൗഡ കഴിഞ്ഞ നവംബറില്‍ കര്‍ണാടകയിലെ നക്‌സല്‍വിരുദ്ധ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. മാവോയിസ്റ്റുകളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്ന കര്‍ണാടക സര്‍ക്കാരിന്റെ പദ്ധതി പ്രകാരം ചിക്കമംഗളൂരുവിലെ പശ്ചിമഘട്ട മലനിരകളില്‍ കഴിയുന്ന ഇവരുമായി സര്‍ക്കാരിന്റെ ദൂതര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വിക്രം ഗൗഡയുടെ ഏറ്റുമുട്ടല്‍ കൊലയില്‍ കുറ്റമറ്റ അന്വേഷണം വേണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം.
കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക, പശ്ചിമഘട്ടത്തെ കുറിച്ചുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളിക്കളയുക, വിക്രം ഗൗഡയുടെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, ഇപ്പോള്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റുകള്‍ക്ക് പുനരധിവാസ പാക്കേജ് എന്നിവയാണ് ഇവരുടെ ആവശ്യങ്ങള്‍. ചില ആവശ്യങ്ങള്‍ സര്‍ക്കാരിനും മുന്നിലുണ്ടെന്നും ചിലത് ചര്‍ച്ച ചെയ്യാനുണ്ടെന്നും സര്‍ക്കാര്‍ ദൂതന്‍ കെ.എല്‍.അശോക് മാവോയിസ്റ്റുകളെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha
























