റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന വാദങ്ങളെ തള്ളി ഇന്ത്യ

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി സംബന്ധിച്ച് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നടത്തിയ പ്രസ്താവനയെ തള്ളി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ രംഗത്തെത്തി. മ്യൂണിക് സുരക്ഷാ സമ്മേളനത്തില്‍ സംസാരിക്കവേ, ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയുമില്ലെന്ന് അദ്ദേഹം അസന്നിഗ്ദ്ധമായി വ്യക്തമാക്കി. പുറത്തുനിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ക്കനുസരിച്ചല്ല, മറിച്ച് സ്വന്തം താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാണ് ഇന്ത്യ തീരുമാനമെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ ഊര്‍ജ്ജ മേഖലയ്‌ക്കെതിരെ അമേരിക്ക പുതിയ ഉപരോധങ്ങള്‍ കര്‍ശനമാക്കിയ പശ്ചാത്തലത്തിലാണ് റൂബിയോയുടെ പരാമര്‍ശം വന്നത്. ഇന്ത്യ റഷ്യയെ കൈവിടുമെന്നും പകരം അമേരിക്കയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങുമെന്നും നേരത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇത്തരം വാദങ്ങളില്‍ യാഥാര്‍ത്ഥ്യമില്ലെന്നും ഇന്ത്യയുടെ വിദേശനയം സ്വതന്ത്രമാണെന്നും ജയശങ്കര്‍ മറുപടി നല്‍കി.
എണ്ണ ഇറക്കുമതി എന്നത് കേവലം ഒരു രാഷ്ട്രീയ തീരുമാനമല്ലെന്നും മറിച്ച് വിപണിയിലെ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒന്നാണെന്നും അദ്ദേഹം വിശദീകരിച്ചു. എണ്ണയുടെ ലഭ്യത, അന്താരാഷ്ട്ര വിപണിയിലെ വില, ഗതാഗത ചെലവ് തുടങ്ങിയ സാങ്കേതിക വശങ്ങള്‍ പരിശോധിച്ചാണ് രാജ്യത്തെ എണ്ണക്കമ്പനികള്‍ തീരുമാനമെടുക്കുന്നത്. ജനങ്ങളുടെ ക്ഷേമത്തിനും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കുമാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
https://www.facebook.com/Malayalivartha






















