പാക്കിസ്ഥാന്റെ ലക്ഷ്യം യുദ്ധം മാത്രം

പാക്കിസ്ഥാന്റെ ലക്ഷ്യം യുദ്ധം ഉണ്ടാക്കുകയെന്നത് ഇന്ത്യ അതില്‍ വീഴാന്‍ പാടില്ല. കാഷ്മീരില്‍ പാക്കിസ്ഥാന്റെ ഇടപെടലുകള്‍ ഇന്ത്യയുടെ ക്ഷമയെ അങ്ങേയറ്റം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ നല്ലപിള്ള ചമയാനും ഇന്ത്യയെ അക്രമിയായി ചിത്രീകരിക്കാനും പാക് ഭരണകൂടവും പട്ടാളവും ശ്രമിക്കുന്നു. ഇന്ത്യന്‍ പട്ടാള ക്യാമ്പുകളിലേക്കു ഭീകരാക്രമണം അഴിച്ചുവിട്ട് ഈ രാജ്യത്തെ പ്രകോപിപ്പിക്കാന്‍ നിരന്തരശ്രമത്തിലാണ് ഈ അയല്‍രാജ്യം. പത്താന്‍കോട്ടെ വ്യോമസേനാകേന്ദ്രത്തില്‍ ആക്രമണം നടത്തിയതു പാക്കിസ്ഥാനില്‍നിന്നുള്ള ഭീകരരാണെന്നു തികച്ചും വ്യക്തമായിരുന്നിട്ടും അവിടെ പാക്കിസ്ഥാനെത്തന്നെ നാം പരിശോധനയ്ക്കു ക്ഷണിച്ചുവരുത്തി. അക്രമികള്‍ തങ്ങളല്ലെന്നും ഇന്ത്യതന്നെയാണ് ആക്രമണത്തിന് ഉത്തരവാദിയെന്നും വിളിച്ചുപറയാന്‍ ഇന്ത്യയുടെ ക്ഷമ പാക്കിസ്ഥാനു ധൈര്യം നല്‍കി. മുംബൈ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്കിനെക്കുറിച്ചു വ്യക്തമായ തെളിവുകളാണ് ഇന്ത്യ ഹാജരാക്കിയത്. എന്നിട്ടും ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ നല്ലപിള്ള ഭാവിക്കാന്‍ പാക്കിസ്ഥാന് ഉളുപ്പില്ലായിരുന്നു.
പാക്കിസ്ഥാനില്‍നിന്ന് എത്ര വലിയ പ്രകോപനമുണ്ടായാലും ആ രാജ്യം ചര്‍ച്ചയ്ക്കു തയാറായാല്‍ അതെല്ലാം മറന്ന് ഇന്ത്യ ചര്‍ച്ചയ്ക്കു സന്നദ്ധമാകുകയാണു ചെയ്തിട്ടുള്ളത്. ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ നരേന്ദ്രമോദി വരെയുള്ള പ്രധാനമന്ത്രിമാരെല്ലാംതന്നെ ഈ വിശാല വീക്ഷണം പുലര്‍ത്തി. പാക്കിസ്ഥാനോടു കര്‍ശനനിലപാടു സ്വീകരിക്കുമെന്നു പ്രധാനമന്ത്രിയാകുന്നതിനുമുമ്പു മോദി പറഞ്ഞിരുന്നെങ്കിലും തന്റെ സ്ഥാനാരോഹണത്തിന് അദ്ദേഹം നവാസ് ഷരീഫിനെ ക്ഷണിച്ചുവരുത്തി. ഇത്തരം നല്ല സൂചനകള്‍ പലതു നല്‍കിയിട്ടും പാക്കിസ്ഥാന്‍ അതൊന്നും ഉള്‍ക്കൊണ്ടില്ല. ഭീകരപ്രവര്‍ത്തകര്‍ക്കു പാക്കിസ്ഥാന്‍ പിന്തുണ നല്‍കുന്നുണെ്ടന്നതു ലോകരാജ്യങ്ങള്‍ക്കെല്ലാം അറിവുള്ള കാര്യമാണ്. എന്നാല്‍, കാഷ്മീരിലെ ചില വിഘടനവാദികളുടെ അവകാശവാദങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഇന്ത്യക്കെതിരേ വികാരം ഉയര്‍ത്താനുള്ള ശ്രമമാണു പാക് നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുന്നതിന് എന്നും തടസം നില്‍ക്കുന്ന പാക് സൈന്യത്തിന്റെ താത്പര്യത്തിന് അവിടത്തെ ഭരണകൂടം കീഴടങ്ങുന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
ഉറി ഭീകരാക്രമണത്തെ പല ലോക രാഷ്ട്രങ്ങളും അപലപിച്ചിട്ടുണ്ട്. ഉറിയില്‍ 18 ജവാന്മാരുടെ വീരമൃത്യുവിനു കാരണമായ ഭീകരാക്രമണത്തിനുശേഷവും പാക്കിസ്ഥാന്‍ സ്വയം ന്യായീകരിക്കാന്‍ ശ്രമിക്കുന്നതു മനുഷ്യത്വത്തിനു വില കല്പിക്കുന്ന മറ്റു രാജ്യങ്ങളില്‍ പരിഹാസമേ സൃഷ്ടിക്കൂ. പെട്ടെന്നൊരു തിരിച്ചടി വേണെ്ടന്നും വൈകാരികമായ പ്രതികരണമല്ല ഇപ്പോഴുണ്ടാവേണ്ടതെന്നുമുള്ള ഇന്ത്യയുടെ സമചിത്തതയോടുകൂടിയ നിലപാടിനെ പാക്കിസ്ഥാന്‍ ദൗര്‍ബല്യമായി കാണുന്നുണ്ടാവും. കാഷ്മീരില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്നു വാദിച്ചുകൊണ്ടും ഇരുരാജ്യങ്ങളും തമ്മിലുള്ള പശ്‌നങ്ങള്‍ പരിഹരിക്കാന്‍ അമേരിക്ക ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും പാക് പ്രധാനമന്ത്രി യുഎസ് സ്റ്റേറ്റ് സെക്രട്ടറിയെ സന്ദര്‍ശിക്കുകയുണ്ടായി. ഐക്യരാഷ്ട്ര പൊതുസഭയില്‍ നവാസ് ഷരീഫ് ഇന്നു പ്രസംഗിക്കുന്നുണ്ട്. കാഷ്മീര്‍ പ്രശ്‌നവും അവിടെ ഉന്നയിക്കപ്പെട്ടേക്കാം. പൊതുസഭയിലെ പ്രസംഗത്തിനു മുന്നോടിയായി രക്ഷാസമിതിയിലെ അഞ്ചു സ്ഥിരാംഗങ്ങള്‍ക്കും ഷരീഫ് കത്തയച്ചിട്ടുണ്ട്. ലോകസമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണു കാഷ്മീര്‍പ്രശ്‌നമന്നാണു കത്തില്‍ പറയുന്നത്. ഈയവസരത്തില്‍ ഇന്ത്യ അന്താരാഷ്ട്രതലത്തില്‍ അങ്ങേയറ്റം നയതന്ത്ര വൈദഗ്ധ്യം പ്രകടിപ്പിക്കേണ്ടതുണ്ട്.
അതീവ സുരക്ഷ ഉണ്ടായിരിക്കേണ്ട സ്ഥലങ്ങളാണു പട്ടാളക്യാമ്പുകള്‍. അവിടെ ആക്രമണം നടത്താന്‍ കഴിയുകയെന്നതു ശത്രുവിന് ആഹ്ലാദകരമാണ്. അതിനുള്ള സാധ്യതകള്‍ പൂര്‍ണമായി അടയ്ക്കുകയാണു വേണ്ടത്. ശ്രീനഗര്‍-മുസാഫറാബാദ് പാതയോടു ചേര്‍ന്നുള്ള ഉറി സൈനികക്യാമ്പിന്റെ തൊട്ടടുത്തുവരെ പൊതുജനങ്ങള്‍ക്കുകടന്നുവരാന്‍ സൗകര്യമുണ്ട്. ഈ ബേസ് ക്യാമ്പില്‍ അതിക്രമിച്ചു കയറാന്‍ ഭീകരര്‍ക്കു കഴിഞ്ഞതു നമ്മുടെ വലിയ വീഴ്ച തന്നെയാണ്. പത്താന്‍കോട്ട് വലിയ നാശനഷ്ടങ്ങളുണ്ടാക്കാനാണു ഭീകരര്‍ ശ്രമിച്ചതെങ്കില്‍ ഉറിയില്‍ അവരുടെ ലക്ഷ്യം നമ്മുടെ സേനയുടെ ആത്മവീര്യം തകര്‍ക്കുക എന്നതായിരുന്നു.
ഉറിയില്‍ കടന്ന ഭീകരരുടെ പക്കല്‍നിന്നു കണ്ടെടുത്ത ആയുധങ്ങളും വെടിക്കോപ്പുകളും പാക്കിസ്ഥാന്റെ പങ്കു വ്യക്തമാക്കുന്നതാണ്. പാക് സൈന്യം ഉപയോഗിക്കുന്ന ആയുധങ്ങളാണിവ. സൈന്യം ഉപയോഗിക്കുന്ന ഈ ആയുധങ്ങള്‍ എപ്രകാരം അക്രമികളുടെ കൈയിലെത്തിയെന്നു പാക്കിസ്ഥാന്‍ പറയേണ്ടതുണ്ട്. ഇതൊക്കെയായിട്ടും ഇന്ത്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള പാക്കിസ്ഥാന്റെ ശ്രമം അപഹാസ്യമാണ്. കാഷ്മീരില്‍ അന്താരാഷ്ട്ര ഇടപെടല്‍ കൊണ്ടുവരുക എന്നതാണ് അവരുടെ ലക്ഷ്യം. പക്ഷേ വീണ്ടും വീണ്ടും തിരിച്ചടി ഉണ്ടായാല്‍ ഇന്ത്യ പ്രതികരിക്കുക തന്നെ വേണം. എല്ലായ്‌പ്പോഴും ക്ഷമ വേണ്ട. അതു നമ്മുടെ കഴിവ് കേടായി വ്യാഖ്യാനിക്കും.
https://www.facebook.com/Malayalivartha


























