ഡല്‍ഹിയിലെ വായുമലിനീകരണം; 48 മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി

ഡല്‍ഹിയിലെ വായുമലിനീകരണം തടയാന്‍ 48 മണിക്കൂറിനകം പോംവഴികള്‍ ആവിഷ്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് സൂപ്രീംകോടതി ആവശ്യപ്പെട്ടു. എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് അറിയിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. നേരത്തെ ദേശീയ ഹരിത ട്രൈബ്യൂണലും ഡല്‍ഹിയിലെ വായുമലിനീകരണ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു.
ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ച് ഡല്‍ഹിയില്‍ കൃത്രിമ മഴപെയ്യിച്ചുകൂടെയെന്ന് ട്രൈബ്യൂണല്‍ ചോദിച്ചിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ഡല്‍ഹിയെയും അയല്‍ സംസ്ഥാനങ്ങളായ ഹരിയാനയെയും പഞ്ചാബിനെയും ട്രൈബ്യൂണല്‍ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു.
മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള അഭിഭാഷകരാണ് സര്‍ക്കാറുകളെ പ്രതിനിധീകരിച്ച് ഹരിത കോടതിയില്‍ ഹാജരായത്. മലിനീകരണത്തിനെതിരെ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവുകള്‍ പൂര്‍ണമായും വായിച്ചിട്ടില്ലെന്ന് അഭിഭാഷകര്‍ കോടതിയില്‍ സമ്മതിച്ചു. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാറുകള്‍ അടിയന്തര നടപടി സ്വീകരിച്ചിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി. ഏഴ് ദിവസത്തേക്ക് ഡല്‍ഹിയിലെയും അഞ്ച് അയല്‍ സംസ്ഥാനങ്ങളിലെയും എല്ലാതരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണമെന്നും ഹരിത ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. ഡല്‍ഹിയില്‍ നാളെ വരെ സകൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ദീപാവലി ആഘോഷം കഴിഞ്ഞതോടെയാണ് വായു മലിനമായി ഡല്‍ഹിക്ക് കൂടുതല്‍ ശ്വാസം മുട്ടി തുടങ്ങിയത്. പടക്കം പൊട്ടിച്ചതിന്റെ പുകയും ഒപ്പം ശീതകാല മഞ്ഞും ചേര്‍ന്നതായിരുന്നു അവസ്ഥ. എന്നാല്‍, അതിനെക്കാള്‍ രൂക്ഷമായി പുകമഞ്ഞില്‍ മുങ്ങിനില്‍ക്കുകയാണ് ഇപ്പോള്‍ ഡല്‍ഹി. പഞ്ചാബിലും ഹരിയാനയിലും കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ കച്ചിയും കുറ്റിയും കത്തിക്കുന്നതിന്റെ പുക അടിച്ചുകയറുകയാണ്. നല്ലൊരു മഴ കിട്ടാതെ പ്രശ്‌നം പരിഹരിക്കുക എളുപ്പമല്ല.
അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള മലിനീകരണം പ്രധാന വിഷയമാണെന്നിരിക്കെ, പ്രശ്‌നപരിഹാരത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു. ഗ്യാസ് ചേംബറിന് സമാനമായ സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദീര്‍ഘകാലത്തേക്ക് സ്‌കൂളുകള്‍ അടച്ചിടാന്‍ കഴിയില്ല. കച്ചിയും കുറ്റിയും കത്തിക്കുന്നത് കര്‍ഷകര്‍ ഉടനടി അവസാനിപ്പിക്കാതെ പറ്റില്ല. നിലമൊരുക്കുന്നതിന്റെ പരമ്പരാഗതരീതി മാറ്റാന്‍ കര്‍ഷകര്‍ക്ക് കേന്ദ്രം ആനുകൂല്യങ്ങള്‍ നല്‍കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























