കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് മാനസിക രോഗത്തിന് ചികിത്സ തേടി സ്വയം പോയതാണെന്ന് ദില്ലി പൊലീസ്

നജീബ് വിഷയം പ്രതിഷേധം കനക്കുന്നു. ഉത്തരമില്ലാതെ സര്‍ക്കാരും സംവിധാനങ്ങളും എന്നാല്‍ പുത്തന്‍ വാദവുമായി ഡെല്‍ഹി പോലീസ്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥി നജീബ് അഹമ്മദ് മാനസിക രോഗത്തിന് ചികിത്സ തേടി ഹോസ്റ്റലില്‍ നിന്ന് സ്വയം പോയതാണെന്ന് ദില്ലി പൊലീസ്. കടുത്ത മാനസികാസ്വാസ്ഥ്യവും ഉറക്കമില്ലായ്മയും അനുഭവിച്ചു വരികയായിരുന്നു നജീബ് എന്നും പൊലീസ് പറയുന്നു. കാണാതാകുന്നതിന് മുന്‍പ് നജീബ് സന്ദര്‍ശിച്ച ഡോക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാണാതാകുന്നതിന്റെ രണ്ടാഴ്ച മുന്‍പ് നജീബ് ഡോക്ടറെ മൂന്ന് തവണ സന്ദര്‍ശിച്ചിരുന്നതായും പൊലീസ് പറയുന്നു. ജെഎന്‍യു ഹോസ്റ്റല്‍ റെയ്ഡ് ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ടെന്ന് പൊലീസിലെ ഉന്നതവൃത്തങ്ങളില്‍ നിന്ന് അറിയുന്നു. ജെഎന്‍യുവിലെ എംഎസ്‌സി ബയോ ടെക്‌നോളജി വിദ്യാര്‍ത്ഥിയായ നജീബിനെ കഴിഞ്ഞമാസം 15നാണ് കാണാതാകുന്നത്. എബിവിപി പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടായതിനു ശേഷമാണ് നജീബിനെ കാണാതാകുന്നത്. ഈ സംഭവത്തിനു ശേഷം നജീബ് മാനസിക സംഘര്‍ഷത്തിലേര്‍പ്പെട്ടിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. പിന്നീടുണ്ടായതിനെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. അന്ന് രാത്രി ഉറങ്ങാന്‍ പോലും കഴിയാതിരുന്ന നജീബ് വീട്ടിലേക്ക് വിളിച്ചു. താന്‍ ഹോസ്റ്റവല്‍ വിടുകയാണെന്ന് അമ്മയോട് പറഞ്ഞു. താന്‍ വരുന്നത് വരെ ഹോസ്റ്റലില്‍ തുടരണമെന്നാണ് മകന്റെ അവസ്ഥ മനസിലാക്കിയ അമ്മ പറഞ്ഞത്. കൂടാതെ താന്‍ വരുന്നത് വരെ നജീബിന്റെ കൂടെ നില്‍ക്കണമെന്ന് ഹോസ്റ്റലിലെ മറ്റുള്ളവരോടും അമ്മ പറഞ്ഞു. എന്നാല്‍ മകന് മാനസികാസ്വാസ്ഥ്യമുണ്ട് എന്ന കാര്യം അമ്മ നിഷേധിച്ചു. പക്ഷേ ചികിത്സിച്ച ഡോക്ടര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. കാണാതാകലിന് പിന്നിലെ കഥകള്‍ പൊലീസ് പറഞ്ഞെങ്കിലും നജീബിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha


























