എന്റെ മകനെ സൈന്യത്തില്‍ ചേര്‍ക്കില്ല; ഭ്രാന്താണെങ്കില്‍ നിങ്ങള്‍ എന്തിന് അതിര്‍ത്തിയില്‍ ജോലിക്കയച്ചു? ബി.എസ്.എഫ് ജവാന്റെ ഭാര്യ പ്രതികരണവുമായി

അതിര്‍ത്തി രക്ഷാസേനയിലെ സൈനികര്‍ക്ക് മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന് ദൃശ്യം സഹിതമുള്ള വീഡിയോ പുറത്തുവിട്ട ജവാന്‍ തേജ് ബഹാദൂര്‍ യാദവിന്റെ യാതന ശരിവച്ച് ഭാര്യ ശര്‍മ്മിള. ഭര്‍ത്താവ് അനുഭവിക്കുന്ന ദുരവസ്ഥ തനിക്ക് നേരിട്ടറിയാം. വീഡിയോ പുറത്തുവന്നതിനു ശേഷം അദ്ദേഹത്തെ കാണാനില്ല. എവിടെയാണെന്നോ എന്തുപറ്റിയെന്നോ അറിയിയില്ല. മകനെ ഞാന്‍ സൈന്യത്തില്‍ ചേരാന്‍ അയക്കില്ലെന്നും അവര്‍ പറയുന്നു.
മകന്‍ രോഹിത്തിനേയും സൈന്യത്തില്‍ ചേര്‍ക്കണമെന്നായിരുന്നു ആദ്യം ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഭര്‍ത്താവിന് നേരിടേണ്ടിവന്ന ദുരിതം മനസ്സിലാക്കിയതോടെ അത് ഉപേക്ഷിച്ചു. മകനും ഇപ്പോള്‍ അത്തരം ആഗ്രഹങ്ങളില്ലെന്നും ശര്‍മ്മിള ഒരു ദേശീയ വാര്‍ത്ത ചാനലിനോട് പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ശേഷം ഭര്‍ത്താവിനെ കുറിച്ച് ഒരു വിവരവുമില്ലെന്നും അദ്ദേഹം എവിടെയാണെന്ന് അറിയില്ലെന്നും ശര്‍മ്മിള പറയുന്നു. ബി.എസ്.എഫില്‍ അനുഭവിക്കേണ്ടിവന്ന യാതനകള്‍ പുറത്തുപറഞ്ഞതിന്റെ പേരില്‍ അദ്ദേഹത്തെ മോശക്കാരനായും മാനസിക വിഭ്രാന്തിയുള്ളയാളായും ആക്കിത്തീര്‍ക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. എന്റെ ഭര്‍ത്താവിന് ഭ്രാന്താണെങ്കില്‍ നിങ്ങള്‍ എന്തിന് അദ്ദേഹത്തെ അതിര്‍ത്തിയില്‍ ജോലിക്കയച്ചു.
അദ്ദേഹം ശബ്ദമുയര്‍ത്തിയത് അദ്ദേഹത്തിനു വേണ്ടി മാത്രമല്ല, ബി.എസ്.എഫിലെ മുഴുവന്‍ സൈനികര്‍ക്കും വേണ്ടിയാണ്. അദ്ദേഹത്തിന്റെ ആരോപണത്തിലെ സത്യാവസ്ഥ അന്വേഷിക്കുകയാണ് വേണ്ടതെന്നും ശര്‍മ്മിള വ്യക്തമാക്കി. അച്ഛന്റെ ആരോപണങ്ങള്‍ ശരിയാണെന്നും ആവശ്യങ്ങള്‍ ന്യായമാണെന്നും മകന്‍ രോഹിത്തും പറഞ്ഞു.
ബി.എസ്.എഫ് ജവാന്മാര്‍ക്ക് മതിയായ ഭക്ഷണം ലഭിക്കുന്നില്ലെന്നും പലപ്പോഴും വിശക്കുന്ന വയറുമായാണ് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നതെന്നും തേജ് ബഹാദൂര്‍ തിങ്കളാഴ്ച ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ മാറി, എന്നാല്‍ ഞങ്ങളുടെ അവസ്ഥ മാറിയില്ല, ഒരു പൊറോട്ടയും ഒരു ചായയുമാണ് പ്രഭാത ഭക്ഷണമായി പലപ്പോഴും ലഭിക്കുന്നത്. ഉച്ചയ്ക്ക് റൊട്ടിയ്‌ക്കൊപ്പം പരിപ്പുകറി ലഭിക്കും. എന്നാല്‍ അതില്‍ മഞ്ഞളും ഉപ്പും മാത്രമേ കാണൂ. ഇതു മാത്രം കഴിച്ചാണ് പലപ്പോഴും 11 മണിക്കൂറോളം അതിര്‍ത്തിയില്‍ ഒരേ നില്‍പ്പ് നില്‍ക്കുന്നത്. എങ്ങനെ ഞങ്ങള്‍ക്ക് ജോലി ചെയ്യുമെന്നും തേജ് ബഹാദൂര്‍ വീഡിയോയില്‍ ചോദിച്ചിരുന്നു.
വീഡിയോ കണ്ട ആഭ്യന്തരമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ തേജ് ബഹാദൂര്‍ മദ്യപാനിയും സ്വഭാവദൂഷ്യമുള്ളയാളുമാണെന്നാണ് ബി.എസ്.എഫ് അധികൃതര്‍ ട്വീറ്റ് ചെയ്തു നല്‍കുന്ന വിശദീകരണം.
https://www.facebook.com/Malayalivartha


























