ലോക്‌സഭാ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; റെയില്‍ ബജറ്റ് നാളെ

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനം ഇന്നു തുടങ്ങും. ചൊവ്വാഴ്‌ച റെയില്‍വേ ബജറ്റും പത്തിനു പൊതു ബജറ്റും അവതരിപ്പിക്കുന്ന ഈ സമ്മേളനം ഓഗസ്റ്റ് 14 വരെയാണ്. ജനക്ഷേമബജറ്റ് ലക്ഷ്യംവയ്ക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന് ഉയര്‍ന്ന പണപ്പെരുപ്പവും വളര്‍ച്ചാനിരക്കും വെല്ലുവിളിയാകും. മറ്റന്നാള്‍ സാമ്പത്തിക സര്‍വെ അവതരിപ്പിക്കും. എന്‍ഡിഎ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ പ്രതിഫലിക്കുന്ന ബജറ്റില്‍ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനുള്ള കടുത്ത പരിഷ്‌കാരങ്ങള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ബജറ്റ് അവതരിപ്പിക്കാനിരിക്കേ ട്രെയിന്‍ യാത്രാ-ചരക്കു കൂലികള്‍ വര്‍ധിപ്പിച്ചതും വിലക്കയറ്റം രൂക്ഷമായി തുടരുന്നതും ചൂണ്ടിക്കാട്ടി ആദ്യ ബജറ്റ് സമ്മേളനത്തില്‍ തന്നെ ബഹളമുണ്ടാക്കാനുള്ള തയാറെടുപ്പിലാണു പ്രതിപക്ഷ പാര്‍ട്ടികള്‍.
എന്‍ഡിഎ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ വ്യക്തമാക്കുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ ബജറ്റില്‍ മോദി സര്‍ക്കാര്‍ തയാറാക്കിയിരിക്കുന്നതെന്നാണു സൂചന. പണപ്പെരുപ്പവും വിലക്കയറ്റവും പിടിച്ചുനിര്‍ത്താനാവുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പത്തിന് അരുണ്‍ ജെയ്‌റ്റ്‌ലി അവതരിപ്പിക്കുന്ന പൊതു ബജറ്റിലുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ട്രെയിന്‍ യാത്രക്കൂലി കുത്തനെ വര്‍ധിപ്പിച്ചതിനാല്‍ അതു മൂലമുണ്ടായ പ്രതിഷേധം തണുപ്പിക്കാന്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും പറയപ്പെടുന്നു.
എന്നാല്‍, സമ്മേളനം തുടങ്ങുന്ന ഇന്നു തന്നെ വിലക്കയറ്റം വിഷയമാക്കാനാണു കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിരിക്കുന്നത്. സമ്മേളനം നടക്കാനിരിക്കേ ട്രെയിന്‍ യാത്രക്കൂലി വര്‍ധിപ്പിച്ച നടപടി പാര്‍ലമെന്റിനോടുള്ള അവഹേളനമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് സ്‌പീക്കര്‍ സുമിത്രാ മഹാജന്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, പ്രതിപക്ഷ നേതൃസ്ഥാനം വേണമെന്ന ആവശ്യം കോണ്‍ഗ്രസ് സഭയില്‍ ഉന്നയിക്കുമെന്നാണു സൂചന. കോണ്‍ഗ്രസിനു പ്രതിപക്ഷ നേതൃസ്ഥാനം നല്‍കുന്നതിനോടു ബിജെപി എതിര്‍ത്ത സാഹചര്യത്തില്‍ സ്‌പീക്കറുടെ തീരുമാനം നിര്‍ണായകമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha