ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ പാലുകൊടുക്കാൻപ്പോലും സമ്മതിക്കാതെ പോലീസിന്റെ ക്രൂരത

നോ പാര്‍ക്കിങ് മേഖലയില്‍ കാര്‍ നിര്‍ത്തിയിട്ടതിന് ഏഴുമാസം പ്രായമുള്ള കുഞ്ഞിനോടും അമ്മയോടും കൊടുക്രൂരത കാട്ടി മുംബൈ പോലീസ്. അമ്മ കുഞ്ഞിന് കാറിനുള്ളിൽ വച്ച് പാലുകൊടുക്കുകയായിരുന്നു. എന്നാൽ അതൊന്നും പോലീസ് കാര്യമാക്കിയില്ല. കുഞ്ഞും അമ്മയും കാറിനുള്ളിലിരിക്കെ ഗതാഗത നിയമം ലംഘിച്ചതിന് കാര്‍ കെട്ടിവലിക്കുകയായിരുന്നു നിയമപാലകർ. മുംബൈ മാലാഡിലെ എസ് വി റോഡിലാണ് സംഭവം.
'ഞാന്‍ കുഞ്ഞിന് പാല് കൊടുക്കുകയാണ്. എന്റെ കുഞ്ഞിന് സുഖമില്ല. ഈ കാര്‍ കെട്ടി വലിക്കുന്നത് നിര്‍ത്താന്‍ നിങ്ങള്‍ പോലീസിനോട് പറയൂ' എന്ന് കാറിനുള്ളിലെ സ്ത്രീ യാചിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. കാർ കെട്ടിവലിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ ചലാന്‍ നല്‍കി പിഴ അടപ്പിക്കാനുള്ള വ്യവസ്ഥ നിലനില്‍ക്കെ പാലൂട്ടുന്ന അമ്മയെയും കുഞ്ഞിനെയും കെട്ടി വലിച്ചു കൊണ്ടു പേവേണ്ട അടിയന്തിര സാഹചര്യം പോലീസ് കൈക്കൊണ്ടതെന്തിനാണെന്നാണ് വീഡിയോ കണ്ടവരുടെ ചോദ്യം. സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് ഫെയ്സ്ബുക്കില്‍ പ്രചരിച്ചുതുടങ്ങിയത്.
സ്ത്രീയുടെ നിലവിളി കേട്ട് വഴിയാത്രക്കാര്‍ പോലീസിനെ ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. യൂണിഫോമില്‍ പേര് വെളിപ്പെടുത്തുന്ന നെയിം പ്ലേറ്റ് പോലും ധരിക്കാതെയാണ് പോലീസ് നിയമ പാലത്തിനിറങ്ങിയത്. കുഞ്ഞിനെ ഡോക്ടറെ കാണിച്ച് മടങ്ങിവരുന്ന വഴിയാണ് താന്‍ എന്ന് സ്ത്രീ പറയുന്നുണ്ട്.
നിയമം തെറ്റിച്ച മറ്റ് വാഹനങ്ങളുണ്ടായിട്ടും തന്നോടും കുഞ്ഞിനോടും പോലീസ് ക്രൂരമായി പെരുമാറുന്നുവെന്ന് സ്ത്രീ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട വീഡിയോ ശ്രദ്ധയില്‍പെട്ടതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍.
https://www.facebook.com/Malayalivartha


























