പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചായക്കാരനാക്കി ചിത്രീകരിച്ച് യൂത്ത് കോൺഗ്രസ്സ് മാസികയുടെ ട്രോൾ; പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്ത്

നമ്മുടെ ഇന്ത്യൻ പ്രധാനമന്ത്രി ചായക്കടക്കാരനായിരുന്നതൊക്കെ ശരിയാണ്. എന്നാൽ ഇപ്പോൾ പ്രധാനമന്ത്രി പദവി അലങ്കരിക്കെ മോദിയെ പരിഹസിക്കുന്നത് ശരിയാണോ?. യൂത്ത് കോൺഗ്രസിന്റെ ഓൺലൈൻ മാസികയിൽ മോദിയെ ചായക്കാരനാക്കി പരിഹസിച്ച് ട്രോൾ ഇറക്കിയിരിക്കുകയാണ്.
യൂത്ത് കോൺഗ്രസ്സ് മാസികയായ യുവ് ദേശിലാണ് മോദിയെ കളിയാക്കുന്നത്. മോദിയെ ചായക്കാരനാക്കി ചിത്രീകരിച്ചതിന് യൂത്ത് കോൺഗ്രസ് വിവാദത്തിലായിരിക്കുകയാണ്. ബിജെപി പാർട്ടിയെ ഇത് ചൊടിപ്പിക്കുകയും ചെയ്തു.
ഇതിനെതിരെ ബിജെപി പ്രവർത്തകർ രംഗത്തെത്തിയതോടെ മാസികയിൽനിന്നും ട്രോൾ പിൻവലിച്ചെങ്കിലും ശക്തമായ പ്രതിഷേധമാണ് ബിജെപിയിൽ നിന്നുമുയരുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ബ്രിട്ടൻ പ്രധാനമന്ത്രി തെരേസ മേ എന്നിവർക്കൊപ്പം മോദി നിൽക്കുന്ന ചിത്രമാണ് ട്രോളിന് വേണ്ടി ഉപയോഗിച്ചത്.
നഷ്ടം സംഭവിച്ച് കഴിഞ്ഞു, ഇനി ഇത് തിരുത്താൻ കഴിയില്ലെന്ന് ബി.ജെ.പി നേതാവ് സുധാംശും ത്രിവേദി പറഞ്ഞു. നിങ്ങൾ ഇത് മന:പൂർവമോ അല്ലാതെയോ ചെയ്തതായിരിക്കും. ഇത് കാരണം നിങ്ങൾക്ക് വരുത്തി വയ്ക്കുന്ന നഷ്ടം വളരെ വലുതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാവങ്ങളെ കളിയാക്കുന്ന മനസ്ഥിതി എത്രയോ അപഹാസ്യമാണെന്ന് കോൺഗ്രസിനെ വിമർശിച്ച് കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ് പ്രതികരിച്ചു.
ഇതിനുള്ള മറുപടി ഗുജറാത്തിലെ ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ നൽകുമെന്ന് ബി.ജെ.പി നേതാവ് സംപ്രീത് പത്ര പറഞ്ഞു. 2014ൽ മോദിയുടെ ജീവിത പശ്ചാത്തലം വിമർശിച്ച കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ നടപടിയും വിവാദമായിരുന്നു. എന്നാൽ ഇത്തരം അപഹാസ്യമായ ട്രോളുകൾ പ്രോത്സാഹിപ്പിക്കാറില്ലെന്ന് കോൺഗ്രസ് വക്താവ് റൺദീപ് സിംഗ് സുജേർവാല പറഞ്ഞു.
പ്രധാനമന്ത്രിയോടും രാഷ്ട്രീയ എതിരാളികളോടും എപ്പോഴും ബഹുമാനം മാത്രമാണ് കോൺഗ്രസിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

https://www.facebook.com/Malayalivartha



























