കേരളത്തിന് എയിംസ് എന്ന വാഗ്ദാനം യുപിഎ സര്‍ക്കാരിന്റെ കാലംമുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്. പത്ത് കൊല്ലം ഭരിച്ചിട്ടും ഒന്നും ചെയ്തില്ല; സുരേഷ് ഗോപി കേന്ദ്രമന്ത്രിയായിട്ടും എയിംസ് എന്ന സ്വപ്‌നം ഗോപിയായി

കേരളത്തിന് എയിംസ് എന്ന വാഗ്ദാനം യുപിഎ സര്‍ക്കാരിന്റെ കാലംമുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്. പത്ത് കൊല്ലം ഭരിച്ചിട്ടും ഒരു ചുക്കും ചെയ്തില്ല. ഇടത് സര്‍ക്കാര്‍ കോഴിക്കോട് കിനാലൂരില്‍ 150 ഏക്കര്‍ ഭൂമി ഏറ്റെടുക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പടലപ്പിണക്കങ്ങള്‍ കാരണം അത് നീണ്ടുപോയി. സുരേഷ് ഗോപി ജയിച്ചതിന് പിന്നാലെ കേരളത്തില്‍ എയിംസ് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാലത് കോഴിക്കോട്ട് ആകില്ലെന്നും പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് എം.കെ രാഘവന്‍ എംപിയും സുരേഷ് ഗോപിയും പരസ്പ്പരം കൊമ്പ് കോര്‍ത്തിരുന്നു. അതേ സുരേഷ് ഗോപി കേന്ദ്രമന്ത്രിയായിട്ടും എയിംസ് എന്ന സ്വപ്‌നം ഗോപിയായി. അദ്ദേഹത്തിന് ടൂറിസം വകുപ്പിന്റെ ചുമതലയുണ്ടെങ്കിലും ശ്രദ്ധേയമായ യാതൊരു പദ്ധതിയും പ്രഖ്യാപിച്ചില്ല. അപ്രതീക്ഷിതമായി മന്ത്രിസഭയില്‍ ഇടംപിടിച്ച ജോര്‍ജ് കുര്യനും യാതൊരു നേട്ടവും ഉണ്ടാക്കാനായില്ല.
കേരളത്തില്‍ അക്കൗണ്ട് തുറന്നതിന്റെ ഗും അതുക്കും മേലെയാക്കാനുള്ള സുവര്‍ണാവസരമാണ് ബിജെപി കേന്ദ്രനേതൃത്വം നഷ്ടപ്പെടുത്തിയത്. എയിംസിന് പകരം മറ്റെന്തെങ്കിലും വന്‍കിടപദ്ധതികളോ, മറ്റ് പ്രഖ്യാപനങ്ങളോ നടത്തിയിരുന്നെങ്കിലും വലിയ മൈലേജായേനെ. റെയില്‍വേയ്ക്ക് പോലും ഒന്നും നല്‍കാനായില്ല. ഇതോടെ സംസ്ഥാന ബിജെപി നേതൃത്വം ഒറ്റക്കെട്ടായി കേന്ദ്രനേതൃത്വത്തെ സമീപിക്കാനൊരുങ്ങുകയാണെന്നാണ് വിവരം. നേതാക്കളെയും ധനമന്ത്രിയേയും നേരില്‍ കണ്ട് കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ബജറ്റിലെ പ്രതീക്ഷകള്‍ മങ്ങിയെങ്കിലും കേരളത്തിന് അതിലും വലിയ സര്‍പ്രൈസ് കൊണ്ടുവരാനുള്ള നീക്കമാണ് നടത്തുക. തൊഴിലവസരങ്ങള്‍ കേരളത്തിന് ലഭിക്കുമെന്ന പ്രഖ്യാപനം അങ്ങോട്ട് ഏശിയിട്ടില്ല. ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച തീര്‍ത്ഥാടന ടൂറിസം പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടും ശബരിമലയെ ഒഴിവാക്കി. ഇതിനൊക്കെ വലിയ വിലനല്‍കേണ്ടി വരും. അതുകൊണ്ട് താമസിയാതെ അമ്പരപ്പിക്കുന്ന കാര്യങ്ങള്‍ കേരളത്തിനായി കൊണ്ടുവരുമെന്ന ആത്മവിശ്വാസമാണ് ബിജെപി നേതാക്കള്‍ പങ്കുവയ്ക്കുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ, വമ്പന്‍ നീക്കങ്ങള്‍ നടത്തിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിനറിയാം. കഴിഞ്ഞ തവണ പന്തളം നഗരസഭ വരെ പിടിച്ചെടുത്തിരുന്നു. ഇത്തവണ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ താമര വിരിയും എന്ന് തന്നെയാണ് പ്രതീക്ഷ. അതിനാല്‍ അതിനനുസരിച്ച് കാര്യങ്ങള്‍ നീങ്ങിയില്ലെങ്കില്‍ തിരിച്ചടിയാകും. ഇപ്പോള്‍ തന്നെ കോണ്‍ഗ്രസും സിപിഎമ്മും വാളോങ്ങിയിരിക്കുകയാണ്. സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറന്നെങ്കിലും കേരളത്തിന്റെ അക്കൗണ്ട് പൂട്ടിച്ചെന്നാണ് ഇവരുടെ അവകാശവാദം. എന്നാല്‍ അടിസ്ഥാനസൗകര്യ വികസനത്തിന് 11.11 ലക്ഷം കോടി അനുവദിച്ചത് കേരളത്തിന് ഗുണമാകുമെന്നാണ് സംസ്ഥാന ബിജെപി നേതാക്കള്‍ പറയുന്നത്.
ഈ തുക വിഴിഞ്ഞം തുറമുഖത്തിന്റെ അടക്കം അനുബന്ധ വികസനത്തിന് വിനിയോഗിക്കും. ക്രൂസ് ടൂറിസം ശക്തിപ്പെടുത്താനുള്ള തീരുമാനവും വിദേശ ക്രൂസ് കമ്പനികള്‍ക്ക് രാജ്യത്ത് ആഭ്യന്തര ക്രൂസുകള്‍ തുടങ്ങാനും പ്രവര്‍ത്തിക്കാനും നികുതി ഇളവ് അനുവദിച്ചത് വിഴിഞ്ഞത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. അദാനി ഗ്രൂപ്പും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള സൗഹൃദം മറ്റ് പല പദ്ധതികള്‍ക്കും ഗുണമാകും.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള വായ്പാ പരിധി 10 ലക്ഷമായി ഉയര്‍ത്തി. നിലവിലെ സാഹചര്യത്തില്‍ അത് വലിയ നേട്ടമാണ്. മുദ്രാ ലോണ്‍ 20 ലക്ഷമാക്കി ഉയര്‍ത്തിയത് ചെറുകിട സംരംഭങ്ങള്‍ക്ക് അടക്കം ഗുണപ്രദമാകും. ചെറുകിട വ്യവസായ മേഖലയ്ക്കും അനുഗ്രഹമാകും. തദ്ദേശീയ താപവൈദ്യുതി നിലയങ്ങള്‍ ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനമുണ്ട്. ഇത് കേരളത്തിന് ആശ്വസമാകുമെന്നാണ് വിലയിരുത്തല്‍. അതുപോലെ സോളാര്‍ പദ്ധതിയും.
നിലവില്‍ സംസ്ഥാനത്തെ 30 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. അത്രയും സീറ്റുകള്‍ 2026ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കാന്‍ ബിജെപിക്ക് കഴിയും. ആ രീതിക്ക് കാര്യങ്ങള്‍ എത്തണമെങ്കില്‍ കേന്ദ്രസഹായങ്ങളും പദ്ധതികളും ആനുകൂല്യങ്ങളും വലിയതോതിലുണ്ടാകണം. സംസ്ഥാന സര്‍ക്കാരിന് തടയിടാന്‍ കഴിയാത്ത രീതിയിലുള്ള പദ്ധതികളായിരിക്കണം പ്രഖ്യാപിക്കേണ്ടതും നടപ്പാക്കേണ്ടതും. കൂടുതല്‍ ജനോപകാരപ്രദമായ പദ്ധതികളാണെങ്കില്‍ അതിവേഗം നടപ്പാക്കാനാകും. അതിനാല്‍ ഭരണം ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഉണ്ടാവേണ്ടത്.
ദക്ഷിണേന്ത്യയില്‍ ബിജെപി മുഖ്യമന്ത്രിമാരുള്ള സംസ്ഥാനങ്ങളില്ല. ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിലെ സഖ്യകക്ഷിമാത്രമാണ് ബിജെപി. ആ ക്ഷീണം മാറണമെങ്കില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ആ രീതിയിലുള്ള പരിഗണന നല്‍കണം. വിഴിഞ്ഞം തുറമുഖ പദ്ധതി പലതവണ പ്രശ്‌നങ്ങളിലായിട്ടും അതെല്ലാം പരിഹരിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞത് പ്രധാനമന്ത്രിയുടെ ഇടപെടല്‍ കൊണ്ട് മാത്രമാണ്. പദ്ധതിയുടെ നിര്‍മാണ വേഗം അതിന് ഉദാഹരണമാണ്. ഉത്തരകേരളത്തിലും തെക്കന്‍ കേരളത്തിലും പ്രധാനപ്പെട്ട അടിസ്ഥാനസൗകര്യവികസന പദ്ധതികളോ, അല്ലെങ്കില്‍ മറ്റ് പ്രധാന സ്ഥാപനങ്ങളോ ആരംഭിക്കണം.
അവയൊക്കെ എല്ലാത്തരത്തിലുമുള്ള ജനങ്ങള്‍ക്ക് ഗുണപ്രദമാകുന്നതായിരിക്കണം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതാണെങ്കില്‍ വളരെ നല്ലതാണ്. എങ്കില്‍ രാഷ്ട്രീയ ഭേദമന്യേ ജനം ബിജെപിക്ക് വോട്ട് ചെയ്യും. കൂടുതല്‍ താമരകള്‍ അറബിക്കടലിന്റെ തീരത്ത് വിരിയുകയും ഇവിടെ അവശേഷിക്കുന്ന ഒരു തരി കനല്‍ കടലില്‍ വീണടിയുകയും ചെയ്യും. അതിന് കൂട്ടായ പരിശ്രമം ആവശ്യമാണ്. സംസ്ഥാനത്തെ ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും അതിനായി മുന്നിട്ടിറങ്ങണം.
https://www.facebook.com/Malayalivartha