കേരളത്തിൽ അനുഭവപ്പെടുന്ന രൂക്ഷമായ മണ്ണെണ്ണ ക്ഷാമം പരമ്പരാഗത മത്സ്യബന്ധന മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു; വിഷയത്തിൽ കേന്ദ്രസർക്കാരിൻ്റെ അടിയന്തിര ശ്രദ്ധ ക്ഷണിച്ചു കൊണ്ട് ലോക്‌സഭയിൽ ഇടപെടൽ നടത്തി ശശിതരൂർ എം പി

കേരളത്തിൽ അനുഭവപ്പെടുന്ന രൂക്ഷമായ മണ്ണെണ്ണ ക്ഷാമം പരമ്പരാഗത മത്സ്യബന്ധന മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന് ഡോ. ശശിതരൂർ എം പി. പൊതുവിതരണ സംവിധാനത്തിലൂടെ ലഭിച്ചിരുന്ന മണ്ണെണ്ണ ഉപയോഗിച്ച് നാടൻ വള്ളങ്ങളിൽ മത്സ്യബന്ധനത്തിനായി പോകുന്ന പരമ്പരാഗത തൊഴിലാളികൾക്ക് മണ്ണെണ്ണ കിട്ടാത്തതിനാൽ മത്സ്യബന്ധനത്തിനായി പോകാൻ കഴിയുന്നില്ല.
ഈ വിഷയത്തിൽ കേന്ദ്രസർക്കാരിൻ്റെ അടിയന്തിര ശ്രദ്ധ ക്ഷണിച്ചു കൊണ്ട് ലോക്‌സഭയിൽ ഇടപെടൽ നടത്തി എന്നും അദ്ദേഹം പറഞ്ഞു. മണ്ണെണ്ണ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് നാടൻ വള്ളങ്ങൾ കടലിൽ മൽസ്യബന്ധനത്തിനു പോകാൻ കരിഞ്ചന്തയിൽ നിന്നാണ് കൊള്ള വിലയ്ക്ക് മണ്ണെണ്ണ വാങ്ങുന്നത്.
ഈ സാഹചര്യത്തിൽ അടിയന്തിരമായി കേന്ദ്രസർക്കാർ കേരളത്തിന് മണ്ണെണ്ണ വിഹിതം വർദ്ധിപ്പിച്ചു നൽകണം. പരമ്പരാഗത മൽസ്യത്തൊഴിലാളികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണം. തൊഴിലാളികൾ മൽസ്യബന്ധനത്തിനായി പോകുന്ന സമയം വെട്ടിക്കുറച്ച് ജീവിക്കാനായി മറ്റ് ജോലികൾക്ക് പോവുകയാണ് എന്നും ശശിതരൂർ വ്യക്തമാക്കി .
https://www.facebook.com/Malayalivartha