പെരിന്തല്‍മണ്ണയില്‍ വിജയിച്ച മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് ശരിവച്ച ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു; കേരളത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട്

കേരളത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ചര്‍ച്ചയും നടത്താതെ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാരിന്റെ പരീക്ഷണശാലയല്ല കേരളത്തിലെ വിദ്യാഭ്യാസരംഗമെന്നും അദ്ദേഹം പറഞ്ഞു.
പെരിന്തല്‍മണ്ണയില്‍ വിജയിച്ച മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് ശരിവച്ച ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു. തെറ്റായ വാദത്തെ തുടര്‍ന്നാണ് ഇത്തരമൊരു കേസ് ഉണ്ടായതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ് എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
എന്നും വയനാട്ടില്‍ സൈന്യത്തിന്റെയും എന്‍.ഡി.ആര്‍.എഫിന്റെയും സാന്നിധ്യം ഒഴിച്ചാല്‍ കേന്ദ്രത്തിന്റെ ഒരു സഹായവും ഉണ്ടായിട്ടില്ല. കേന്ദ്രം സാമ്പത്തികമായി സഹായിക്കാന്‍ തയാറാകണം. വയനാട് പുനരധിവാസ പ്രക്രിയയ്ക്കും അപകടത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും വേണ്ടിയുള്ള പ്രത്യേക പാക്കേജാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കേണ്ടത്.
ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള വാണിങ് സിസ്റ്റം വയനാട് ഉള്‍പ്പെടെ സംസ്ഥാനത്താകെ പ്രയോജനപ്പെടുത്തണം. കാലാവസ്ഥാ വ്യാതിയാനത്തിന്റെ ഏറ്റവും വലിയ ഇരയായി മാറിക്കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി .
പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനും മനുഷ്യനെ അവിടെ നിന്നും മാറ്റാനും സാധിക്കണം. ലോകത്ത് എല്ലായിടത്തുമുള്ള ഈ സംവിധാനങ്ങള്‍ കേരളത്തിലും ഉണ്ടാകണം. കേന്ദ്ര- സംസ്ഥാന വകുപ്പുകള്‍ സംയോജിച്ച് ലോക നിലവാരമുള്ള വാണിങ് സിസ്റ്റവും ഇവാക്യുവേഷന്‍ സിസ്റ്റവും സ്ഥാപിക്കണം. ഇനി ഇത്തരമൊരു ദുരന്തം ഉണ്ടാകാന്‍ പാടില്ല. അതിന് വേണ്ടിയാണ് കേന്ദ്ര സഹായം നല്‍കേണ്ടത്. പ്രധാനമന്ത്രി വയനാട് സന്ദര്‍ശിച്ച് മടങ്ങിയാല്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് യു.ഡി.എഫിനുള്ളത് എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha