കേസെടുത്തില്ലെങ്കിലും അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം; റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ജസ്റ്റിസ് ഹേമ കത്തിലൂടെ ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

നാലര വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹേമ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിലെ കുറച്ചു ഭാഗങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പുറത്തുവന്ന ഭാഗങ്ങളില്‍ തന്നെ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; നാടിന്റെ അഭിമാനമായ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമുള്ള ഒരു മേഖലയാണ് സിനിമ. ആ സിനിമ ലേകത്ത് കുറച്ചു പേര്‍ നടത്തിയ ലൈംഗിക ചൂഷണങ്ങളും ക്രിമിനല്‍വത്ക്കരണവും ലഹരി ഉപഭോഗവുമൊക്കെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരിക്കുന്നത് എന്നും വി ഡി സതീശൻ പറഞ്ഞു .
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തയാറാക്കിയതു തന്നെ ഇരകളായ സ്ത്രീകളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ്. മൊഴികള്‍ പെന്‍ഡ്രൈവുകളായും വാട്‌സാപ് മെസെജുകളായും സര്‍ക്കാരിന്റെ ലോക്കറിലുണ്ട്. മുഖ്യമന്ത്രിക്കും കഴിഞ്ഞ സര്‍ക്കാരിലെയും ഈ സര്‍ക്കാരിലെയും സാംസ്‌കാരിക മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം അറിയാം. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ ആരെങ്കിലും പരാതി തന്നാല്‍ കേസെടുക്കാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കുറ്റകൃത്യങ്ങളുടെ ഒരു പരമ്പര നടന്നതിന് തെളിവായി ഇരകളുടെ മൊഴികളും പെന്‍ഡ്രൈവുകളും ഉണ്ടായിട്ടും സര്‍ക്കാര്‍ കേസെടുക്കാത്തത് എന്തുകൊണ്ടാണ്?
കേസെടുത്തില്ലെങ്കിലും അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ജസ്റ്റിസ് ഹേമ കത്തിലൂടെ ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. ജസ്റ്റിസ് ഹേമ നല്‍കിയ കത്ത് സര്‍ക്കാരിന്റെ കയ്യില്‍ മാത്രമെയുള്ളൂവെന്ന ധൈര്യത്തിലാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്. ലൈംഗിക ചൂഷണത്തിന് ഇരകളാകുന്നവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന സുപ്രീം കോടതി മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് മാത്രമെ റിപ്പോര്‍ട്ട് പുറത്ത് വിടാവൂ എന്നാണ് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടത്. അതിനെയാണ് മുഖ്യമന്ത്രി ദുര്‍വ്യാഖ്യാനം ചെയ്ത് പച്ചക്കള്ളം പറഞ്ഞത് എന്നും വി ഡി സതീശൻ പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ കേസെടുക്കാതിരിക്കുകയോ ചെയ്താല്‍ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 199 അനുസരിച്ച് കുറ്റകൃത്യമാണ്. നാലര വര്‍ഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മൂടിവച്ച മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിമാരും ഉദ്യോഗസ്ഥരും ഭാരതീയ ന്യായ സംഹിത പ്രകാരം കുറ്റകൃത്യം ചെയ്തിരിക്കുകയാണ്. കുറ്റകൃത്യം നടന്നെന്ന് വ്യക്തമായ സാഹചര്യത്തില്‍ കേസെടുക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട് എന്നും വി ഡി സതീശൻ പറഞ്ഞു.
https://www.facebook.com/Malayalivartha