രണ്ട് മുന്നണികളുടെയും ദുർഭരണം മടുത്താണ് ജനം ബിജെപിയുടെ പുരോഗമന നിലപാടുമായി സഹകരിക്കാൻ തീരുമാനിച്ചത്; അല്ലാതെ ഒരു പൊലീസുകാരൻ ചർച്ച നടത്തിയാൽ തൃശൂരിലെ ജനങ്ങളുടെ മനസ് മാറ്റാൻ കഴിയും എന്ന ചിന്ത അവരെ വില കുറച്ച് കാണുകയാണ്; തുറന്നടിച്ച് സന്ദീപ് വാചസ്പതി

എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന വി.ഡി സതീശൻ്റെ ഉണ്ടയില്ലാ വെടിക്ക് പിറകെയാണ് മാധ്യമങ്ങളെല്ലാം . വിമർശനവുമായി സന്ദീപ് വാചസ്പതി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ഇനി അഥവാ അങ്ങനെ ഒരു കൂടിക്കാഴ്ച നടന്നാൽ തന്നെ ആകാശം ഇടിഞ്ഞു വീഴുമോ? സതീശൻ്റെ തന്നെ അഭിപ്രായത്തിൽ ആർഎസ്എസ് ആണ് രാജ്യം ഭരിക്കുന്നത്. അങ്ങനെ ഉള്ള സംഘടനയുടെ രണ്ടാമനെ ഒരു പോലീസുദ്യോഗസ്ഥൻ കണ്ടാൽ എന്താണ് സംഭവിക്കുന്നത്? തൃശ്ശൂരിൽ ഏഴു നിലയിൽ പൊട്ടിയതിൻ്റെ ജാള്യം മറയ്ക്കാൻ ആരുടെയെങ്കിലും പുറത്ത് കുതിര കയറിയാൽ മതിയെങ്കിൽ അതിന് പോലും ഈ ആരോപണം മതിയാവില്ല.
ആർഎസ്എസ് നേതാക്കളെ കാണാൻ ഐപിഎസ് ഐഎഎസ് ഉദ്യോഗസ്ഥർ മാത്രമല്ല എത്താറുള്ളത്. അംബാസഡർമാർ, സേനാ മേധാവികൾ, ശാസ്ത്രജ്ഞർ, വിവിധ മത നേതാക്കൾ, മന്ത്രിമാർ, ഗവർണ്ണർമാർ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിൽ ഉള്ളവർ സംഘ പ്രചാരകന്മാരെയും കാര്യകർത്താക്കളെയും സന്ദർശിക്കുകയും ചർച്ച നടത്തുകയും ചെയ്യാറുണ്ട്. അതിൽ ഒരു അസ്വാഭാവികതയും ഇല്ല. കേരളത്തിലെ വയറ്റിപ്പിഴപ്പ് രാഷ്ട്രീയക്കാരും മാധ്യമങ്ങളും മാത്രമാണ് അതിൽ കുഴപ്പം ആരോപിക്കുന്നത്.
രണ്ട് മുന്നണികളുടെയും ദുർഭരണം മടുത്താണ് ജനം ബിജെപിയുടെ പുരോഗമന നിലപാടുമായി സഹകരിക്കാൻ തീരുമാനിച്ചത്. അല്ലാതെ ഒരു പൊലീസുകാരൻ ചർച്ച നടത്തിയാൽ തൃശൂരിലെ ജനങ്ങളുടെ മനസ് മാറ്റാൻ കഴിയും എന്ന ചിന്ത അവരെ വില കുറച്ച് കാണുകയാണ്. തൃശ്ശൂരിലെ പ്രബുദ്ധരായ ജനങ്ങളുടെ ജനാധിപത്യ ബോധത്തെയും സ്വതന്ത്ര ചിന്താഗതിയെയും വെല്ലുവിളിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ ആർഎസ്എസിനെ ജനങ്ങളുടെ ശത്രു പക്ഷത്ത് നിർത്താനുള്ള ഇടത് വലത് നേതാക്കളുടെ നീക്കം രാജ്യം എന്നേ തള്ളിക്കളഞ്ഞതാണ്. ഈ തൊട്ടുകൂടായ്മ മനസ്ഥിതിയും ഫാസിസ്റ്റ് ചിന്താഗതിയുമാണ് ഇരുവരെയും ഉപ്പ് വെച്ച കലം പോലെ ആക്കിയത്.
https://www.facebook.com/Malayalivartha