സിപിഎമ്മിന്റെയും പിണറായി വിജയന്റെയും അടിത്തറ മാന്തി പി.വി. അന്‍വര്‍; പിണറായിയെ തള്ളി കോണ്‍ഗ്രസിലേക്ക് മടങ്ങി വന്നേക്കും?
സിപിഎമ്മിന്റെയും പിണറായി വിജയന്റെയും അടിത്തറ മാന്തിയിരിക്കുന്ന പി.വി. അന്‍വര്‍ പിണറായിയെ തള്ളി കോണ്‍ഗ്രസിലേക്ക് മടങ്ങിവന്നേക്കുമെന്ന് സൂചന. പി ശശിക്കും എഡിജിപി എം.ആര്‍. അജിത്കുമാറിനുമെതിരെ അന്‍വര്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന ആക്രമണത്തില്‍ സിപിഎം വിറളിപിടിച്ചിരിക്കുകയാണ്. അന്‍വര്‍ ജനിച്ചതും വളര്‍ന്നതും പരമ്പരാഗത കോണ്‍ഗ്രസ് കുടുംബത്തിലാണെന്നിരിക്കെ കോണ്‍ഗ്രസില്‍ തിരികെയെത്തിക്കാന്‍ മുസ്ലീം ലീഗ് നേതാക്കള്‍ കരുനീക്കം നടക്കുന്നുണ്ട്. കെടി ജലീലും അന്‍വറിനൊപ്പം നില്‍ക്കുന്നതും ഇടതുക്യാമ്പില്‍ വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
സമ്പന്നനും വന്‍ വ്യവസായിയുമായ പിവി അന്‍വറിനെ ഒപ്പം കൂട്ടിയതില്‍ സിപിഎം കടുത്ത ആശങ്കയിലാണ്. ശശിയെയും അജിത്കുമാറിനെയും രക്ഷപ്പെടുത്താന്‍ പിണറായി പെടാപ്പാട് പെടുമ്പോള്‍ ആന്‍വര്‍ വീണ്ടും ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നു. അന്‍വറിനോട് വായ അടയ്ക്കാന്‍ പിണറായിയും ഗോവിന്ദനും ആദ്യം നയപരമായ നീക്കമാണ് നടത്തിയത്. അന്‍വര്‍ അടിങ്ങില്ലെന്നു കണ്ടതോടെ കര്‍ക്കശമായ ഭീഷണിയുടെ തലത്തിലേക്കു നീങ്ങിയെങ്കിലും അന്‍വര്‍ ആ വിരട്ടലില്‍ വീഴുന്നില്ല. സിപിഎം ചേരിയില്‍ നിന്ന് പുറത്താക്കാന്‍ അന്‍വര്‍ സിപിഎമ്മില്‍ മാമോദീസ മുങ്ങിയ എംഎല്‍എയല്ല, മറിച്ച് സ്വതന്ത്രനായി ജയിച്ചയാളാണ്.
സിപിഎമ്മിന്റെ അടിപറിക്കുക മാത്രമല്ല ഏറെ വൈകാതെ അന്‍വര്‍ കോണ്‍ഗ്രസില്‍ തിരികെ ചേക്കേറാനുള്ള അണിയറ നീക്കങ്ങള്‍ മലപ്പുറം ജില്ലയില്‍ നടക്കുന്നുണ്ട്. മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസിന്റെ ഏക ശക്തികേന്ദ്രമായിരുന്ന നിലമ്പൂര്‍ നഷ്ടമായതില്‍ കോണ്‍ഗ്രസിന് ഇന്നും അതിയായ ആശങ്കയുണ്ട്. കോളജ് ജീവിതകാലത്ത് കെഎസ്‌യുവിന്റെ കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്ന അന്‍വര്‍ അപ്രതീക്ഷിതമായാണ് 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിലെ ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തി അന്‍വര്‍ കേരളത്തില്‍ വാര്‍ത്ത സൃഷ്ടിച്ചു. വീണ്ടും 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, അന്‍വര്‍ വീണ്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് കോണ്‍ഗ്രസിലെ വി.വി പ്രകാശിനെ പരാജയപ്പെടുത്തി. ഇത്തരത്തില്‍ സിപിഎം തുറുപ്പു ചീട്ടാക്കി ഉപയോഗിച്ചെങ്കിലും മന്ത്രിസഭയില്‍ ഇടം നല്‍കാത്തതില്‍ അന്‍വറിനുള്ള അമര്‍ഷമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഇന്നോ ഇന്നലയോ തുടങ്ങിയതല്ല അന്‍വറുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങള്‍. ഭൂമി കയ്യേറ്റം, അനധികൃത നിര്‍മാണം തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴൊക്കെ പിണറായി വിജയും സിപിഎമ്മുമാണ് അന്‍വറിനെ രക്ഷിച്ചത്. രണ്ടാം പിണറായി സര്‍ക്കാരില്‍ അന്‍വര്‍ ഒരു മന്ത്രിസ്ഥാനം ആത്മാര്‍ഥമായി പ്രതീക്ഷിച്ചിരുന്നു. അത്തരത്തില്‍ പിണറായി വിജയന്‍ അന്‍വറിനെ ഏറെക്കാലം പ്രലോഭിപ്പിക്കുകയും ചെയ്തിരുന്നു. ഇടതുമുന്നണിയിലുണ്ടായ മോഹഭംഗങ്ങള്‍ക്കൂടിയാണ് ഇന്ന് ഇത്തരത്തില്‍ കളത്തിലിറങ്ങി പോരാടാന്‍ അന്‍വറിനെ നിര്‍ബന്ധിതനാക്കുന്നത്.
എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരെ ആരോപണങ്ങളുമായി ഇന്ന് അന്‍വര്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെ കാണുമ്പോള്‍ അതുമൊരു വിവാദമായിത്തീരും. മാത്രവുമല്ല പി.ശശിക്കെതിരെ ദര്‍വേഷ് സാഹിബിനു പരാതി കൊടുക്കാനും സാധ്യത തെളിഞ്ഞിരിക്കുന്നു. ഇത്തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ പിണറായി വിജയനും ഇടതു സര്‍ക്കാരും ഭരണത്തില്‍ തീര്‍ന്നതുതന്നെ. സിനിമാ വിവാദത്തില്‍ സിപിഎം എംഎല്‍എ മുകേഷ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ഇമേജ് തകര്‍ത്തതിനു പിന്നാലെയാണ് അന്‍വറിന്റെ വക പാളയത്തില്‍ പട. കേരളത്തെ ഞെട്ടിക്കുന്ന വേറെയും ബോംബുകള്‍ അന്‍വറിന്റെ കൈവശമുണ്ടെന്ന് പിണറായി വിജയന് വിജയനറിയാം.
മലപ്പുറം പൊലീസില്‍ കൂട്ട സ്ഥാനചലനം നടപ്പാക്കിയെങ്കിലും താന്‍ പ്രധാനമായും ആരോപണം ഉന്നയിച്ച എഡിജിപിയെ ക്രമസമാധാന ചുമതലയില്‍നിന്നു മാറ്റാത്തതില്‍ അന്‍വറിനു കടുത്ത അമര്‍ഷമുണ്ട്. നീതി കിട്ടിയില്ലെങ്കില്‍ അതു കിട്ടുംവരെ പോരാടുമെന്നും അതിന് ഇനി ദിവസക്കണക്കൊക്കെ റെക്കോര്‍ഡ് ചെയ്യപ്പെട്ടാലും അതൊന്നും കാര്യമാക്കുന്നില്ല എന്നും അന്‍വര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചതോടെ അന്‍വറിന്റെ പോരാട്ടം ഉടനെയൊന്നും തീരില്ലെന്നു വ്യക്തമാണ്.
അന്‍വര്‍ മിണ്ടരുതെന്നാണ് സിപിഎം കല്‍പന ഇറക്കിയെങ്കിലും വായ അടയ്ക്കാന്‍ തന്നെകിട്ടില്ലെന്ന് അന്‍വര്‍ മറുപടി പറഞ്ഞുകഴിഞ്ഞു.
ഇനിയും മറുപടി പറയുകയും ചെയ്യും.അന്‍വര്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് മാത്രമല്ല, സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കൂടി മങ്ങലേല്‍ക്കുന്ന തരത്തിലേക്ക് മാറുന്ന സാഹചര്യമാണുണ്ടാക്കിയിരിക്കുന്നത്. അടിക്കടി പാരകളും ദുരന്തങ്ങളുമാണ് പിണറായി വിജയനെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ലോക് സഭാ തെരഞ്ഞടുപ്പിലെ തോല്‍വി മുതല്‍ അന്‍വര്‍ വിവാദം വരെ ദുരന്തങ്ങളുടെ ആവര്‍ത്തനമാണ് പിണറായി സര്‍ക്കാര്‍ നേരിടുന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ എംവി ഗോവിന്ദനും വന്‍ പരാജയമായി എന്നതാണ് സിപിഎമ്മിന്റെ അടിത്തറ ഇളകാന്‍ കാരണമായിരിക്കുന്നത്.
https://www.facebook.com/Malayalivartha