പലപ്പോഴും കാണാൻ ശ്രമിച്ചു പക്ഷെ നടന്നില്ല; മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അവസാന കാലത്ത് പല തവണ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും സമാനതകളില്ലാത്ത വിയോഗമാണിതെന്നും നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി പ്രതികരിച്ചു . ഇടപെട്ട മേഖലകളെല്ലാം അദ്ദേഹത്തിന് ഫലപ്രാപ്തിയിലെത്തിക്കാൻ കഴിഞ്ഞെന്നും ഇതിഹാസമാണെന്നും സുരേഷ് ഗോപി.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;-
'മനുഷ്യ ജീവിതത്തിന്റെ നനവ് തൊട്ടറിഞ്ഞ കമ്മ്യൂണിസ്റ്റുകാരനും ഭരണകർത്താവുമെന്ന നിലയ്ക്ക് അദ്ദേഹത്തെ മനസിലാക്കിയിട്ടുള്ള ഓരോരുത്തർക്കും ഈ വിയോഗം ഒരു കദനഭാരം തന്നെയായിരിക്കും. ഇനി വി എസ് ഇല്ല എന്ന് പറയുമ്പോഴുള്ള നഷ്ടത്തെ കുറിച്ച് നമുക്ക് അളക്കാനേ സാധിക്കില്ല. രാഷ്ട്രീയം വേറെ ആയിരിക്കാം പക്ഷേ അദ്ദേഹത്തിന്റെ കൂടെ ഒരുപാട് സഞ്ചരിച്ചിട്ടുണ്ട്. അദ്ദേഹത്തിനു വേണ്ടി പ്രചാരണത്തിനും പോയിട്ടുണ്ട്. ഏതാണ്ട് നാല് സ്റ്റേജുകളിൽ അദ്ദേഹത്തിന്റെ കൂടെയും അല്ലാതെ നാലോ അഞ്ചോ ആറോ സ്റ്റേജുകളിലും ഞാൻ പോയിട്ടുണ്ട്.
വിളപ്പിൽശാല, എൻഡോസൾഫാൻ പ്രശ്നം വന്നപ്പോൾ അദ്ദേഹം നയിച്ച സമരത്തിൽ പങ്കെടുത്തു. ജനങ്ങൾക്കേറ്റ ദ്രോഹം വിലയിരുത്തി അദ്ദേഹം അതിന്റെ ആഘാതം മനസ്സിലാക്കി മറ്റൊന്നും നോക്കാതെ അദ്ദേഹം പറഞ്ഞതാണ്. അങ്ങനെ ഉള്ള നേതാക്കന്മാർക്ക് വളരെ അത്യാവശ്യമാണ്. അത്യാവശ്യമാണ് കൂടുതൽ വേണം എന്ന് തോന്നുമ്പോൾ ഉള്ള ഒരു നഷ്ടം എന്ന് പറയുന്നത് നമുക്ക് പിന്നെയും ഒരുപാട് ഡിപ്രെഷൻ ഉണ്ടാക്കാം. എനിക്ക് തോന്നുന്നു. നായനാരും കെ കരുണാകരനും പോയതുപോലുള്ള ദുഃഖഭാരമാണ് അപ്പോൾ.
കേരള ജനതയ്ക്ക് ദുഃഖഭാരം നിറഞ്ഞ ദിനങ്ങളായിരിക്കും ഇനി. വി എസിന്‍റെ മൂല്യം അറിയുന്ന ഓരോ വ്യക്തിക്കും. വളരെ അടുപ്പമുണ്ടായിരുന്ന ആളായിരുന്നു അദ്ദേഹം. എനിക്ക് അവസാനമായി ഒന്ന് കാണാന്‍ സാധിച്ചില്ല. അതിന് വേണ്ടി ശ്രമങ്ങള്‍ നടത്തിയിരുന്നു. പക്ഷേ കാണാനുള്ള അനുവാദം കിട്ടിയില്ല. മകളുടെ കല്യാണം വിളിക്കാന്‍ പോയപ്പോഴും, ഇലക്ഷന് ജയിച്ച് വന്നപ്പോഴും മന്ത്രിയായ ശേഷവും കാണാന്‍ പറ്റിയില്ല. ജീവനോടെ ഒന്ന് അവസാനമായി കാണാന്‍ കഴിഞ്ഞില്ല എന്ന വിഷമമുണ്ട്. ഇനി അത് സംഭവിക്കുകയും ഇല്ല. ഇതിഹാസമായിരുന്നു അദ്ദേഹമെന്നും സുരേഷ് ഗോപി.
https://www.facebook.com/Malayalivartha