വാർഡ് വിഭജനത്തിലും വോട്ടർ പട്ടിക തയ്യാറാക്കിയതിലും ഗുരുതരമായ കൃത്രിമം; ജനാധിപത്യ വിരുദ്ധമായി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന് പി.കെ. കൃഷ്ണദാസ്

വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽഡിഎഫും സിപിഎമ്മും തോൽക്കുമെന്ന് ഏറെക്കുറെ ഉറപ്പായപ്പോൾ, ജനാധിപത്യ വിരുദ്ധമായി തെരഞ്ഞെടുപ്പിനെ തന്നെ അട്ടിമറിക്കാനാണ് ഇടതുപക്ഷം ഇപ്പോൾ ശ്രമിക്കുന്നത് എന്ന് പി.കെ. കൃഷ്ണദാസ്.. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ കേട്ടു കേൾവി ഇല്ലാത്ത രീതിയിലാണ് വാർഡ് വിഭജനത്തിലും വോട്ടർ പട്ടിക തയ്യാറാക്കിയതിലും ഗുരുതരമായ കൃത്രിമം കാണിച്ചിരിക്കുന്നത്.
ഇതിനുപിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ട്. മുഖ്യമന്ത്രിയും പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഈ ഗൂഢാലോചനയിൽ പങ്കാളികളായിട്ടുണ്ട്. സിപിഎം ഓഫീസിൽ നിന്നും നൽകിയ രാഷ്ട്രീയ ഭൂപടത്തിന്റെ അടിസ്ഥാനത്തിലാണ് വാർഡ് വിഭജനം നടപ്പിലാക്കിയിരിക്കുന്നത്. വാർഡ് വിഭജനത്തിന് നേതൃത്വം നൽകിയത് സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിമാരും പ്രാദേശിക നേതാക്കളുമാണ്.
വാർഡ് വിഭജനത്തിന്റെ രൂപരേഖ തയ്യാറാക്കിയതും പാർട്ടി നേതൃത്വമാണ്. അത് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുകയുമായിരുന്നു. സർവകക്ഷി യോഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഉറപ്പുകൾ എല്ലാം പാഴായി. വോട്ടർ പട്ടികയിലെ കൃത്രിമവും വാർഡ് വിഭജനത്തിലെ അശാസ്ത്രീയതയും തിരുവനന്തപുരം ഉൾപ്പെടെയുള്ള 14 ജില്ലകളിലും ഉണ്ട്.
സിപിഎമ്മിന് വിജയിക്കാൻ വേണ്ടിയുള്ളതായിരുന്നു ഈ അശാസ്ത്രീയ വാർഡ് വിഭജനം. സിപിഎമ്മിന്റെ വിജയം ഉറപ്പാക്കുകയും എൻഡിഎയുടെ പരാജയം ഉറപ്പാക്കുകയും ചെയ്യുന്ന വിധത്തിലാണ് വിഭജനം നടത്തിയിരിക്കുന്നത്.
വാർഡ് വിഭജനം സംബന്ധിച്ച പരാതി പരിശോധിക്കാനുള്ള ഡി-ലിമിറ്റേഷൻ കമ്മിറ്റി പൂർണ്ണ പരാജയമാണ്. 5000ത്തിലധികം പരാതികൾ ഈ കമ്മിറ്റിക്ക് മുമ്പിൽ ലഭിച്ചിട്ടുണ്ട്. ഈ പരാതികൾ അന്വേഷിക്കാൻ ഉദ്യോഗസ്ഥരെ പോലും നിയോഗിച്ചിട്ടില്ല. ഓരോ പരാതിയും പ്രത്യേകം റിപ്പോർട്ട് തയ്യാറാക്കി പരിഹരിക്കേണ്ടതായിരുന്നു.
പരാതി നൽകിയവർക്ക് കമ്മിറ്റി മറുപടി നൽകണം. കമ്മിറ്റിക്ക് മുമ്പിലെത്തിയ 10% പരാതികൾ മാത്രമാണ് ഉദ്യോഗസ്ഥരെ നിയോഗിച്ച് പരിശോധിച്ചത്. അതിൽ രണ്ടുശതമാനം പരാതികൾക്ക് മാത്രമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഒരുശതമാനം പരാതികൾക്ക് പോലും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. പരാതിക്കാർക്ക് മറുപടി പോലും നൽകാത്ത അവസ്ഥയാണ്.
ജനാധിപത്യപരമായ എല്ലാ നടപടികളും കമ്മിറ്റി അട്ടിമറിച്ചു. സിപിഎമ്മിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ് ഈ കമ്മിറ്റി പ്രവർത്തിക്കുന്നത്. സിപിഎമ്മിന്റെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന നോക്കുകുത്തിയായി മാറിയിരിക്കുകയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനം ആദ്യം മുതൽ അട്ടിമറിക്കപ്പെടുന്നുവെന്നു ബിജെപി ആരോപിക്കുന്നതിന് ഇതാണ് കാരണം.
പരാതി പോലും കേൾക്കാൻ കമ്മിറ്റി തയ്യാറാകുന്നില്ല. ഡി-ലിമിറ്റേഷൻ നടത്താൻ പാലിക്കേണ്ട എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചാണ് പാർട്ടി നേതൃത്വത്തിന്റെ ഇഷ്ടങ്ങൾക്ക് ഉദ്യോഗസ്ഥർ വഴങ്ങുന്നത്. അതുകൊണ്ടുതന്നെയാണ് പരാതികൾ ചർച്ച ചെയ്യാൻ പോലും തയ്യാറാകാത്തത്.
തിരുവനന്തപുരം ഉൾപ്പെടെ കേരളത്തിലെ മുഴുവൻ ജില്ലകളിലും ഈ പ്രശ്നങ്ങളുണ്ട്. മാധ്യമങ്ങൾ നിഷ്പക്ഷമായി വാർഡ് വിഭജനത്തിലെ അശാസ്ത്രീയതയെ കുറിച്ച് അന്വേഷിക്കണം. ആവശ്യമായ എല്ലാ തെളിവുകളും ബിജെപി നൽകാൻ തയാറാണ്. ചില വാർഡുകളിൽ പതിനാറായിരത്തിലധികം വോട്ടർമാർ ഉള്ളപ്പോൾ, അതേ കോർപ്പറേഷനിലെ ചില വാർഡുകളിൽ 2500 വോട്ടർമാർ മാത്രമുണ്ടാകും. ഇത്തരത്തിലാണ് വാർഡ് വിഭജനം നടത്തിയിരിക്കുന്നത്. ഇതിന്റെ മാനദണ്ഡം എന്താണെന്ന് ചോദിച്ചാൽ, തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരം ഇല്ല.
സിപിഎമ്മിന് വിജയിക്കാനായി തയ്യാറാക്കിയ വിഭജനമാണിത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇതുപോലൊരു തെരഞ്ഞെടുപ്പ് അട്ടിമറി ഇതിനു മുൻപ് ഉണ്ടായിട്ടില്ല.
കോഴിക്കോട് കോർപ്പറേഷനിൽ ബിജെപി ഭരിക്കുന്ന 38-ാം നമ്പർ വാർഡിന് നാലു കിലോമീറ്റർ ദൂരത്തുള്ള വോട്ടർമാരെ വരെ ഈ വാർഡിൽ ചേർത്തിട്ടുണ്ട്. ഇത് ബിജെപിയെ തോൽപ്പിക്കാൻ ലക്ഷ്യമിട്ടാണ്. വീട് രണ്ടാം വാർഡിലും വോട്ട് നാലാം വാർഡിലുമെന്ന സ്ഥിതിയാണ് സംസ്ഥാനമൊട്ടാകെയുള്ള അവസ്ഥ.
കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുൻപ് വോട്ടർ പട്ടിക ചോർന്നിട്ടുണ്ട്. ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിന് മുൻപേ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇതിന്റെ പകർപ്പ് ലഭിച്ചിട്ടുണ്ട്. നാദാപുരത്തും ചാത്തമംഗലത്തും വോട്ടർ പട്ടിക ചോർന്നതായി തെളിവുകളുണ്ട്. ഇതെല്ലാം ഈ അട്ടിമറിയുടെ ഭാഗമാണ്.
കമ്മീഷൻ സർവകക്ഷി യോഗം വിളിച്ചപ്പോൾ വാർഡ് വിഭജനത്തിലെ അശാസ്ത്രീയതയും സാങ്കേതിക പ്രശ്നങ്ങളും അക്കമിട്ട് നിരത്തി ബിജെപി പറഞ്ഞിരുന്നു. കമ്മീഷൻ അടിയന്തരമായി ഇടപെടും എന്നാണ് പറഞ്ഞതെങ്കിലും ഇതുവരെ ഒരു ഉറപ്പും പാലിച്ചിട്ടില്ല.
തെരഞ്ഞെടുപ്പ് കമ്മീഷൻ സിപിഎം കമ്മീഷനായി മാറിയിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങളുടെ ആരംഭത്തിൽ തന്നെ വമ്പൻ അട്ടിമറിയാണ് നടക്കുന്നത്. ഇതിൽ മുഖ്യമന്ത്രിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പാർട്ടി സെക്രട്ടറിക്കും പങ്കുണ്ട്.
ഇതിനേതിരെ ശക്തമായ പ്രതിഷേധ-പ്രക്ഷോഭ പരിപാടികളും നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് ഭാരതീയ ജനതാ പാർട്ടിയുടെ തീരുമാനം. ജനാധിപത്യ കശാപ്പാണ് കേരളത്തിൽ നടക്കുന്നത്. നിയമപരമായും സുതാര്യമായും തെരഞ്ഞെടുപ്പ് നടന്നാൽ സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും പരാജയം ഉറപ്പാണ് എന്ന ബോധ്യത്തിലാണ് അട്ടിമറിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്.
https://www.facebook.com/Malayalivartha