ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളെയും വേട്ടയാടലുകളെയും കണ്ടില്ലെന്ന് നടിക്കുന്നു; കന്യാസ്ത്രീകളുടെ അറസ്റ്റ് ബിജെപി നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി

കന്യാസ്ത്രീകളുടെ അറസ്റ്റ് ബിജെപി നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണ രൂപം ഇങ്ങനെ;-
ഛത്തീസ്ഗഢിൽ മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റിലായ നമ്മുടെ സഹോദരിമാരായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ച വാർത്ത ആശ്വാസകരമാണ്. അറസ്റ്റിലായി ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് ബിലാസ്പുരിലെ പ്രത്യേക എൻഐഎ കോടതി ഈ കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചത്.
അറസ്റ്റിന് പിന്നിലെ രാഷ്ട്രീയ അജണ്ട പകൽ പോലെ വ്യക്തമാണ്. ബജ്‌റംഗ്ദൾ പ്രവർത്തകർ യാതൊരു പ്രകോപനവുമില്ലാതെ കന്യാസ്ത്രീകളെ തടയുകയും പ്രശ്നമുണ്ടാക്കുകയും ചെയ്തതിനെ തുടർന്നാണ് പോലീസ് അവരെ അറസ്റ്റ് ചെയ്തത്. പെൺകുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് അവരെ കൂടെ കൂട്ടിയതെന്നും, ഇത് സംബന്ധിച്ച രേഖകൾ കൈവശമുണ്ടെന്നും കന്യാസ്ത്രീകൾ പോലീസിനെ അറിയിച്ചിരുന്നു. എന്നിട്ടും, ബജ്‌റംഗ്ദൾ പ്രവർത്തകരുടെ സമ്മർദ്ദത്തിന് വഴങ്ങി പോലീസ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഈ സംഭവം ബിജെപി നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളെയും വേട്ടയാടലുകളെയും ഇക്കൂട്ടർ സൗകര്യപൂർവ്വം കണ്ടില്ലെന്ന് നടിക്കുകയാണ്. എന്നാൽ കേരളത്തിൽ തങ്ങൾക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ സാധിക്കുന്ന അവസരങ്ങളിൽ ന്യൂനപക്ഷ സംരക്ഷകരായി അവർ രംഗപ്രവേശം ചെയ്യും.
രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനൽകുന്ന വിശ്വാസ സ്വാതന്ത്ര്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം. ഈ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളേണ്ടത് നമ്മുടെയെല്ലാം കടമയാണ്.
https://www.facebook.com/Malayalivartha