ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ ഏത് വിധത്തിലും അടിച്ചമർത്താനുള്ള സംഘപരിവാർ അജണ്ടയുടെ ഭീകരത വനിതകൾക്ക് നേരെപോലും എത്തുക എന്നത് ഒരു ഭീകരാവസ്ഥ; കന്യാസ്ത്രീകൾക്ക് നീതി ലഭിച്ചുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ഒടുവിൽ കന്യാസ്ത്രീകൾക്ക് നീതി ലഭിച്ചുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ;- കേരളത്തിൽ നിന്നുള്ള ആ രണ്ട് കന്യാസ്ത്രികൾക്ക് നീതി ലഭിച്ചതിൽ അതിയായ സന്തോഷം! ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ ഏത് വിധത്തിലും അടിച്ചമർത്താനുള്ള സംഘപരിവാർ അജണ്ടയുടെ ഭീകരത പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി നിസ്വാർത്ഥമായ സേവന പ്രവർത്തനം നടത്തുന്ന വനിതകൾക്ക് നേരെപോലും എത്തുക എന്നത് ഒരു ഭീകരാവസ്ഥയെ സൂചിപ്പിക്കുന്നു.
ഇവർക്കെതിരെ മനുഷ്യക്കടത്ത് തുടങ്ങി മാഫിയ സംഘങ്ങൾക്ക് എതിരെ കേസെടുക്കുന്നത് പോലെയാണ് കേസെടുത്തിരിക്കുന്നത്.ഭ്രാന്തു പിടിച്ച അധികാര വർഗ്ഗത്തിന് സാധാരണ ജനങ്ങളെ വേട്ടയാടാൻ എത്ര എളുപ്പമാണെന്ന് ഈ സംഭവം കാട്ടിത്തരുന്നു.
ഇന്ത്യയുടെ ബഹുസ്വരത മനസ്സിലാക്കണമെങ്കിൽ ഇന്ത്യയുടെ ആത്മാവ് എന്താണ് എന്നറിയണം. നിർഭാഗ്യവശാൽ അത് തിരിച്ചറിയാത്തവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. ഈ കന്യാസ്ത്രീകൾക്ക് എതിരെ എടുത്ത കേസുകൾ പിൻവലിച്ച് അവരോട് മാപ്പ് പറയുക എന്നതാണ് ജനാധിപത്യത്തിൻറെ സൗന്ദര്യം. ക്രിസ്മസ് കാലത്ത് അരമനകളിൽ കേക്കുമായി വരുന്ന ചിരിച്ച മുഖമല്ല ബിജെപിക്ക് ഉത്തരേന്ത്യയിൽ എന്ന് കേരളത്തിലെ ക്രിസ്തീയ സമൂഹം തിരിച്ചറിയണം.
https://www.facebook.com/Malayalivartha