പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രാജ്യവ്യാപകമായി വോട്ടര്‍പ്പട്ടികയില്‍ ബി.ജെ.പി കൃത്രിമം നടത്തി; അതിന്റെ ഭാഗമായാണ് തൃശൂരിലെ ക്രമക്കേടും; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് ഉത്തരം പറയാനുള്ള ബാധ്യത തൃശൂരിലെ എം.പിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ;-പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രാജ്യവ്യാപകമായി വോട്ടര്‍പ്പട്ടികയില്‍ ബി.ജെ.പി കൃത്രിമം നടത്തി. അതിന്റെ ഭാഗമായാണ് തൃശൂരിലെ ക്രമക്കേടും. ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധി ഈ വിഷയം ഉയര്‍ത്തുന്നതിന് മുന്‍പ് തന്നെ തൃശൂരിലെ വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് പരാതി ഉയര്‍ന്നിട്ടുണ്ട്.
ഇതിനെതിരെ അന്നത്തെ തൃശൂര്‍ ഡി.സി.സി അധ്യക്ഷനും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി.എസ് സുനില്‍ കുമാറും പരാതി നല്‍കിയതാണ്. എന്നാല്‍ വോട്ടര്‍പ്പട്ടികയില്‍ പേരുണ്ടെങ്കില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുമെന്ന നിലപാടാണ് അന്ന് കളക്ടര്‍ സ്വീകരിച്ചത്.
വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് ഉത്തരം പറയാനുള്ള ബാധ്യത തൃശൂരിലെ എം.പിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമുണ്ട്. ഉത്തരം നല്‍കിയേ മതിയാകൂ. ഒരു സ്ത്രീയുടെ വിലാസത്തില്‍ അവര്‍ പോലും അറിയാതെയാണ് വോട്ട് ചേര്‍ത്തിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ബൂത്ത് തല പ്രവര്‍ത്തകര്‍ ഇത് കണ്ടെത്തി കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. സംഘടിതമായ കുറ്റകൃത്യമാണ് വോട്ടര്‍പ്പട്ടികയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ബി.ജെ.പി നടത്തിയത്.
ഇക്കാര്യത്തില്‍ പരിശോധന നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാകണം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധനയുമായി സഹകരിക്കാന്‍ സംസ്ഥാന സര്‍ക്കാരും തയാറാകണം. ബി.എല്‍.ഒമാരെ നിയമിച്ചത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണ്. അവരെല്ലാം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ്. ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. എന്താണ് യാഥാര്‍ത്ഥ്യമെന്നത് പുറത്തുവരണം.
തൃശൂരില്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ ശരിയല്ലെങ്കില്‍ അതേക്കുറിച്ച് പറയാനുള്ള ഉത്തരവാദിത്തം സുരേഷ് ഗോപിക്കുണ്ട്. പ്രതിരോധിക്കാന്‍ ഒന്നും ഇല്ലാത്തതു കൊണ്ടാണ് അദ്ദേഹം പ്രതികരിക്കാന്‍ തയാറാകാത്തത്. രാജ്യത്ത് ഉടനീളെ ബി.ജെ.പി പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തുകൊണ്ടാണ് ഒന്നും പറയാന്‍ തയാറാകാത്തത്.
ഒന്നും മിണ്ടില്ലെന്നു പറയുന്നത് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് യോജിച്ചതല്ല. 11 വോട്ട് ചേര്‍ത്തതിന്റെ മാത്രം ആരോപണമല്ല. ഫ്‌ളാറ്റുകളില്‍ വ്യാപകമായി വോട്ട് ചേര്‍ത്തിട്ടുണ്ട്. അന്‍പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയില്‍ വ്യാജ വോട്ടുകള്‍ തൃശൂരില്‍ ഉണ്ടെന്നാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ നടത്തിയ പ്രഥമിക പരിശോധനയില്‍ യു.ഡി.എഫ് കണ്ടെത്തിയിരിക്കുന്നത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പിലും കള്ളവോട്ട് ചേര്‍ക്കാനുള്ള ശ്രമമുണ്ടായി. അന്ന് യു.ഡി.എഫ് അതിനെ ഫലപ്രദമായി തടഞ്ഞു. ഇടുക്കിയില്‍ ഇല്ലാത്തവര്‍ വന്ന് വോട്ട് ചെയ്യുന്നെന്ന ആരോപണം പണ്ടേയുണ്ട്. ഇതൊക്കെ പരിശോധിക്കണം. രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളും വോട്ടര്‍ പട്ടിക ശ്രദ്ധിക്കണം. വോട്ടര്‍ പട്ടിക കുറ്റമറ്റതായിരിക്കണം. മരിച്ചവരെയും സ്ഥലത്ത് ഇല്ലാത്തവരെയും ഒഴിവാക്കണം. സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പ് നടക്കണം.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അതുണ്ടായില്ല. ജനാധിപത്യത്തെ അട്ടിമറിച്ചതാണ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയത്. ഏകാധിപതികളായ ഭരണാധികാരികളുള്ള രാജ്യങ്ങളിലൊക്കെ തിരഞ്ഞെടുപ്പ് അട്ടിമറി നടന്നിട്ടുണ്ട്. പുടിനെതിരെയും തിരഞ്ഞെടുപ്പ് അട്ടിമറി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അത് ഇന്ത്യയില്‍ അംഗീകരിക്കാനാകില്ല.
വോട്ടര്‍ പട്ടികയിലെ കൃത്രിമത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷനും പങ്കാളിത്തമുണ്ട്. വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടത്താന്‍ കൂട്ടുനിന്നതിനും കുടപിടിച്ചു കൊടുത്തതിനും തിരഞ്ഞെടുപ്പ് കമ്മിഷനും പ്രതിക്കൂട്ടിലാണ്. കമ്മിഷന്റെ അനുമതിയോടെയാണ് കൃത്രിമം നടത്തിയത്.
അതുകൊണ്ടാണ് പരാതികളില്‍ നടപടി സ്വീകരിക്കാതിരുന്നത്. രാഹുല്‍ ഗന്ധിയുടെ ആരോപണത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്ന വാക്കുകളാണ് മറുപടിയായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞത്. തെളിവുകള്‍ സഹിതമാണ് രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചത്. ആര്‍ക്കും നിഷേധിക്കാനാകാത്ത തെളിവുകള്‍ നിരത്തിയപ്പോഴും രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനല്ലെന്നൊക്കെയാണ് കമ്മിഷന്‍ പറയുന്നത്.
https://www.facebook.com/Malayalivartha