സ്വാതന്ത്ര്യ സമര സേനാനികളുടെ ചോരയും കണ്ണീരും, തകർന്ന സ്വപ്നങ്ങളുമാണ് നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നത്; ജനാധിപത്യം പുലരുന്നത് മതനിരപേക്ഷതയിലൂടെയാണെന്ന് മന്ത്രി എം.ബി. രാജേഷ്

മതനിരപേക്ഷതയും ജനാധിപത്യവും പരസ്പരപൂരകമാണെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ്, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പാലക്കാട് കോട്ടമൈതാനിയിൽ ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. ജനാധിപത്യം പുലരുന്നത് മതനിരപേക്ഷതയിലൂടെയാണ്. സ്വാതന്ത്ര്യ സമര സേനാനികളുടെ ചോരയും കണ്ണീരും, തകർന്ന സ്വപ്നങ്ങളുമാണ് നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നത്.
അവർ സ്വപ്നം കണ്ടത് മതനിരപേക്ഷതയിലും നീതിയിലും സമത്വത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ഇന്ത്യയാണ്. ഒരു നൂറ്റാണ്ടോളം നീണ്ടു നിന്ന സ്വാതന്ത്യ സമരത്തിലുടനീളം കണ്ടത് ഭിന്നിപ്പിനും വിഭജനത്തിനുമെതിരായ ജനങ്ങളുടെ ഐക്യബോധമായിരുന്നെന്നും മന്ത്രി പറഞ്ഞു. പ്രായപൂർത്തി വോട്ടവകാശവും സ്വതന്ത്രവും നിഷ്പക്ഷവുമായ വോട്ടെടുപ്പുമാണ് ജനാധിപത്യത്തിൻ്റെ അടിത്തറയെന്നും മന്ത്രി പറഞ്ഞു.
പ്രതികൂല കാലാവസ്ഥ വകവയ്ക്കാതെ പരേഡിൽ പങ്കെടുത്ത എല്ലാവരെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. പതാക ഉയര്‍ത്തിയതിന് ശേഷം മന്ത്രി എം.ബി.രാജേഷ് പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചു. പാലക്കാട് അർ ഡി ഒ കെ മണികണ്ഠൻ രക്ത സാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.തൃത്താല പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മനോജ് കെ. ഗോപി പരേഡ് നയിച്ചു.
കെ.എ.പി രണ്ടാം ബറ്റാലിയൻ, ജില്ലാ ഹെഡ് ക്വാർട്ടേഴ്സ്, പ്രാദേശിക പൊലീസ് (വനിത, പുരുഷ വിഭാഗം), വനം വകുപ്പ്, എക്സൈസ്, ഫയർ ആൻഡ് റസ്ക്യു ഫോഴ്സ്, ഹോംഗാര്‍ഡ്സ്, സിവിൽ ഡിഫൻസ് ടീം, എന്‍.സി.സി, എൻ.എസ്.എസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ് ഉള്‍പെടെ 29 പ്ലറ്റൂണുകൾ പരേഡിൽ പങ്കെടുത്തു. കാണിക്കമാത കോണ്‍വെന്റ് ജി.എച്ച്.എസ്.എസ്, മൂത്താൻതറ കർണ്ണകിയമ്മൻ എച്ച്.എസ്.എസ് എന്നിവയുടെ ബാന്‍ഡ് വാദ്യം പരേഡിന് നിറപ്പകിട്ടേകി. തുടർന്ന് മലമ്പുഴ നെഹ്റു നവോദയ വിദ്യാലയത്തിലെ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
https://www.facebook.com/Malayalivartha