ഇത്തരത്തിലുള്ള കാപാലികന്മാര്‍ ഒരു കാരണവശാലും പൊലീസില്‍ ഉണ്ടാകാന്‍ പാടില്ല; കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തില്‍ ഉള്‍പ്പെട്ട പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്താല്‍ മാത്രം പോരെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തില്‍ ഉള്‍പ്പെട്ട പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്താല്‍ മാത്രം പോരെന്ന് പ്രതിപക്ഷ നേതാവ്. അവരെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള കാപാലികന്മാര്‍ ഒരു കാരണവശാലും പൊലീസില്‍ ഉണ്ടാകാന്‍ പാടില്ല. പൊലീസ് ജനങ്ങളുടെ ക്ഷേമത്തിന്റെ അവരുടെ സൗകര്യത്തിനും വേണ്ടിയുള്ളതാണ്.
അല്ലാതെ ജനങ്ങളെ ആക്രമിക്കാനുള്ളതല്ല. നിരപരാധിയായ ചെറുപ്പക്കാരനെയാണ് ഒരു കാരണവുമില്ലാതെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചത്. ഇതൊരു മാനസിക വൈകല്യമാണ്. അല്ലാതെ ആര്‍ക്കെങ്കിലും ഇങ്ങനെ ചെയ്യാനാകുമോ? കൂട്ടം ചേര്‍ന്ന് കാട്ടുന്ന അഹങ്കാരമാണിത്. കുറ്റം ചെയ്യാത്തവരോട് ഇങ്ങനെ പെരുമാറുന്നവര്‍ കുറ്റവാളികളോട് ഇതിനു വിപരീതമായാകും പെരുമാറുക. ഇവരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണം. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല.
പീച്ചിയിലും ഹോട്ടല്‍ ഉടമയുടെ മകനെയും മാനേജരെയും ക്രൂരമായി മര്‍ദ്ദച്ച ശേഷം അഞ്ച് ലക്ഷം രൂപ വാങ്ങി ഒത്തുതീര്‍പ്പാക്കിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതിപക്ഷം കഴിഞ്ഞ നാലരവര്‍ഷമായി പറഞ്ഞു കൊണ്ടിരുന്ന കേരള പൊലീസിന്റെ തനിനിറമാണ് പുറത്തു വരുന്നത്. ഒരു കോക്കസാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. ഡി.ജി.പിക്ക് എസ്.പിമാര്‍ക്ക് മുകളിലൊ എസ്.പിമാര്‍ക്ക് എസ്.എച്ച്.ഒമാര്‍ക്ക് മുകളിലൊ ഒരു നിയന്ത്രണവുമില്ല. പലയിടത്തും പാര്‍ട്ടിയാണ് ഭരിക്കുന്നത്. ഇപ്പോള്‍ പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറിക്കും അടികിട്ടി.
മാഫിയ പോലുള്ള സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. അടികിട്ടിയ ലോക്കല്‍ സെക്രട്ടറി മാധ്യമങ്ങളോട് സംസാരിക്കുന്നത് സി.പി.എം നേതാക്കള്‍ ഇടപെട്ട് തടഞ്ഞു. സി.സി ടി.വിയില്‍ ഇല്ലാത്തതും ഭയന്നിട്ടും പുറത്തു പറയാത്ത എത്രയോ മര്‍ദ്ദനങ്ങളുണ്ട്. കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ മനുഷ്യാവകാശങ്ങളുടെ പൂര്‍ണമായ ധ്വംസനമാണ് നടക്കുന്നത്. മുഖ്യമന്ത്രി ഇതുവരെ മിണ്ടിയിട്ടില്ല.
അദ്ദേഹമാണ് ഇതിനൊക്കെ മറുപടി പറയേണ്ടത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയല്ലെങ്കില്‍ പിന്നെ ആരാണ് ഇതിനൊക്കെ മറുപടി പറയേണ്ടത്. ഒരു ഫേസ്ബുക്ക് പോസ്റ്റു പോലുമില്ല. ഒരു കാര്യത്തിലും മുഖ്യമന്ത്രിക്ക് അഭിപ്രായമില്ല. എല്ലാത്തില്‍ നിന്നും ഒളിച്ചോടുകയാണ്. മറുപടി പറയാനുള്ള ബാധ്യത അധികാരത്തില്‍ ഇരിക്കുന്നവര്‍ക്കുണ്ട്. ഔദ്യോഗികമായ ബാധ്യതയില്‍ നിന്നാണ് മുഖ്യമന്ത്രി ഒളിച്ചോടുന്നത്. ജനങ്ങളെ ക്രൂരമായി തല്ലിക്കൊല്ലുന്ന പൊലീസുമായി മുന്നോട്ടു പോയാല്‍ അതിശക്തമായ പ്രതിഷേധമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha