ബജറ്റിൽ കേരളത്തോട് കാട്ടിയ അവഗണന മോദി സർക്കാരിൻ്റെ രാഷ്ട്രീയ പകപോക്കൽ; കേരളത്തില്‍ പുതിയ അതിവേഗ ട്രെയിന്‍ വരുമെന്ന ബിജെപിയുടെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പുപോലെയായി; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

മോദി സർക്കാരിൻ്റെ രാഷ്ട്രീയ പകപോക്കലാണ് ബജറ്റിൽ കേരളത്തോട് കാട്ടിയ അവഗണനയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. പുതിയ വികസന പദ്ധതികളിലില്ല, സാമ്പത്തിക സഹായമില്ല, തിരുവനന്തപുരത്തിന് പ്രത്യേകിച്ച് ഒരു ഗുണവുമില്ല. ലോകത്തിലെ മുന്‍നിര നഗരമാക്കി തിരുവനന്തപുരത്തെ മാറ്റുമെന്നായിരുന്നു ബിജെപിയുടെ പഖ്യാപനം.
അതിവേഗ റെയില്‍ കോറിഡോര്‍ പ്രഖ്യാപിച്ചിട്ട് കേരളത്തെ ഉള്‍പ്പെടുത്തിയില്ല. കേരളത്തില്‍ പുതിയ അതിവേഗ ട്രെയിന്‍ വരുമെന്ന ബിജെപിയുടെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പുപോലെയായി. പിണറായി സര്‍ക്കാരും ബിജെപിയും തമ്മില്‍ മത്സരിച്ച് അതിവേഗ റെയില്‍ പ്രഖ്യാപിച്ച് കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ചു. ശബരിപാതയ്ക്കും പരിഗണന കിട്ടിയില്ല എന്നും അദ്ദേഹം പറഞ്ഞു .
യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച എയിംസ് ഇനിയും കേരളത്തിലെത്തിയില്ല. സംസ്ഥാന സര്‍ക്കാര്‍ സ്ഥലം വരെ മാറ്റിയിട്ടിരിക്കുന്നു. ഓരോ ബജറ്റിലും എയിംസിനായി കാത്തിരിക്കുന്നു. കേരളത്തിന്റെ വികസന സ്വപ്നമായ വിഴിഞ്ഞം പദ്ധതിക്കും കൂടുതല്‍ സഹായമില്ല. കര്‍ഷകരുടെ ചിരകാല ആവശ്യമായ എംഎസ്പി പരിഗണിച്ചില്ല. ഒരു രൂപയുടെ കാര്‍ഷിക കടം പോലും എഴുതിത്തള്ളിയില്ല. യുപിഎ സര്‍ക്കാര്‍ 72,000 കോടിയുടെ കാര്‍ഷിക കടമാണ് എഴുതിത്തള്ളിയിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.
ധാതുക്കളുടെ ഖനനത്തിന് ഇടനാഴി രൂപീകരിക്കും എന്ന പ്രഖ്യാപനത്തിന്റെ വിശദാംശങ്ങള്‍ക്ക് കാത്തിരിക്കുന്നു. കേരളത്തിന്റെ അപൂര്‍വവും അമൂല്യവുമായ ധാതുക്കളായ തോറിയം, യുറേനിയം തുടങ്ങിയ കവര്‍ന്നെടുക്കാന്‍ പലരും കാത്തിരിക്കുന്നുണ്ട്. തീരദേശത്തെ ഇതെങ്ങനെ ബാധിക്കുമെന്ന് പഠിക്കേണ്ടതുണ്ട്. ബജറ്റിനെ തുടര്‍ന്ന് ഓഹരി വിപണി കൂപ്പുകുത്തിയതു തന്നെ ബജറ്റിന്റെ അസ്വീകാര്യത സൂചിപ്പിക്കുന്നുവെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha























