പ്രവാസി പ്രതിഷേധം വിജയിച്ചു ; മൃതദേഹം കൊണ്ടുവരാനുള്ള നിരക്ക് വര്‍ധന എയര്‍ ഇന്ത്യ പിന്‍വലിച്ചു

വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നിരക്ക് ഇരട്ടിയാക്കിയ തീരുമാനം പ്രവാസികളുടെ പ്രതിഷേധത്തെ തുടർന്ന് എയര്‍ ഇന്ത്യ പിന്‍വലിച്ചു. എന്നാൽ പഴയ നിരക്ക് തുടരുമെന്ന് എയർ ഇന്ത്യ അറിയിച്ചു. മറ്റു രാജ്യങ്ങളിലെ വിമാന കമ്പനികളെ അപേക്ഷിച്ച് നിലവിലുണ്ടായിരുന്ന എയര്‍ ഇന്ത്യയുടെ നിരക്ക് തന്നെ വളരെ കൂടുതലാണ് . ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലേക്ക് സൗജന്യമായാണ് സ്വന്തം രാജ്യങ്ങളിലെ വിമാന കമ്പനികള്‍ മൃതദേഹങ്ങള്‍ കൊണ്ടുപോവുന്നത്
ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെടുന്ന മൃതദേഹങ്ങള്‍ നേരത്തെ സൗജന്യമായി നാട്ടിലെത്തിക്കുമായിരുന്നു. എന്നാല്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടാലും മൃതദേഹം സൗജന്യമായി എത്തിക്കാനാവില്ലെന്ന് നിരക്ക് മാറ്റത്തോടൊപ്പം എയര്‍ ഇന്ത്യ അറിയിച്ചിരുന്നു.
മൃതദേഹം തൂക്കിനോക്കി നിരക്ക് ഈടാക്കരുതെന്ന പ്രവാസികളുടെ ആവശ്യം നിലവിലിരിക്കെയാണ് നിരക്ക് വർധനവ് ഉണ്ടായത്. തൂക്കി നോക്കി നിരക്ക് ഈടാക്കുന്നത് മൃതദേഹത്തിനോട് കാണിക്കുന്ന അനാദരവ് ആണെന്നും പ്രായംനോക്കി നിശ്ചിത ഫീസ് ഈടാക്കണമെന്നായിരുന്നു പ്രവാസികളുടെ ആവശ്യം.
ഒരു മൃതദേഹത്തിന് പെട്ടിയടക്കം 120 കിലോയോളം വരുമെന്നതിനാൽ, സാധാരണ ഒരു മൃതദേഹം നാട്ടിലെത്തിക്കാൻ 1,800 ദിർഹം വേണ്ടിവരും. എന്നാൽ നിരക്ക് ഇരട്ടിയാക്കിയതോടെ ഇത് 4,000 ദിർഹത്തോളം ആയി. ഇതുകൂടാതെ, ഹാൻഡ് ലിങ് നിരക്ക് കിലോയ്ക്ക് രണ്ട് ദിർഹത്തോളവും നൽകണം. കഴിഞ്ഞ ദിവസം ഇന്ത്യയിലേയ്ക്ക് കൊണ്ടുപോയ മൃതദേങ്ങൾക്ക് ഇത്രയും തുക നൽകിയിരുന്നു.
ഗള്‍ഫില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരില്‍ അമ്പത്തിയഞ്ചു ശതമാനവും സാധാരണ തൊഴിലാളികളാണ്. എണ്ണൂറുമുതല്‍ ആയിരത്തിയഞ്ഞൂറ് ദിര്‍ഹം മാത്രമാണ് പലരുടെയും ശമ്പളം എന്നിരിക്കെ ഈ തീവെട്ടി കൊള്ളക്കെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്.
മരിച്ച വ്യക്തിയുടെ സാമ്പത്തിക സാഹചര്യം മോശമാണെന്ന് ബോധ്യമായാല്‍ സാധാരണയായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ഫ്രീ ഓഫ് കോസ്റ്റ് അഥവാ സൗജന്യമായി മൃതദേഹം കയറ്റി വിടണമെന്നാവശ്യപ്പെട്ടുകൊണ്ട് എയര്‍ ഇന്ത്യയ്ക്ക് അപേക്ഷ കൈമാറും. ഇത്തരം സന്ദർഭങ്ങളിൽറെ സൗജന്യമായി മൃതദേഹം നാട്ടിലെത്തിക്കുകയായിരുന്നു പതിവ്.
കേരളമടക്കമുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് എയര്‍ ഇന്ത്യ മൃതദേഹത്തിന് കിലോയ്ക്ക് 30 ദിര്‍ഹം ഈടാക്കുമ്പോള്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് പതിനേഴ് ദിര്‍ഹം വാങ്ങി മൃതദേഹങ്ങളെ പ്രാദേശികതയുടെ പേരിലും വേര്‍തിരിച്ചിരുന്നു . ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലേയ്ക്കുമുള്ള നിരക്ക് വർധനയാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha