പാലക്കാട് സ്വദേശിയായ പ്രവാസി മലയാളി സൗദിയിൽ മരിച്ച നിലയിൽ

സൗദി അറബ്യയിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കോങ്ങാട് കരിമ്പനക്കൽ സുലൈമാൻ (48) നെയാണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അബ്ഹയിൽ നിന്ന് 90 കിലോമീറ്റർ അകലെ തരീബ് ബലദിയയിൽ കഴിഞ്ഞ പത്ത് വർഷമായി ഡ്രൈവർ ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം.
കഴിഞ്ഞ ദിവസം രാത്രി നാട്ടിലുള്ള മകനുമായി സാമ്പത്തിക പ്രയാസങ്ങളെ കുറിച്ചും മറ്റും ഫോണിൽ സംസാരിച്ചിരുന്നു. പുലർച്ചെ ജോലിക്കിറങ്ങേണ്ട ആൾ ഒരു മണിക്കൂറോളം വൈകിയിട്ടും എത്താതിരുന്നതിനാൽ സഹപ്രവർത്തകർ താമസ സ്ഥലത്തെത്തി വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. പുറത്തേക്കുള്ള വാതിലുകൾ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് സിവിൽ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വാതിൽ തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്.
രണ്ട് വർഷമായി സുലൈമാൻ നാട്ടിൽ പോയിട്ടില്ല. ഫെബ്രുവരിയിൽ മകളുടെ വിവാഹം നടത്താൻ പോകണം എന്നാണ് സഹപ്രവർത്തകരോട് പറഞ്ഞിരുന്നത്. കരിമ്പനക്കൽ ഖാലിദ് ആണ് പിതാവ്. ഭാര്യ:സുലൈഖ. സുൽഫത്ത്, സുഹൈൽ ഉൾപ്പടെ മൂന്ന് മക്കളുണ്ട്. ഉമ്മയും ഭാര്യയും കഴിഞ്ഞ വർഷം ഉംറ നിർവഹിച്ചു മടങ്ങിയിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ബലദിയ ഉദ്യോഗസ്ഥർക്കൊപ്പം തരീബ് മലയാളി സമാജം പ്രവർത്തകരും രംഗത്തുണ്ട്. മദ്ദ ജനറൽ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha