പ്രവാസികൾക്ക് വീണ്ടും തിരിച്ചടി; സൗദിയിലെ കോഫി ഷോപ്പുകളും റസ്റ്റോറന്റുകളും ഉൾപ്പടെ 68 മേഖലകളില്‍ കൂടി സ്വദേശിവത്കരണം

മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികളെ വീണ്ടും ദുരിതത്തിലാഴ്ത്തി സൗദി അറേബ്യയുടെ ഭരണ പരിഷ്‌കാരങ്ങൾ. സൗദിയിലെ 68 മേഖലകളില്‍ കൂടി സ്വദേശിവത്കരണം പ്രഖ്യാപിച്ചതോടെ പതിനായിരക്കണക്കിന് വിദേശികള്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയിലാണ്. അതേസമയം സൗദിവത്കരണ പദ്ധതിയായ നിതാഖാത് പ്രാബല്യത്തില്‍വന്നതോടെ നേരത്തെ മറ്റു മേഖലകളിലേക്കു മാറിയവരും ഇപ്പോള്‍ തൊഴില്‍ ഭീഷണി നേരിടുകയാണ്.
ഭക്ഷണശാലകള്‍, കോഫി ഷോപ്പ്, ആരോഗ്യം, നിര്‍മാണ മേഖല, ടെലികമ്യൂണിക്കേഷന്‍, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങിയ മേഖലകളും പുതിയ പട്ടികയിലുണ്ട്. മൂന്നു മാസത്തിനകം ഈ മേഖലകളിലും സൗദിവത്കരണം നടപ്പാക്കുമെന്നാണു തൊഴില്‍ സാമൂഹിക മന്ത്രിയുടെ പ്രഖ്യാപനം.
നവംബര്‍, ജനുവരി മാസങ്ങളില്‍ രണ്ടു ഘട്ടങ്ങളിലായി എട്ടു വിഭാഗങ്ങളില്‍ കൂടി സൗദിവത്കരണം നടപ്പാക്കും. ഇതിനു പുറമെയാണ് പുതിയതായി 68 മേഖലകളെ കൂടി സ്വദേശിവത്കരണ പദ്ധതിക്ക് കീഴിലേക്ക് കൊണ്ടുവരുന്നത്.
അതേസമയം, മത്സ്യബന്ധന മേഖലയില്‍ ഇന്നലെ മുതല്‍ സ്വദേശിവത്കരണം നിലവില്‍ വന്നു. മത്സ്യബന്ധന ബോട്ടുകളില്‍ ഒരു സ്വദേശി ഉണ്ടായിരിക്കണമെന്നാണു പുതിയ നിബന്ധന. റസ്റ്റോറന്റ്, കോഫി ഷോപ്പ്, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും മലയാളികളായതിനാല്‍ സ്ഥിതി ഗുരുതരമാകുമെന്നതും ഉറപ്പാണ്.
https://www.facebook.com/Malayalivartha