നാൽപ്പത്തിഏഴാം പിറന്നാൾ നിറവിൽ എത്തിയ യു.എ.ഇ യുടെ കുതിപ്പിൽ ഇന്ത്യക്കും അഭിമാനിക്കാവുന്ന ഒരു കാര്യമുണ്ട്. ആദ്യകാലങ്ങളിൽ ഇന്ത്യൻ കറൻസിയായിരുന്നു ഗൾഫ് രാജ്യങ്ങളിൽ ഉപയോഗിച്ചിരുന്നത് ..പിന്നീട് ഗൾഫിൽ എണ്ണ ശേഖരം കണ്ടു പിടിച്ചു കഴിഞ്ഞപ്പോൾ ഗൾഫിലേക്കുള്ള ഇന്ത്യൻ പ്രവാസികളുടെ ഒഴുക്ക് തുടങ്ങി. അതോടെ രണ്ടിടത്തും ഒരേ കറൻസി നോട്ടുകൾ വ്യാപകമായി. ഇതോടെ ഇന്ത്യൻ സർക്കാർ ഗൾഫിനായി പ്രത്യേക ‘ഗൾഫ് കറൻസി’ തന്നെ ഇറക്കി. രൂപത്തിൽ ഇന്ത്യൻ കറന്സിക്ക് സമാനമായ, എന്നാൽ നിറത്തിൽ മാത്രം വ്യത്യാസമുള്ള കറൻസി. ഈ നോട്ടുകൾ ഇന്ത്യയിൽ ഉപയോഗിക്കാൻ പറ്റുമായിരുന്നില്ല. 1966 വരെ ഈ കറൻസികളായിരുന്നു യു .എ.ഇ. ഉപയോഗിച്ചിരുന്നത്. പിന്നീട് അബുദാബിയും ബഹ്‌റൈനും ' റിയാൽ' കറൻസിയായി സ്വീകരിച്ചു. ഷാർജയിലും സൗദിയിലും റിയാൽ നടപ്പിൽ വന്നു. 1971-ൽ യു.എ.ഇ നിലവിൽ വന്നു. പിന്നെയും രണ്ടു വർഷം കഴിഞ്ഞ് 1973-ൽ ആണ് യു.എ.ഇ.യുടെ ആദ്യ കറൻസി നോട്ടുകൾ ‘യു.എ.ഇ. ദിർഹം’ നിലവിൽ വന്നത്. യു.എ.ഇ. കറൻസി ബോർഡാണ് 1,5,10,50,100 എന്നീ സംഖ്യകളിലുള്ള നോട്ടുകൾ അച്ചടിച്ചത്. ആയിരത്തിന്റെ നോട്ടുകൾ വന്നത് വീണ്ടും മൂന്നു വർഷം കഴിഞ്ഞാണ്. നോട്ടുകളുടെ മുൻഭാഗത്ത് യു.എ.ഇ. യുടെ വിവിധ പ്രദേശങ്ങളുടെ ചിത്രവും പിറകിൽ ഓരോ എമിറേറ്റിനെയും പ്രതിനിധാനം ചെയ്യുന്ന ചിത്രവും ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു. 1982-ൽ യു.എ.ഇ. സെൻട്രൽ ബാങ്ക് രൂപവത്‌ക്കരിച്ചതോടെ പുതിയ നോട്ടുകൾ പുറത്തിറക്കുകയും പഴയതു നിർത്തലാക്കുകയും ചെയ്തു. പിന്നീട് അടിക്കുന്ന കറൻസികളിലെല്ലാം ഓരോ എമിറേറ്റിന്റെയും വികസനത്തിന്റെ മുഖ മുദ്രകളാണ് ചേർത്തിരിക്കുന്നത് . പഴയ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തിയെങ്കിലും യു.എ.ഇ. നോട്ടുകളോ നാണയങ്ങളോ ഒരിക്കലും പിൻവലിച്ചിട്ടില്ല. ഓരോ നോട്ടിലും അച്ചടിച്ച വർഷം രേഖപ്പെടുത്തിയിട്ടുമുണ്ട് . ഈ നോട്ടുകൾ ചേർത്തുവെച്ചാൽ യു എ ഇ യുടെ വികസനത്തിന്റെ നാൾ വഴികൾ അറിയാം .