കൈകോർത്ത് ഇന്ത്യയും യു എ ഇ യും .. നൂതന വികസന സംരംഭങ്ങൾ തുടങ്ങും

യുഎഇ സഹിഷ്ണുത മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഇന്ത്യയുമായുള്ള സഹകരണം ഇരു രാജ്യങ്ങൾക്കും നേട്ടമാണെന്ന് പ്രഖ്യാപിച്ചു. ഇതിനായി നൂതന വികസന സംരംഭങ്ങൾ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാമത് ഇന്ത്യാ-യുഎഇ സ്ട്രാറ്റജിക് കോൺക്ലേവിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളിലെയും നിക്ഷേപസാധ്യതകൾ തുറന്നിട്ട സമ്മേളനത്തിൽ എണ്ണ, ഊർജ മേഖലകളിലടക്കം കൂടുതൽ നിക്ഷേപത്തിനും സഹകരണത്തിനും ധാരണയായി. അബുദാബിയിലെ എണ്ണ, ഊർജ ഉൽപാദന മേഖലകളിൽ ഇന്ത്യൻ കമ്പനികൾ കൂടുതൽ നിക്ഷേപം നടത്താൻ ധാരണയായിട്ടുണ്ടെന്ന് ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി സമ്മേളനത്തിൽ സൂചിപ്പിച്ചു.
ലോവർ സക്കം എണ്ണപ്പാടത്തിൽനിന്ന് വർഷത്തിൽ 15 ലക്ഷം ടൺ ബാരൽ എണ്ണ 40 വർഷത്തേക്ക് ഇന്ത്യയ്ക്ക് നൽകാൻ ധാരണയായി. റിക്രൂട്മെൻറ് നടപടികൾ സുതാര്യമാക്കാൻ യുഎഇയുമായി ചേർന്ന് ഇന്ത്യ സ്കിൽ മാപ്പിങ് പദ്ധതി നടപ്പാക്കാൻ ആലോചിക്കുന്നതായി ഇന്ത്യൻ സ്ഥാനപതി സമ്മേളനത്തിൽ വെളിപ്പെടുത്തി. ഇ തനുസരിച്ച് വിദഗ്ധരായ തൊഴിലാളികളെ വാർത്തെടുത്ത് പരിശീലനം നൽകി യുഎഇയിലെത്തിക്കും.
ഇനി മുതൽ ഇന്ത്യൻ ലൈസന്‍സ് യുഎഇ അംഗീകരിക്കുമെന്നും ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു. ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർ യു എ യിൽ ഒരു ടെസ്റ്റ് പാസായാൽ ലൈസൻസിന് യു എ ഇ അനുമതി ലഭിക്കും. രാജ്യാന്തര നിലവാരത്തിലുള്ള ഡ്രൈവിങ് പരിശീലനം ആണ് ഇന്ത്യയിലുള്ളതെന്നും അതുകൊണ്ടാണ് ഇന്ത്യൻ ലൈസൻസ് യുഎഇയിൽ അംഗീകരിക്കാൻ ധാരണയായതെന്നും ഷെയ്ഖ് നഹ്യാൻ പ്രഖ്യാപിച്ചു
വിദേശ നിക്ഷേപകർക്ക് ഇന്ത്യയിൽ നേരിടേണ്ടിവന്നിരുന്ന പ്രശ്നങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയിൽപെടുത്തിയതോടെ അവയ്‌ക്കെല്ലാം പരിഹാരമായി എന്ന് ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എംഎ യൂസഫലി ചൂണ്ടിക്കാട്ടി. ടൈംസ് സ്ട്രാറ്റജിക് സൊല്യൂഷൻസ് പ്രസിഡന്റു ദീപക് ലാംബ, രാജ്യാന്തര നിക്ഷേപക കൌൺസിൽ സെക്രട്ടറി ജനറൽ ജമാൽ അൽ ജർവാൻ തുടങ്ങി വിവിധ രംഗങ്ങളിലെ 50ഓളം വിദഗ്ധരും 400ലേറെ വ്യവസായ പ്രമുഖരുംസമ്മേളനത്തിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha