അത്തറിന്റെ നറു മണത്തിനപ്പുറം നമ്മൾ കാണാതെ പോയത് പ്രവാസിയുടെ വിയർപ്പും കണ്ണീരുപ്പും

നാടും വീടും വിട്ടു പ്രവാസജീവിതം നയിക്കാന്‍ നാടുകടന്നവരാണ് പ്രവാസികള്‍. പലരും ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് ഗൾഫിൽ എത്തുന്നത് . ജീവിതത്തിന്റെ നല്ലൊരു പങ്ക് മരുഭൂമിയിലെ ചുട്ടു പൊള്ളുന്ന മണൽത്തരികൾക്കിടയിൽ ചെലവഴിക്കുന്നത് നാട്ടിലെ കുടുംബത്തിന്റെ കണ്ണീരൊപ്പാനും അവരെ നല്ലനിലയിൽ എത്തിക്കാനും ആയിരിക്കും .ഏറെ നാളത്തെ പ്രവാസജീവിതമുപേക്ഷിച്ചു നാട്ടിലേക്ക് വിമാനം കയറുമ്പോള്‍ ക്ഷയിച്ച ആരോഗ്യവും, രോഗം കവര്‍ന്ന വാര്‍ധക്യവും മാത്രമാകും പലപ്പോഴും പ്രവാസിയുടെ സമ്പാദ്യം !!.
നാട്ടിൽ ഗൾഫ് പണത്തിന്റെ തിളക്കവും അത്തറിന്റെ സുഗന്ധവും പരത്തി മാളികയും കല്യാണങ്ങളും ആഘോഷങ്ങളും നടത്തി വീട്ടുകാരുടെ മുമ്പില്‍” അന്തസ്സ് കാക്കുമ്പോഴും,ഉണങ്ങിയ രണ്ടു കുബ്ബൂസ് ഒരു റിയാലിന്റെ തൈരില്‍ മുക്കി, വികാരങ്ങളെയും വിചാരങ്ങളെയും ഉള്ളിലൊതുക്കി കഴിയുന്നവനാണ് ഓരോ സാധാരണ പ്രവാസിയും. നാടിനെയും വീടിനെയും കുടുംബത്തെയും നന്നാക്കിയെങ്കിലും പ്രവാസി തിരിച്ചെത്തുമ്പോള്‍ മറ്റുള്ളവരുടെ അംഗീകാരം ലഭിക്കാത്ത അപരിചിതനാണ്. സ്വന്തം മക്കൾക്ക് പോലും അച്ഛൻ അവധിക്ക് നാട്ടിൽ വരുന്ന ഒരു വിരുന്നുകാരൻ മാത്രമായി മാറും . കുട്ടികളുടെ കളിയും ചിരിയും കരച്ചിലും അറിയാനും അനുഭവിക്കാനും കഴിയാതിരിക്കുക. അവരുടെ കിനാവുകളും ഉത്കണ്ഠകളും ആകാംക്ഷകളും പങ്കുവെക്കാന്‍ കഴിയാതിരിക്കുക. അവരൊത്ത് ഉറങ്ങാനും ഉണരാനും കഴിയാതിരിക്കുക. ഇതെല്ലം ഓരോ പ്രവാസിയുടെയും നിശബ്ദ ദുഖമാണ് .
വേര്‍പ്പാടിന്റെ വേദനകളില്‍ നിന്ന് താൽക്കാലിക വിരാമമിട്ട് ചിലപ്പോൾ മൂന്നോ നാലോ വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തുന്ന പ്രവാസി ഏതാനും ദിവസങ്ങള്‍ തന്റെ കുടുംബത്തോടൊപ്പം ആഡംബരത്തോടെ ആസ്വദിക്കുന്നത് സമൂഹം അഹങ്കാരമായി കണ്ടു. അവന്റെ നോവും നൊമ്പരവും ഇനിയും കേരളം തിരിച്ചറിഞ്ഞിട്ടില്ല.
ആഗോള സാമ്പത്തിക മാന്ദ്യവും സ്വദേശിവൽക്കരണവും ഗൾഫ് സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ടെങ്കിലും ഏതെങ്കിലും വിധത്തില്‍ ഗള്‍ഫില്‍, വിശേഷിച്ചു യു എ ഇ യില്‍ എത്തിപ്പെടണമെന്നു ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. കേരളവും യു എ ഇ യും ആയുള്ള പാരസ്പര്യത്തിന്റെ തെളിവാണിത്. സ്വന്തം സംസ്കൃതിയെ ആദരിക്കലും മറ്റു സംസ്കാരങ്ങളെയും ഭാഷകളെയും മതവിശ്വാസങ്ങളെയും അംഗീകരിക്കലും ഇന്ത്യയുടെയും യു.എ.ഇയുടെയും പൊതുസ്വഭാവമാണ്.
കേരളത്തിന്റെ പുരോഗതിയില്‍ സുപ്രധാന പങ്ക് വഹിച്ചത് പ്രവാസികളാണ് എന്നതിൽ തർക്കമില്ല . ഒരു പക്ഷെ കേരളത്തില്‍ ഇന്ന് കാണുന്ന എല്ലാ സമൃദ്ധിക്കും കാരണം പ്രവാസിയുടെ വിയര്‍പ്പാണ്.അവന്റെ കണ്ണീരുപ്പാണ്. ഇത് പക്ഷെ ആരും അത്ര കാര്യമാക്കാറില്ല. കേരളത്തിലെ രാഷ്ട്രീയക്കാരും ബിസിനസ് സ്ഥാപനങ്ങളും പ്രവാസിയുടെ നാടിനോടുള്ള സ്നേഹത്തെയും, ത്യാഗമനോഭാവത്തെയും ചൂഷണം ചെയ്യുന്ന കഥകൾ കൊച്ചു കുഞ്ഞുങ്ങൾക്ക് പോലും സുപരിചിതം. പ്രവാസികൾക്കായി എന്തെങ്കിലും ചെയ്യേണ്ടിവരുമ്പോൾ കൈ അറക്കുന്ന സർക്കാരുകളും രാഷ്ട്രീയക്കാരും അവരിൽ നിന്ന് സഹായം കൈ നീട്ടി വാങ്ങുന്നതിൽ മത്സരിക്കുന്നു .
പ്രവാസി മലയാളി ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ കേരളം ഇന്ന് കാണുന്ന സമൃദ്ധിയിൽ എത്തുമായിരുന്നില്ല .ഗള്‍ഫ് കുടിയേറ്റം ഏറ്റവും വലിയ മാറ്റം വരുത്തിയത് വിദ്യാഭ്യാസ രംഗത്താണ്. ഓരോ ഗള്‍ഫ് മലയാളിയും തന്റെ മക്കളെ ഏറ്റവും മികച്ച സ്‌കൂളില്‍ പഠിപ്പിക്കാന്‍ ശ്രമിച്ചു. മുസ്ലീം പെണ്‍കുട്ടികള്‍ക്ക് വ്യാപകമായി വിദ്യാഭ്യാസം ലഭിക്കാനുള്ള പല കാരണങ്ങളില്‍ ഒന്ന് ഗള്‍ഫ് കുടിയേറ്റമാണ്. പ്രവാസി മൂലധനത്തെ അടിസ്ഥാനമാക്കി ധാരാളം സ്‌കൂളുകൾ ഉണ്ടായി. കേരളത്തിലെ റിയല്‍ എസ്‌റ്റേറ്റ് വ്യാപാര രംഗത്ത് വന്‍ പുരോഗതി ഉണ്ടായതും ഗൾഫ് പണം ഒഴുകാൻ തുടങ്ങിയതോടെയാണ്
ജോലി തേടി, അതുമല്ലെങ്കില്‍ നാടുവിട്ട് ബോംബൈയിലേക്ക്.. അവിടെനിന്നു ചരക്ക് കപ്പലുകളില്‍ കയറി പാകിസ്താനിലേക്ക്, പാകിസ്താനില്‍നിന്നും ഉരുവില്‍ ഇറാനിലേക്ക് ,അവിടെനിന്നും ദുബായിലേക്ക് ഇതായിരുന്നു ആദ്യകാലത്തെ പതിവ്.... കാലം മാറിയതോടെ ഇത്തരം യാത്രകളും ദുരിതങ്ങളും വഴിമാറി.. എങ്കിലും അന്നും ഇന്നും പത്തേമാരിയിലെ നാരായണന്‍മാരാണ് ഓരോ ഗള്‍ഫ് മലയാളിയും.. വിമാനങ്ങള്‍ ഉള്ളതിനാല്‍ ഉരുവില്‍ നിന്നു കടലില്‍ ചാടി ആരും വെള്ളം കുടിച്ച് മരിക്കാറില്ലെന്നുമാത്രം. ..
പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി എല്ലാ സുഖങ്ങളും ത്യജിക്കുന്നവര്‍...കേരള സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ല് .....യു എ ഇ നാൽപ്പത്തി ഏഴാം പിറന്നാൾ ആഘോഷിക്കുന്ന ഈ വേളയിൽ പ്രവാസികളായ നമ്മുടെ പ്രിയപ്പെട്ടവരെ നന്മയോടെ, സ്‌നേഹത്തോടെ ഓർക്കാം
https://www.facebook.com/Malayalivartha