യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും, പരിശോധന ശക്തമാക്കുന്നു

യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് 'രേഖകള്‍ ശരിയാക്കൂ; സ്വയം രക്ഷിക്കൂ' എന്ന സന്ദേശം നല്‍കി ആഗസ്റ്റ് ഒന്നു മുതലാണ് പൊതുമാപ്പ് സൗകര്യം ഒരുക്കിയിരുന്നത്. ഒക്‌ടോബര്‍ 31 വരെയാണ് കാലാവധി നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. ഇനി കാലാവധി ദീര്‍ഘിപ്പിക്കില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് (എഫ്എഐസി) അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കാലാവധിക്കുള്ളില്‍ ഇന്ത്യക്കാരടക്കം ആയിരക്കണക്കിന് പേര്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിട്ടിരുന്നു. ലക്ഷക്കണക്കിന് ദിര്‍ഹം പിഴ നല്‍കേണ്ടി വരുമായിരുന്ന നിരവധി പേര്‍ക്ക് തങ്ങളുടെ അവസ്ഥ സുരക്ഷിതമാക്കാനും കഴിഞ്ഞു. യു.എ.ഇയില്‍ അനധികൃതമായി കഴിഞ്ഞിരുന്നവര്‍ക്ക് പുതിയ വിസയിലേക്ക് മാറുവാനും അതിനു കഴിയാത്തവര്‍ക്ക് രാജ്യം വിട്ട് പോകുവാനും അവസരം നല്‍കിയിരുന്നു. ഒരു വട്ടം നീട്ടി പൊതുമാപ്പ് കാലാവധി തീരുന്നതോടെ ശക്തമായ പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.
ഡിസംബര്‍ ഒന്ന് മുതല്‍ അനധികൃത താമസക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് എമിഗ്രേഷന്‍ മേധാവികള്‍ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. കനത്ത പിഴയും തടവും നാടുകടത്തല്‍ അടക്കമുള്ള ശിക്ഷയും ഇത്തരക്കാര്‍ക്ക് പ്രതീക്ഷിക്കാം. അനധികൃതമായി രാജ്യത്ത് കഴിയുന്നവര്‍ക്ക് പുതിയ ജോലി കണ്ടെത്തുന്നതിന് ആറു മാസ കാലയളവുള്ള വിസ സംവിധാനവും ഇക്കുറി സര്‍ക്കാര്‍ പ്രത്യേകമായി അനുവദിച്ചിരുന്നു.
ഒന്‍പത് സേവന മേഖലകളും ഓരോ എമിരേറ്റിലെ എമിഗ്രേഷന്‍ ഓഫീസുകളും രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ പൊതുമാപ്പ് സംവിധാനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിരുന്നു.
https://www.facebook.com/Malayalivartha