പ്രവാസികളായി അകപ്പെട്ടുപോയവർക്ക് ഒരു സന്തോഷവാർത്ത; യുഎഇയില്‍ പൊതുമാപ്പ് ഒരു മാസത്തേയ്ക്ക് കൂടി നീട്ടി

അനധികൃത താമസക്കാര്‍ക്ക് ശിക്ഷയില്ലാതെ യുഎഇ വിടാൻ അവസരമൊരുക്കുന്ന പൊതുമാപ്പ് അപേക്ഷയ്ക്കായുള്ള തീയതി നീട്ടി. ദേശിയദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പൊതുമാപ്പ് ഒരുമാസത്തേയ്ക്ക് കൂടി നീട്ടി ഡിസംബര്‍ 31 വരെയായിരിക്കും പരിഗണിക്കുക.
യുഎഇയില്‍ അനധികൃതമായി താമസിക്കുന്ന പ്രവാസികള്‍ക്ക് രേഖകള്‍ ശരിയാക്കാനോ ശിക്ഷയില്ലാതെ രാജ്യം വിടാനോ അവസരം നല്‍കി ഓഗസ്റ്റില്‍ ആരംഭിച്ച പൊതുമാപ്പ് ഇത്തരത്തിൽ രണ്ടാം തവണയാണ് നീട്ടുന്നത്. ആദ്യവട്ടം നീട്ടിയ പൊതുമാപ്പ് നവംബര്‍ അവസാനത്തോടെ അവസാനിച്ചതാണ്. എന്നാല്‍ വിവിധ രാജ്യങ്ങളിലെ എംബസികളുടെ ആവശ്യപ്രകാരം ഡിസംബര്‍ രണ്ടിന് വീണ്ടും പ്രഖ്യാപിക്കുകയായിരുന്നു.
ഓഗസ്റ്റ് ആദ്യം ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ അവസാനം വരെയെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നീട് വിവിധ രാജ്യങ്ങളിലെ എംബസികള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒരുമാസം കൂടി നീട്ടി. നവംബര്‍ അവസാനം ഈ കാലാവധിയും അവസാനിച്ചു. ഇതിന് ശേഷമാണ് ദേശീയ ദിനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു മാസം കൂടി ഇപ്പോള്‍ കാലാവധി നീട്ടിയത്.
ഇതോടെ 30 ദിവസം കൂടി ആനുകൂല്യങ്ങള്‍ ലഭ്യമാവും. നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യാം. പൊതുമാപ്പ് നീട്ടണമെന്ന് ചില രാജ്യങ്ങളുടെ എംബസികള്‍ യുഎഇയോട് ആഭ്യര്‍ത്ഥിച്ചിരുന്നു.
https://www.facebook.com/Malayalivartha

























