റാസല്‍ഖൈമയില്‍ പ്രവാസി മലയാളി കുത്തേറ്റ് മരിച്ച നിലയിൽ; മലയാളി മാനേജർ പോലീസ് കസ്റ്റഡിയിൽ

യുഎഇയിലെ റാസല്‍ഖൈമയില്‍ പ്രവാസി മലയാളിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുനലൂര്‍ വിളക്കുവെട്ടം കല്ലാര്‍ രജീഷ് ഭവനില്‍ രഘുനാഥന്‍പിള്ളയുടെ മകന്‍ ആര്‍.ടി രജീഷ് (34) നെയാണ് താമസസ്ഥലത്തിനടുത്ത് വാഹനത്തിനുള്ളില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവാവിനെ വീട്ടില്‍ വിളിച്ച് പണം ആവശ്യപ്പെട്ടെന്ന പരാതിയില്‍ കമ്പനി മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം രജീഷിന്റെ മരണത്തിനു ഉത്തരവാദികളായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ എംബസിയെ സമീപിച്ചിട്ടുണ്ട്.
ബുധനാഴ്ച രാത്രിയിലായിരുന്നു ദാരുണ സംഭവം അരങ്ങേറിയതെങ്കിലും കഴിഞ്ഞ ദിവസമാണു മരണവിവരം ബന്ധുക്കളെ അറിയിച്ചത്. എട്ടു വര്‍ഷമായി വിദേശത്ത് ജോലി ചെയ്യുന്ന രജീഷ് വിവാഹത്തിനുശേഷം രണ്ടു വര്‍ഷമായി റാസല്‍ഖൈമയില്‍ ഭക്ഷ്യധാന്യപ്പൊടികളുടെ കമ്പനിയുടെ വാഹനത്തിന്റെ ഡ്രൈവറായിരുന്നു. ജനുവരി ഒന്നിനു നാട്ടിലേക്കു വരുമെന്നു രജീഷ് വീട്ടുകാരെ അറിയിച്ചിരുന്നു. ബുധനാഴ്ച വീട്ടിലേക്കു ഫോണില്‍ വിളിച്ച് അച്ഛനോടും ഭാര്യയോടും സംസാരിക്കുകയും ചെയ്തിരുന്നു.
പുലര്‍ച്ചെ മുറിയില്‍ രജീഷിനെ കാണാതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ തിരച്ചിലിലാണു വാഹനത്തിനുള്ളില്‍ മൃതദേഹം കണ്ടത്. സെയില്‍സ് വാഹനത്തിലെ കലക്ഷന്‍ തുക നഷ്ടപ്പെട്ടതായും വിവരമുണ്ട്. കഴിഞ്ഞ ദിവസം കമ്പനിയുടെ മാനേജരായ മലയാളി രജീഷിന്റെ വീട്ടിലേക്കു ഫോണില്‍ വിളിച്ച് 24 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായി റാസല്‍ഖൈമയിലുള്ള രജീഷിന്റെ സഹോദരന്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണു മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തത്. മൃതദേഹം അജ്മാനിലെ മോര്‍ച്ചറിയിലാണ്. ഭാര്യ: സരുണ്യ.
https://www.facebook.com/Malayalivartha