അജ്‌മാനിൽ ഭക്തജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി അയ്യപ്പ മഹോത്സവം

യു എ ഇ യിലും അയ്യപ്പ ഭക്തർ ഒത്തുകൂടുന്നു. ആയിരക്കണക്കിന് ഭക്തരുടെ സാനിധ്യത്തിൽ അജ്‌മാൻ ആധ്യാത്മിക സമിതിയുടെ അയ്യപ്പ മഹോത്സവം ശ്രദ്ധേയമായി.
യു എ ഇ യുടെ വിവിധ എമിറേറ്റുകളിൽ നിന്നായി നിരവധി ആളുകൾ ഉത്സവത്തിൽ പങ്കെടുത്തു. അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്
രാവിലെ കൊടിയേറ്റത്തോടെയാണ് ഉത്സവം ആരംഭിച്ചത് . അപ്പോൾ തന്നെ അയ്യായിരത്തിലേറെ ഭക്തജനങ്ങൾ അയ്യപ്പ മഹോത്സവത്തിൽ പങ്കെടുക്കാനായി എത്തിച്ചേർന്നിരുന്നു.
അനുഷ്ഠാന കലകളായ പടയണി, ചിന്തു പാട്ട് എന്നിവ കാണാനും ആസ്വദിക്കാനും സാധിച്ചത് പ്രവാസികളായ മലയാളികൾക്ക് ഗൃഹാതുര സ്മരണകൾ ഉണർത്തി. ഇരട്ടത്തായമ്പകയും, അഷ്ടപദിയും, സോപാന സംഗീതവുമെല്ലാം ഗൾഫിൽ ജീവിക്കുന്ന പ്രവാസികൾക്ക് ഏറെ ആസ്വാദ്യകരവും സന്തോഷം നല്കുന്നവയുമായി.
അജ്‌മാൻ ഇന്ത്യൻ അസോസിയേഷൻ ഹാൾ നിറഞ്ഞു കവിഞ്ഞ ഭക്തജന സഞ്ചയം ഉച്ചക്ക് ശേഷം നടന്ന നന്ദഗോവിന്ദം ഭജന സംഘത്തിന്റെ സാമ്പ്രദായിക ഭജനക്കൊപ്പം ഏറ്റുപാടിയും, താളം പിടിച്ചും ഉത്സവാഘോഷത്തിൽ അലിഞ്ഞു ചേർന്നു.
അയ്യപ്പമഹോത്സവത്തിന്റെ ഭാഗമായി അന്നദാനവും ഉണ്ടായിരുന്നു. മുൻ ശബരിമല മേൽശാന്തി ബ്രഹ്മശ്രീ ബാലമുരളി നമ്പൂതിരിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. അജ്‌മാൻ ആധ്യാത്മിക സമിതിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും അയ്യപ്പ മഹോത്സവം ഒരുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha