ഇന്ത്യൻ കോഴികൾക്ക് പക്ഷിപ്പനി; കുവൈത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന കോഴിയുൾപ്പെടെ മുഴുവൻ പക്ഷികൾക്കും നിരോധനമേർപ്പെടുത്തി ഭരണകൂടം

ഇന്ത്യയിൽ നിന്നും കുവൈറ്റിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന കോഴിയുൾപ്പെടെ മുഴുവൻ പക്ഷികൾക്കും പക്ഷിയുൽപന്നങ്ങൾക്കും വിലക്കേർപ്പെടുത്തി കുവൈത്ത്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്നാണ് ഇവയ്ക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
കുവൈത്ത് ഭക്ഷ്യസുരക്ഷ വിഭാഗമാണ് ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്.ഇന്ത്യ പക്ഷിപ്പനി മുക്തമാവുന്ന മുറക്ക് വിലക്ക് നീക്കി ഇറക്കുമതി സാധാരണ നിലയിലാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അതിനിടെ ഇറ്റലി, മെക്സികോ എന്നിവിടങ്ങളിൽനിന്ന് ആടുമാടുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഇറക്കുമതി വിലക്ക് വാണിജ്യ-വ്യവസായ മന്ത്രാലയം പിൻവലിച്ചു. കുളമ്പ് രോഗം കണ്ടെത്തിയതിനെ തുടർന്നാണ് ഈ രാജ്യങ്ങളിൽനിന്ന് ആടുമാടുകളുടെ ഇറക്കുമതിക്ക് മന്ത്രാലയം വിലക്കേർപ്പെടുത്തിയിരുന്നത്.
അതേസമയം പകർച്ച രോഗം കണ്ടെത്തിയതിനെ തുടർന്ന് അൽറായ് പക്ഷിമാർക്കറ്റിലെ മുഴുവൻ പക്ഷികളെയും ഉദ്യോഗസ്ഥർ കൊന്നൊടുക്കി. കുവൈത്ത് മുനിസിപ്പാലിറ്റി, പരിസ്ഥിതി, പൊലീസ്, കാർഷിക അതോറിറ്റി എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പക്ഷികളെ കൊന്നൊടുക്കിയത്. ആമാശയ സംബന്ധമായ രോഗം കാരണം അൽറായ് മാർക്കറ്റിൽ പക്ഷികൾ ചാവുന്നത് പതിവായിരുന്നു. ഇതേതുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവയെ കൊന്നൊടുക്കാൻ സംയുക്ത തീരുമാനമുണ്ടായത്.
https://www.facebook.com/Malayalivartha